വിത്സൺ കരിമ്പന്നൂർ.
ദിലീപിന്റെ അറസ്റ്റു വിഷയത്തിൽ ജനങ്ങൾ കാണിക്കുന്ന അമിത താല്പര്യം ഒരു സെലിബ്രേറ്റി പിടിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വഭാവിക പ്രതിഭാസം ആയിട്ടേ എനിക്ക് തോന്നിയുള്ളൂ. അതിൽ ഒരു സ്ത്രീയെ ഹീനമായി അക്രമിക്കപ്പെടുത്തിയതിനോടുള്ള പ്രതിക്ഷേധം കൂടി ഉണ്ടെന്നു കാണാം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാദി പ്രതിയാക്കുന്ന രീതിയിൽ ഒരു മാറ്റം വിഷയത്തിൽ ഉണ്ടായതു കണ്ടപ്പോൾ അതിശയം തോന്നി. അതിനാൽ ആണ് ഈ കുറിപ്പ് എഴുതുന്നത്.
സോഷ്യൽ മീഡിയയിൽ ദിലീപിനെ ന്യായീകരിച്ചു അനേകകുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നു. ഒപ്പം ദിലീപിന്റെ സഹോദരൻ, ഒരു മാതിരി വെല്ലുവിളി സ്വഭാവത്തിൽ പ്രതികരിക്കുന്നു. സിനിമയെ വെല്ലുന്ന തിരക്കഥ ഇതിന്റെ പിന്നിൽ ഉണ്ടെന്നു അദ്ദേഹം ഉച്ചത്തിൽ പറയുന്നു. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോൾ ഞങ്ങൾ തുടങ്ങും എന്നും അനൂപ് താക്കീതു നൽകുന്നു. കൂടാതെ ദിലീപിന്റെ വക്കീൽ അഡ്വ. രാംകുമാർ ദിലീപിനെതിരായി പോലീസ് ഹാജരാക്കിയ തെളിവുകള് കെട്ടിച്ചമച്ചതാണ് എന്ന് പരസ്സ്യമായി വിളിച്ചു പറയുന്നതും ടി വി ചാനലിൽ കൂടി കണ്ടു.
ഇതൊക്കെ കണ്ടാൽ തോന്നും കേരള പോലീസിന് ദിലീപിനോട് എന്തോ മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്ന്.അവർ ഒരു തക്കം നോക്കി കാത്തിരിക്കുകയായിരുന്നു. ഫെബ്ര്വ്വരി 17 -നു രാത്രിയിലാണ് നടി മൃഗീയമായി ആക്രമിക്കപ്പെടുന്നത് . ജൂലൈ 10 -നു ആണ് കേരളാപോലീസ് ദിലീപിനെ അറസ്റ്റു ചെയ്യുന്നത്. പോലീസിന് ഏതെങ്കിലും മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെങ്കിൽ അവർ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നുവല്ലോ. പിന്നെ സഹനടന്മാരുടെ ആരെങ്കിലും ചതി ഇതിനു പിന്നിൽ ഉണ്ടായിരുന്നുവെങ്കിൽ ‘അമ്മ ‘ ഈ നടന്റെ പിന്നിൽ ഇങ്ങനെ പാറ പോലെ അറസ്റ്റ് ദിവസം വരെ ഉറച്ചു നിൽക്കില്ലായിരുന്നുവല്ലോ.പിന്നെ രാഷ്ട്രീയക്കാർ, അവരും ദിലീപിന്റെ സുഹൃത്തുക്കൾ തന്നെ ആയിരുന്നുവല്ലോ. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള MLA – മാർ (ഒപ്പം എം പി മാരും ) ഒരുപോലെ ദിലീപിന്റെ കൂട്ടുകാർ ആയി ഉണ്ടുതാനും.
ഇങ്ങനെയൊക്കെ ശക്തരും സ്വാധീനമുള്ളവരും കൂടെയുള്ളപ്പോൾ പോലീസ് വെറുതെ ഒരു തിരക്കഥ ചമച്ചു ഇത്രയും പ്രശസ്തനായ ഒരാളെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന് വിശ്വസിക്കുവാൻ ഞാൻ പിന്തുടരുന്ന ലോജിക് അനുവദിക്കുന്നില്ല. ഒട്ടും തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ. ഒരു താരം ആയതിനാൽ ജനങ്ങൾ അയാളെ കൊണ്ടുപോയിടത്തൊക്കെ തടിച്ചു കൂടുന്നെവെന്നത് ആണ് സത്യം . റേറ്റ് കിട്ടുന്ന വാർത്തകൾ ചാനലുകളും മീഡിയകളും പ്രസിദ്ധികരിക്കും. അതിനു മാധ്യമവിചാരണ എന്നൊന്നും പറയുന്നതിൽ കാര്യമില്ല. ഇത്രയും താരമൂല്യം ഉള്ള ഒരാളുടെ അറസ്റ്റു കേരളാചരിത്രത്തിൽ ഇതിനു മുമ്പ് ഉണ്ടായതായി അറിവില്ല. ആ മൂല്യം അനുസരിച്ചു അതിനു പ്രാധാന്യം കിട്ടുന്നത് സ്വഭാവികം മാത്രം.
അതിനെതിരെ ഇപ്പോൾ പെട്ടെന്ന് പൊങ്ങി വന്ന നിലപാടുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ PR ഏജൻസിയുടെ പിൻബലം ഉണ്ടെന്നു നിസ്സംശയം പറയാം. അതിൽ ചില ആരാധകർ ഉണ്ടാകും. ബാക്കിയെല്ലാം ഏജൻസിയുടെ ആൾക്കാരും ഫേക്ക് ഐഡികളുമാണ് എന്ന് ഉറപ്പായി പറയുവാൻ കഴിയും
പിന്നെ സാവധാനം ചില പ്രശസ്തരും രംഗത്തു വന്നിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തി അടൂർ ഗോപാലകൃഷ്‌ണൻ ആണ്. ദിലീപിനെയും കാവ്യയെയും വച്ച് ഒരു പടം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. അതിന്റെ കൂറ് ആ പ്രഖ്യാപനത്തിൽ ഉണ്ടാകും. പിന്നെ ശ്രീശാന്തിന്റെ പ്രസ്‌താവം, വേണ്ടാത്തിടത്തൊക്കെ തലയിടുന്നത് അദ്ദേഹത്തിന്റെ കലാപരിപാടി ആണല്ലോ. അങ്ങനെ പലരും ഇപ്പോൾ പൊങ്ങി വരുന്നുണ്ട്. അതിന്റെ പിന്നിലെ ചേതോവികാരം ഊഹിക്കാവുന്നതാണല്ലോ.
എന്നാൽസിനിമ രംഗത്തെ ഒരു സ്ത്രീ അപമാനിക്കപ്പെട്ടപ്പോൾ ഈ പറയുന്ന ഒരു വ്യക്തിയെയും കണ്ടില്ലായിരുന്നു. അവരുടെ വേദനയിൽ പങ്കു ചേരുന്നതിൽ ഒരു താല്പര്യവും ഇല്ലാത്തവർ ഇപ്പോൾ കണ്ണീരൊഴുക്കുന്നതു കാണുമ്പോൾ ആണ് ദുഃഖം ഉണ്ടാകുന്നത്..
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നിയമവ്യവസ്ഥയുടെ ആപ്തവാക്യം. [അതിന്റെ തണലിൽ അനേക കുറ്റവാളികൾ രക്ഷപെടുന്നുണ്ട് എന്നതാണ് വാസ്തവം! ] അതിനാൽ ദിലീപ് കുറ്റവാളി അല്ലെങ്കിൽ ഒരിക്കലും ശിക്ഷിക്കപ്പെടില്ല.
കുറ്റവാളി ആണെങ്കിലും ശിക്ഷിക്കപ്പെടാതെ പുറത്ത് വന്നെന്നും ഇരിക്കും. കാരണം കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് വിധിക്കുന്നത്. ഗൂഢാലോചന തെളിയിക്കുക പലപ്പോഴും അസാദ്ധ്യം ആണ്.
എന്നിരുന്നാലും ജനകോടികളുടെ മനസാക്ഷിയുടെ കോടതിയിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അത് ഒരു PR ഏജൻസിക്കും തിരുത്തി എടുക്കാൻ കഴിയില്ല. ഇനിയും പഴയ അവസ്ഥയിൽ വരുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
ദിലീപ് ഈ കേസിൽ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും, അദ്ദേഹത്തിന്റെ ഭൂമി ഇടപാടുകളുടെ കണക്കുകൾ വെളിവാക്കുന്നത്, എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമല്ല എന്നാണു.
വിത്സൺ കരിമ്പന്നൂർ.
(ചിത്രം; കടപ്പാട് NDTV )