ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: അന്ധേരിയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ മരണത്തിന് ബ്ലൂ വെയില്‍ ചലഞ്ചുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈലില്‍ നിന്നോ മാതാപിതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നോ ഗെയിമുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാൽ കുട്ടിയുടെ സുഹൃത്തുക്കള്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ സംഭവത്തിന് ബ്ലൂ വെയില്‍ ചലഞ്ചുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭ്യമല്ലാത്ത ബ്ലുവെയിൽ ചലഞ്ച് 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഗെയിമാണ്. ഗെയിമിന്റെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും.
തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കി ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യണം. ഗെയിമിന്റെ അവസാന ദിവസം യുവാക്കളോട് ആത്മഹത്യ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും അത് അനുസരിക്കുന്ന അവസ്ഥയില്‍ അവര്‍ എത്തുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ബ്ലൂ വെയില്‍ ചലഞ്ച് മൂലം റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ 100 ല്‍ അധികം കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപകട മരണത്തിന് പൊലീസ് കേസെടുത്തു.