ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: മുഖത്ത് സ്പ്രേ അടിച്ചു ഇതര സംസ്ഥാന തൊഴിലാളിയുടെ 33,000രൂപയും പഴ്സും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കു 12നു കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിനു പുറകിലുള്ള സ്റ്റേറ്റ് ബാങ്ക് എടിഎമ്മിനു മുന്നിലാണു സംഭവം.
കാഞ്ഞിരം ഷാപ്പിലെ ക്ലിനിംഗ് തൊഴിലാളിയായ ആസാം സ്വദേശി രോഹിത് വീട്ടിലേക്കു പണം അയയ്ക്കുന്നതിനായി എടിഎമ്മിലെ സിഡിഎംഎ മെഷീനള്ള കൗണ്ടറിനു മുന്നിലെത്തിയശേഷം കാത്തു നിന്നു. ഈ സമയം ഇതുവഴിയെത്തിയ ആള്‍ ഇതര സംസ്ഥാനക്കരനോടു രണ്ടായിരം രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു.
ചില്ലറ എടുക്കുന്ന സമയത്ത് മുഖത്തേക്കു എന്തോ സ്പ്രേ അടിച്ചുവെന്നും ഇതോടെ തന്റെ ബോധം നഷ്ടപ്പെട്ടുവെന്നുമാണു ഇതര സംസ്ഥാന തൊഴിലാളി നല്കിയ പരാതിയില്‍ പറയുന്നത്. പീന്നിട് വൈകുന്നേരം നാലിനാണു ബോധം തെളിഞ്ഞത്. പീന്നിടാണു മനസിലാകുന്നതു കൈയിലുണ്ടായിരുന്ന മൂപ്പതിമൂവായിരും രൂപയും പഴ്സും ആഢംബര മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവര്‍ നഷ്ടപ്പെട്ട വിവരമറിയുന്നത്.
രോഹിതിന്റെ കൈയിലുണ്ടായിരുന്ന 18000 രൂപയും ഇയാളുടെ സഹോദരന്‍ വീട്ടിലേക്കു അയയ്ക്കുന്നതിനു നല്കിയ 15,000 രൂപയുമായിട്ടാണു എടിഎമ്മിനു മുന്നിലെത്തിയത്. നഷ്ടപ്പെട്ട നോട്ടിനു സമാനമായ രീതിയില്‍ പേപ്പര്‍ കഷ്ണങ്ങളാക്കി ഇയാളുടെ പോക്കറ്റില്‍ നിക്ഷേപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഷാപ്പിലെ മറ്റു ജീവനക്കാരുടെ സഹായത്തോടെ ഇയാള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി.