ജോണ്‍സണ്‍ ചെറിയാന്‍.
മലയിന്‍കീഴ്: പിതാവു മറിച്ചിട്ട കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പെട്ട് മൂന്നാംക്ലാസുകാരന്‍ ദാരുണമായി മരിച്ചു. വിളവൂര്‍ക്കല്‍ നാലാംകല്ല് പ്ലാങ്കോട്ടുമുകള്‍ മേലെപുത്തന്‍ വീട്ടില്‍ കൃഷ്ണകുമാര്‍- സിന്ധു ദമ്പതികളുടെ ഇളയ മകന്‍ കിരണ്‍കുമാര്‍ (എട്ട്) ആണു മരിച്ചത്. വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ പിതാവു മറിച്ചിട്ട കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പെട്ടാണ് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടര മണിയോടെയായിരുന്നു അപകടം. അടുക്കള പുതുക്കി പണിയുന്നതിനായി വീടിനു പുറത്ത് അരകല്ലു വച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് കൃഷ്ണകുമാര്‍ ഇളക്കുകയായിരുന്നു.
കെട്ടിട നിര്‍മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ തനിച്ചാണു ജോലി ചെയ്തിരുന്നത്. നാലടി ഉയരത്തില്‍ ഇരുന്ന സ്ലാബ് തടികള്‍ ഉപയോഗിച്ചു പതുക്കെ താങ്ങി ഇറക്കുന്നതിനിടെ സമീപത്തു നിന്ന മകന്‍റെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ സ്ലാബിനടിയില്‍ കുടുങ്ങിയ കിരണ്‍ ജീവനുവേണ്ടി പിടഞ്ഞ് നിലവിളിച്ചു. മകന്‍ കണ്‍മുന്നില്‍ പിടയുന്നതുകണ്ട് കൃഷ്ണകുമാറും, സിന്ധുവും സഹോദരന്‍ അഭിലാഷും(ഒന്‍പത്) ചേര്‍ന്ന് കിരണിനെ പുറത്തെടുത്തു. എന്നാല്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രധാന റോഡില്‍നിന്ന് അല്‍പം മാറി ഉയരത്തിലാണു കൃഷ്ണകുമാറിന്‍റെ വീട്. അതുകൊണ്ടുതന്നെ രക്തം വാര്‍ന്ന് ജീവനുവേണ്ടി പിടയുന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാനും പ്രയാസമായിരുന്നു. ഒരു വാഹനം കിട്ടാനായി മകന്‍റെ ശരീരവുമായി കൃഷ്ണകുമാര്‍ ഇടുങ്ങിയ വഴിയിലൂടെ ഓടി. ഒടുവില്‍ കിട്ടിയ വാഹനത്തില്‍ കയറി മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും ജീവന്‍ നിലച്ചിരുന്നു.
മലയിന്‍കീഴ് എല്‍ പി ബോയ്സ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് കിരണ്‍. സഹോദരന്‍ അഭിലാഷ് ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.