ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: നരേന്ദ്രമോദിയില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് കൊല്ലം കിഴക്കേ കല്ലട സ്വദേശിനിയായ ബിഞ്ചുമോള്‍. തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന എംബിബിഎസ് പഠനത്തിനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ബിഞ്ചുമോള്‍ പ്രധാനമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പ്ലസ്ടു പൂര്‍ത്തിയാക്കിയ ബിഞ്ചുമോള്‍ക്ക് പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ നേരത്തെ എംബിബിഎസിന് പ്രവേശനം ലഭിച്ചിരുന്നു. തുച്ഛമായ വരുമാനം മാത്രമുള്ള ബിഞ്ചുമോളുടെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് എംബിബിഎസ് അഡ്മിഷന്‍ സമയത്ത് 25,000 രൂപ ഫീസടച്ചത്.
മകളുടെ എംബിബിഎസ് പഠനത്തിനാവശ്യമായ കൂടുതല്‍ തുക കണ്ടെത്താനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് അഡ്മിഷന്‍ റദ്ദായേക്കുമെന്ന വിവരം ലഭിച്ചത്. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ലെന്ന് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അറിയിച്ചതോടെയാണ് പഠനം പ്രതിസന്ധിയിലായത്.
മകളുടെ എംബിബിഎസ് പഠനം മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിഞ്ചുമോളുടെ മാതാപിതാക്കള്‍. ഇതിനിടെയാണ് തന്റെ സങ്കടത്തിന് പരിഹാരം തേടി ബിഞ്ചുമോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുന്നത്. എംബിബിഎസ് പ്രവേശനം റദ്ദാക്കാതാരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. എല്ലാവര്‍ക്കും സഹായം നല്‍കുന്ന നരേന്ദ്രമോദി തന്റെ കത്തിനും അനുകൂലമായ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ബിഞ്ചുമോളും കുടുംബവും.