ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഏറി, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ശ്രീനാഥിന്റെ ഫോണും പഴ്‌സുമെല്ലാം എവിടെയാണെന്നതിനെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുമില്ല.
ഏഴുവര്‍ഷം മുമ്പാണ് നടന്‍ ശ്രീനാഥ് ശിക്കാരി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഔദ്യോഗിക രേഖകളിലുള്ളത്. മൃതദേഹം കണ്ടപ്പോള്‍ വിലപിടിപ്പുള്ളതൊന്നും കൈവശമുണ്ടായിരുന്നില്ല എന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് മാത്രമാണു കിട്ടിയതെന്ന് പ്രോപ്പര്‍ട്ടി ലിസ്റ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാഥ് ഹോട്ടലില്‍ ആരുമായാണു പ്രശ്‌നങ്ങളുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്‌നം, അതാണോ സിനിമയില്‍ നിന്നു നീക്കാനുള്ള കാരണം, ശ്രീനാഥിന്റെ ഫോണും പഴ്‌സുമെല്ലാം എവിടെപ്പോയി തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകനായ വിനോദ് കുമാറിന്റെ മൊഴി ഇതിനോടു ചേര്‍ത്തുവായിക്കണം. 2010 മേയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങ്ങില്‍ പങ്കെടുത്തു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ല. ശ്രീനാഥ് ഹോട്ടലില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടാക്കിയതായി പറഞ്ഞുകേട്ടിരുന്നു. പിന്നീട് ശ്രീനാഥിനെ ഷൂട്ടിങ്ങില്‍ പങ്കെടുപ്പിക്കാത്തതിനാലും സിനിമയില്‍ നിന്നു നീക്കം ചെയ്യാനിടയുണ്ടായേക്കാമെന്ന അറിവിലും ഉണ്ടായ മാനസികവിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാം എന്നാണു വിനോദ്കുമാറിന്റെ മൊഴി.