ജോണ്‍സണ്‍ ചെറിയാന്‍.
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയ്ക്ക് സമീപത്തുള്ള മരത്തില്‍ തങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.
പാണത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ബാപ്പുകയത്തെ ഇബ്രാഹിമിന്റെ രണ്ടു കുട്ടികളില്‍ മൂത്തവളായ സനയെ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കാണാതായത്. വീടിനു തൊട്ടടുത്തായുള്ള അങ്കണവാടിയില്‍ നിന്നു കുട്ടിയെ ഉമ്മ ഹഫീന കൂട്ടിക്കൊണ്ട് വന്നതായിരുന്നു. പിന്നീട് കളിക്കാനിറങ്ങിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വീടിന് സമീപത്തെ സിമന്റ് പൈപ്പിന്റെ ഓവുചാലിന്റെ ഓരത്തായി കുട്ടിയുടെ ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.
ഓവുചാലില്‍ കുടുങ്ങിയോ എന്നറിയാനായി പൈപ്പ് പൊട്ടിച്ച് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ചയോടെ ഫയര്‍ഫോഴ്സ് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും നാട്ടുകാര്‍ തിരിച്ചില്‍ തുടരുകയായിരുന്നു.
വീടിന് മുന്നിലെ നീര്‍ച്ചാലില്‍ വീണുപോയ കുട്ടി ഒഴുകി പുഴയില്‍ മുങ്ങിപ്പോയതകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.