ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പണം മോഷ്ടിച്ച് ഓടിപ്പോകുന്നതിനിടെ 20 കാരനെ മൂന്നംഗസംഘം തല്ലിക്കൊന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. വടക്കന്‍ ഡെല്‍ഹിയിലെ തിരക്കേറിയ ആദര്‍ശ് നഗര്‍ റെയില്‍വെ സ്‌റ്റേഷനിലായിരുന്നു സംഭവം. ഡെല്‍ഹി സ്വദേശിയായ രാഹുലാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസമയത്ത് സ്ഥലത്ത് ഏകദേശം 50 ഓളം യാത്രക്കാരും കച്ചവടക്കാരും ഉണ്ടായിരുന്നെങ്കിലും ഒരാള്‍ പോലും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രവി, ലളിത്, രാജേന്ദര്‍ എന്നിവരാണ് പിടിയിലായത്.
ഡല്‍ഹിയിലെ ഒരു പച്ചക്കറി കടയില്‍ ലോഡിംഗ് തൊഴിലാളിയായിരുന്നു രാഹുല്‍. തുച്ഛമായ വേതനം ലഭിച്ചിരുന്ന രാഹുല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടിലെ നിത്യ ചെലവിന് പണമില്ലാത്തതിനെ തുടര്‍ന്ന് രാഹുല്‍ സുഹൃത്തായ ലോറി ഡ്രൈവറോട് പണം കടം ചോദിച്ചെങ്കിലും പണം നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ലോറി ഡ്രൈവറുടെ കൈയില്‍ നിന്നും പണം തട്ടിപ്പറിച്ചു കൊണ്ട് ഓടുകയായിരുന്നു.
20,000 രൂപയാണ് രാഹുല്‍ തട്ടിയെടുത്തതെന്നാണ് ഡ്രൈവര്‍ പറയുന്നത്. രാഹുലിനെ പിന്തുടര്‍ന്നെത്തിയ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് രാഹുലിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. രാഹുലിന്റെ തലയിലും നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലുമെല്ലാം ഇവര്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ രാഹുല്‍ കൊല്ലപ്പെട്ടു.
അതേസമയം രാഹുലിന്റെ പോക്കറ്റില്‍ നിന്നും പണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.