ജോണ്‍സണ്‍ ചെറിയാന്‍.
കൊളത്തൂര്‍: ഗൃഹനാഥന്റെ മൃതദേഹത്തിന് ഭാര്യയും മക്കളും കാവലിരുന്നത് മൂന്നുമാസത്തോളം. സംഭവമറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍. കൊളത്തൂര്‍ വാഴേങ്ങല്‍ സെയ്ദി(50)ന്റെ മൃതദേഹമാണ് വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തിയത്.
സെയ്ദിന്റെ വീടിനു സമീപത്ത് ഒരുപാട് വീടുകള്‍ ഉണ്ട്. എന്നിട്ടും മരിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും സമീപവാസികളാരും തന്നെ മരണവിവരം അറിഞ്ഞില്ല എന്നത് സംശയം ജനിപ്പിക്കുന്നു. മുന്‍പ് ഇടയ്ക്കൊക്കെ സെയ്ദിനെ നാട്ടില്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി സെയ്ദിനെ വീട്ടിലോ പരിസരത്തോ കണ്ടിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു.
സെയ്ദിന്റെ വീട്ടുകാര്‍ നാട്ടുകാരുമായി അത്ര അടുത്തബന്ധം പുലര്‍ത്തിയിരുന്നില്ല. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സെയ്ദ് നാട്ടില്‍ തിരിച്ചെത്തി പൊന്നാനിയിലെ മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. സെയ്ദിനെ കാണാതായപ്പോള്‍ വീണ്ടും വിദേശത്തു പോയതാണെന്നാണു നാട്ടുകാരില്‍ പലരും വിശ്വസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ ചില സമയങ്ങളില്‍ ബൈക്കില്‍ പുറത്തുപോവാറുണ്ട്.
എന്നാല്‍ ഭാര്യയേയും പെണ്‍മക്കളേയും മറ്റൊരു മകനേയും കാര്യമായി പുറത്തുകാണാറില്ലെന്നും സമീപവാസികള്‍ പറയുന്നു. വീടിന്റെ വാതില്‍ എപ്പോഴും അകത്തുനിന്ന് അടച്ച നിലയിലാണ്. എന്നാല്‍ ഇതിലൊന്നും അയല്‍വാസികള്‍ അസ്വാഭാവികത കണ്ടില്ല. കുടുംബത്തെ ശല്യപ്പെടുത്തേണ്ടെന്നുകരുതി അങ്ങോട്ടേക്ക് ആരും സെയ്ദിനെ അന്വേഷിച്ചുപോയതുമില്ല. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സെയ്ദിനെ കാണാത്തതില്‍ സംശയം പ്രകടിപ്പിച്ചതോടെ കുരുവമ്ബലത്തെ ബന്ധുക്കളെ വിവരം അറിയിച്ചു.
അവരെത്തി വാതിലില്‍ മുട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. എന്നാല്‍ അകത്ത് ആളുകളുണ്ടെന്ന് ഉറപ്പായിരുന്നു. തുടര്‍ന്നു കൊളത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സംഘമെത്തി വിളിച്ചപ്പോഴും വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ മൃതദേഹത്തിനു സമീപം പ്രാര്‍ത്ഥനയിലായിരുന്ന വീട്ടുകാരെയാണ് കണ്ടത്. കാലുകള്‍ നീട്ടി മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യയേയും മക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.