ജയ് പിള്ള.
ഇന്ത്യയിലെ സാക്ഷര സംസ്ഥാനമായ കേരളം,രാഷ്ട്രീയ പ്രബുദ്ധത നേടിയ കേരളം,വർഗ്ഗീയ,രാഷ്ട്രീയ കലാപങ്ങൾക്ക് അടിയറ വെക്കാത്ത സംസ്ഥാനം,സാമൂഹിക,സാംസ്കാരിക മേഖലയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം.ഇതൊക്കെ കേരളത്തിന്റെ മാത്രം സ്വന്തമായ സമ്പത്താണ്.അത് സ്വാതന്ത്ര ലബ്ദിയ്ക്കു മുൻപും,പിൻപും ഒക്കെ അങ്ങിനെ തന്നെ ആണ് താനും.ജാതി മത വ്യത്യാസവും,സാമ്പന്നർക്കും ,സാധാരണക്കാരനും,പാവപ്പെട്ടവർക്കും എല്ലാ ഒരേ നീതി മറ്റു സംസ്ഥാനങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന സംസ്ഥാനം ആണ് കേരളം.
കേരളത്തിൽ ഇതിനു മുൻപും,രാഷ്ട്രീയ കൊലപാതകങ്ങൾ,സംഘട്ടനങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട്.വെടിക്കെട്ട് അപകടങ്ങളും ഉണ്ടായിട്ടുണ്ട്.അന്നൊന്നും കേന്ദ്ര മന്ത്രിയും,പ്രധാന മന്ത്രിയും ഒന്നും മരണമടഞ്ഞവരുടെ വീട് സന്ദർശിച്ചു കണ്ടിട്ടില്ല.ഇനി അന്ന് ഭരണം വേറെ ആയിരുന്നത് കൊണ്ട് ആണെങ്കിൽ തന്നെ കേന്ദ്രം ഇന്ന് ഭരിക്കുന്ന ബിജെ പി ക്കാർ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതെ പാർട്ടിയിൽ പെട്ട ആരും വടക്കേ ഇന്ത്യയിൽ നിന്നും അനുശോചനം പോലും നടത്തി കണ്ടിട്ടില്ല.പിന്നെ എന്താണ് ഇപ്പോൾ വടക്കേ ഇന്ത്യൻ മാധ്യമങ്ങൾക്കു വരെ ചവച്ചു തുപ്പാൻ പാകത്തിന് കേരളത്തെ അധിക്ഷേപിക്കാൻ ഈ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്ര ആവേശം.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ,ദളിത് പീഡനം,വർഗ്ഗീയ സംഘര്ഷങ്ങൾ,മാംസം ഭക്ഷിക്കുന്നവർക്കു നേരെ വരെ ആക്രമണം നടക്കുന്ന നൂറ്റാണ്ടിൽ ആണ് നാം ഇന്നും ജീവിക്കുന്നത്. അവയെല്ലാം മറന്നു കൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേരെ വിരൽ ചൂണ്ടി സംസാരിക്കുന്നതു.
പുരകത്തുമ്പോൾ വാഴവെട്ടുന്ന ഈ നടപടിയിലൂടെ ഒന്നും കേരളത്തിൽ വർഗീയ പാർട്ടികൾ അധികാരത്തിൽ എത്തിപ്പെടും എന്ന് കരുതുന്നു എങ്കിൽ അത് വെയിലത്ത് വച്ച മഞ്ഞുകട്ട പോലെ ആണ്.
എന്ത് കൊണ്ട് കേരളത്തിലെ ക്രമസമാധാന തകർച്ച ഇത്രമാത്രം ചർച്ച ചെയ്യപ്പെടുന്നു?
ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം ആധുനികതയുടെ കാലത്തു ജീവിക്കുന്ന വിദ്യാസമ്പന്നർ ആയ മലയാളികൾക്ക് സ്വയം മനസ്സിലാക്കാവുന്നതേ ഉള്ളൂ.ലോകത്തിൽ എവിടെ മലയാളികൾ ഉണ്ട് എങ്കിലും,കേരളത്തിലെ ദൈനദിന കാര്യങ്ങളും ആയി അവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നവർ ആണ്.അത് ഫോൺ വഴിയോ,ഫേസ്‌ബുക്ക് വഴിയോ,വാട്സപ്പ് വഴിയോ,ചാനൽ,ഓൺലൈൻ മാധ്യമങ്ങൾ വഴിയോ ഒക്കെ തന്നെ ആയിരിയ്ക്കും.
അതിനു അവർക്കു രാജ്യമോ ദേശമോ ഒന്നും പ്രശ്നം അല്ല.അവർക്കു പ്രതികരണ ശേഷിയും ഇതര സംസ്ഥാന ങ്ങളിലെ ജനങ്ങളെ ക്കാൾ കൂടുതൽ ആണ് താനും.പണ്ടും കേരളത്തിൽ വാണിഭവും,അക്രമവും,കൊലപാതകവും,ഹർത്താലും,ബന്ദും ഒക്കെ ഉണ്ടായിരുന്നു.പക്ഷെ പത്ര വാർത്തകളുടെ കവറേജുകൾ ചുരുക്കം ചില സ്ഥലങ്ങളിലും,ആളുകളിലും മാത്രമേ എത്തിയിരുന്നുള്ളു.ഇന്ന് ആ സ്ഥിതി മാറി.ഡൽഹി ദൂരദർശനിലെ 10 മിനിറ്റിൽ വന്നിരുന്ന വാർത്തകൾക്ക് പകരം കേരളത്തിലെ ചെറിയ ഗ്രാമങ്ങളിലെ വാർത്താ പ്രക്ഷേപണം മുതൽ വൻകിട ചാനലുകൾ വരെ വാർത്തകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി 10 മിനിട്ടു മുതൽ ൨൪ മണിക്കൂർ വരെ വാർത്തകൾ മാത്രം ഉള്ള ചാനലുകൾ,കുടുംബ സീരിയലുകക്കു താഴെ മിന്നി മറയുന്ന ബ്രെക്കിങ് വാർത്തകൾ നാട്ടിലെ മുത്തശ്ശനും മുത്തശ്ശിയും വരെ കാണുവാനും,പ്രതികരിക്കുവാനും തുടങ്ങിയിരിക്കുന്നു.ജാതി,മത വർഗ്ഗ,രാഷ്ട്രീയ ഉന്നതന്മാരെ ഭയമില്ലാതെ പ്രതികരിക്കുവാൻ കഴിവുള്ള യുവ തലമുറ കേരളത്തിന്റെ സ്വന്തം മാത്രം ആണ്.ഉൽ ഗ്രാമങ്ങളിലെ കൊലയും,പിടിച്ചു പറിയും,വാണിഭവും വരെ ലോകത്തിന്റെ എല്ലാ കോണുകളിലും ചർച്ച ചെയ്യപ്പെടുന്നു.
പത്തോ,ഇരുപതോ വര്ഷങ്ങള്ക്കു മുൻപ് ഉള്ള സ്ഥിതിയല്ല ഇന്ന്.അത് കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധത ആണ് തെളിയിക്കുന്നത്,അവകാശങ്ങളോട് മല്ലിടാനുള്ള കഴിവിനെ,പ്രതികരണ ശേഷിയെ,ക്രമസമാധാന തകർച്ച എന്ന് പെരുകുതി,വടക്കേ ഇന്ത്യൻ മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുമ്പോൾ,അവർ സ്വയം വിലയിരുത്തുക നിങ്ങളിൽ എത്രപേർ അഴിമതിയ്ക്കും,ആക്രമണങ്ങൾക്കും,എതിരെ വ്യക്തമായി പ്രതികരിച്ചിരുക്കുന്നു. ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലെ 30 -ൽ അധികം പ്രധാന ചാനലുകളും,1600 അധികം പത്ര മാസികകളും,നാടും നഗരവും കൈയടക്കിയ റേഡിയോ സംപേക്ഷണങ്ങളും,പഞ്ചായത്തുകളിൽ ഉള്ള ലോക്കൽ ചാനലുകളും പ്രവർത്തിയ്ക്കുന്നത് വർഗ്ഗീയ,വ്യവസായ,രാഷ്ട്രീയ ലോബികളുടെ കോണകം കഴുകി അല്ല എന്ന് വടക്കേ ഇന്ത്യൻ രാഷ്ട്രീയവും,ഭരണ യന്ത്രങ്ങളും മനസ്സിലാക്കുന്നത് നന്നായിരിയ്ക്കും.അനുദിനം ഉള്ള സംഭവങ്ങളോട് ശക്തമായി പ്രതികരിയ്ക്കുന്ന ഒരു ജന സമൂഹം ആണ് മലയാളികൾ എന്നും,കഴിവിന്റെ പരമാവധി കേസുകൾ രജിസ്റ്റർ ചെയ്തു തീരുമാനം കല്പിയ്ക്കുന്ന പോലീസും,വ്യക്തമായ വിധികൾ നടപ്പിലാക്കുന്ന കോടതിയും ആണ് കേരളത്തിൽ ഇന്ന് നിലവിൽ ഉള്ളത്.ചില വീഴ്ചകൾ ഉണ്ടായേക്കാം പക്ഷെ ഇഷ്ട ഭക്ഷണത്തിന്റെ പേരിലോ,ദൈവത്തിന്റെ പേരിലോ,ഇവിടെ കൊലകൾ നടത്തി ജനാധിപത്യം നടപ്പിലാക്കാം എന്ന് ഒരു രാഷ്ട്രീയ പാർട്ടിയും കരുതേണ്ടതില്ല എന്ന് മാത്രം ആല്ല,കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾ ക്രമസമാധാന തകർച്ച ഉണ്ടെങ്കിൽ അത് പരിഹരിയ്ക്കുവാൻ ഉതകുന്ന തരത്തിൽ പാകത വന്നവരും ആണെന്ന് മലയാളികൾക്ക് നന്നായി അറിയാവുന്നതും ആണ്.മലയാളിയുടെ രാഷ്ട്രീയ ചിന്തകൾ ജാതിയ്ക്കും,മതത്തിനും അതീതമാണെന്നുള്ളത് കൊണ്ടാണ് ക്ഷേത പ്രവേശന വിളമ്പരം,തലക്കരവും,മുലക്കരവും,കർഷക സമരവും, ., മുതൽ ഉള്ള ശബ്ദങ്ങൾ കേരളത്തിൽ നിന്ന് മാത്രം ഉയരുവാൻ കാരണം.
പ്രതികരണ ശേഷിയുള്ള ജനങ്ങളും,നിഷ്പക്ഷ വാർത്താ മാധ്യമങ്ങളും,കൈമുതലായുള്ള കേരളത്തിലെ സംഭവങ്ങൾ ലോകം അറിയുമ്പോൾ അതിനെ ക്രമസമാധാന തകർച്ച എന്ന് വിലയിരുത്താതെ,സ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികരണ ശേഷിയും ആർജ്ജവം ഉള്ള സമൂഹം ആയി വളർത്തുകയും ,മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള രീതിയിൽ അനുമതി നൽകുകയും ആണ് വേണ്ടത്.