ടൊറന്റോ: ഉദ്വേഗജനകമായ ഒരു യാത്രയ്‌ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പിന്റെയും നിറങ്ങളുടെയും കാഴ്ചകളുടെയും നാടായ കാനഡയുടെ പ്രകൃതിമനോഹാരിതയിലേക്കുള്ള സഞ്ചാരത്തിനും വഴിയൊരുക്കുന്ന ഹൃസ്വചിത്രമായ “എ സ്‌പെഷല്‍ ഡേ’ ഏഷ്യനെറ്റ് പ്‌ളസ് സംപ്രേഷണം ചെയ്യുന്നു. ജൂലൈ 29 ശനിയാഴ്ച ടൊറന്റോ, ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് (ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന്) ആദ്യസംപ്രേഷണം. ഒരു പറ്റം കനേഡിയന്‍ മലയാളി കുട്ടികള്‍ അഭിനയിക്കുന്ന “എ സ്‌പെഷല്‍ ഡേ’ സാഹസികതയും വെല്ലുവിളികളും കൌതുകങ്ങളുമെല്ലാം നിറഞ്ഞ കൗമാരജീവിതത്തിന്റെ കഥകൂടിയാണ്.
പ്രധാന കഥാപാത്രമായ സാം കാത്തിരിക്കുന്ന മറുപടി കളിക്കൂട്ടുകാരിയായ എല നല്‍കുമോ? അവള്‍ കൈമാറിയ ഭൂപടത്തിലെ കാടും മലയും പുഴയുമെല്ലാം കടന്ന് മാറാലപിടിച്ചുകിടക്കുന്ന ബംഗ്‌ളാവില്‍ എത്തുന്‌പോള്‍ കാത്തിരിക്കുന്നത് എന്ത്? ലക്ഷ്യത്തില്‍ വേഗത്തിലെത്താനുള്ള ആ സൈക്കിള്‍ യാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പൂച്ചയെ അവന്‍ ഭയപ്പെടുന്നതെന്തിന്? ഇത്തരം ആകാംക്ഷകളിലൂടെ കൂട്ടിക്കൊണ്ടുപോകുന്നതാണ് “എ സ്‌പെഷല്‍ ഡേ’. ഐ മലയാളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ വടക്കന്‍ അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി അഭിനേതാവായ ബിജു തയില്‍ച്ചിറയാണ്.
വിദേശരാജ്യങ്ങളിലെ പതിവുദൃശ്യങ്ങളായ പടുകൂറ്റന്‍ കെട്ടിടങ്ങളില്‍നിന്നും ചീറിപ്പായുന്ന കാറുകളില്‍നിന്നുമെല്ലാം അകന്ന്, ഫാമുകളിലും പാര്‍ക്കുകളിലുമുള്‍പ്പെടെ, പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ നടത്തിയ ചിത്രീകരണമാണ് ഈ ദൃശ്യവിരുന്നിന് ഗ്രാമീണച്ചന്തമേകുന്നത്. കാനഡയില്‍ ഒട്ടേറെ ഷോര്‍ട് ഫിലിം പ്രോജ്കടുകളുടെ ഭാഗമായിരുന്ന ജോര്‍ജ് ലമാഗയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍, മേമ്പൊടിയായി പുലിമുരുകന്റെയും ബാഹുബലിയുടെയും കബാലിയുടെയുമൊക്കെ മിശ്രിതവുമുണ്ട്.
നിഥിന്‍ ബിജു ജോസഫും എല ജോസഫുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിത മാത്യു, പ്രിറ്റി അജിത്, ടീന മാത്യൂസ്, ഐറീന്‍ മേരി മാത്യു, ഫെബിന്‍ ബിജു ജോസഫ്, നിഖില്‍ ജോര്‍ജ്, ജെഫ് ആന്റണി മനില, അലീന സണ്ണി കുന്നപ്പിള്ളി, എയ്ബല്‍ ബോബി, ബെഞ്ചമിന്‍ ബാബു, ബെവിന്‍ ബാബു, ബല്‍ബീര്‍ കാങ് തുടങ്ങിയവരാണ് കുട്ടിപ്പടയിലെ മറ്റ് താരങ്ങള്‍.
പ്രമുഖ സംവിധായകന്‍ ലാല്‍ ജോസാണ് പൂജ നിര്‍വഹിച്ചത്. സന്തോഷ് പുളിക്കലാണ് കോഡയറക്ടര്‍. എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്. അജിത് സുകുമാരനാണ് സംഗീതസംവിധായകന്‍. മാത്യു ജോര്‍ജ് (തിരക്കഥ), ഗിരീഷ് ബാബു (അസോഷ്യേറ്റ് ഡയറക്ടര്‍), ഫെബിന്‍ ജോസഫ്, സുദീപ്ത മണ്ഡല്‍ (അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍), തോമസ് വര്‍ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍), സജി ജോര്‍ജ്, സിദ്ധാര്‍ഥ് നായര്‍ (ക്യാമറ), അനന്തന്‍ മരിയന്‍പിള്ള (മേക്കപ്പ്), സലിന്‍ ജോസഫ്, സണ്ണി കുന്നപ്പള്ളി (കലാസംവിധാനം), ഷാജന്‍ ഏലിയാസ് (ഡിസൈന്‍) എന്നിവരും സാങ്കേതികപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു. കൊച്ചിയിലെ ലാല്‍ മീഡിയയിലായിരുന്നു എഡിറ്റിങ്ങും ശബ്ദമിശ്രണവും. രാജു ജോസഫ് യുഎസ്എ (അഡ്വൈസര്‍), സാം കരിക്കൊന്പില്‍, റോയ് ദേവസ്യ, ലിന്‍ഡ ജോസഫ്, വിന്‍ജോ മീഡിയ, സി. ജി. പ്രദീപ് തുടങ്ങിയവരും സംരംഭവുമായി സഹകരിക്കുന്നു. തിരുവനന്തപുരം അമ്മു സ്റ്റുഡിയോയാണ് ഡിസ്ട്രിബ്യൂട്ടര്‍.
ഹിറ്റ് മേക്കര്‍ കെ. മധു സംവിധാനം ചെയ്ത ഹൃസ്വചിത്രമായ “ഓള്‍വേസ് വിത് യു’വിനുശേഷമുള്ള “ഐ മലയാളി’യുടെ സംരംഭമെന്ന പ്രത്യേകതയുമുണ്ട് ഇതിനെന്ന് സംവിധായകന്‍ ബിജു തയ്യില്‍ച്ചിറ പറഞ്ഞു. ഒന്‍പതാമതു സംരംഭമായ എ സ്‌പെഷല്‍ ഡേയുടെ ഇംഗ്‌ളിഷ് പതിപ്പും പൂര്‍ത്തിയായി. ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹൃസ്വചിത്രമാണ് അടുത്തത്. മുടിയനായ പുത്രന്‍, ക്‌ളോസ് ടു ഹാര്‍ട്, ടേക്ക് ഇറ്റ് ഈസി, സ്പര്‍ശം, ബേബി സിറ്റര്‍, ലൈക്ക് ആന്‍ ഏഞ്ചല്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു പ്രോജക്ടുകള്‍.