ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പോലീസ് ചോദ്യം ചെയ്തതിന് വിശദീകരണവുമായി നടിയും ഗായികയുമായ റിമി ടോമി രംഗത്ത്. അന്വേഷണ സംഘം തന്നോട് വിവിധ കാര്യങ്ങള്‍ ചോദിച്ചു. ഇതിനെല്ലാം കൃത്യമായ മറുപടിയും നല്‍കി. പ്രധാനമായും ചോദിച്ചത് യു എസിലെ ഷോയെ കുറിച്ചാണ്.
2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും പങ്കെടുത്തിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നതിനെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങളാണു പ്രധാനമായും ചോദിച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ പറയുന്നതുപോലെ തനിക്ക് ദിലീപുമായോ കാവ്യയുമായോ ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ലെന്നു മാത്രമല്ല ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി അറിയിച്ചു.
സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് എന്നേ കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് തന്റെ വീട്ടിലും സ്ഥാപനത്തിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം വരികയോ മറ്റോ ചെയ്തിട്ടില്ല. ചോദ്യം ചെയ്യല്‍ വാര്‍ത്ത പുറത്തുവന്നയുടനെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജു പൗലോസിനെ വിളിച്ചിരുന്നു. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരാഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസവുമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി. സംഭവത്തിന് ശേഷം ദിലീപിനെ വിളിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്തതെന്നും റിമി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് താന്‍ അറിയുന്നത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജും അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പിന്നീട് വിഷയത്തില്‍ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി കൂട്ടിച്ചേര്‍ത്തു.