ജോണ്‍സണ്‍ ചെറിയാന്‍.
ഗുജറാത്ത്: ഗുജറാത്ത് ബനസ്‌കന്ദ ജില്ലയിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളം ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂഴ്ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. ബി. പാര്‍മര്‍ വ്യക്തമാക്കി. ഇതോടെ, മരിച്ചവരുടെ എണ്ണം 111 ആയി ഉയര്‍ന്നു. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് 36,000 പേരെക്കൂടി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
മൂന്നുദിവസമായി കനത്ത മഴ തുടരുന്ന വടക്കന്‍ ഗുജറാത്തില്‍ ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.