ജോയിച്ചന്‍ പുതുക്കുളം.
പരിമിതമായ സൗകര്യങ്ങളോടൂകൂടിയെങ്കിലും ജീവിക്കുവാന്‍വേണ്ട ശമ്പളം ലഭിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്നാംതീയതി ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നഴ്‌സിംഗ് സമരത്തിന് അനുകൂലമായി സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി.
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടേയും ഇതര തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും ശമ്പളവും സേവന വ്യവസ്ഥയും തികച്ചും അപഹാസ്യമാണെന്ന് പ്രമേയത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ താഴെക്കിടയിലുള്ള തോഴിലാളികളുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുള്ളത് പ്രതിമാസം 17,000 രൂപയായിട്ടാണ്. ഇതര അലവന്‍സുകളും ഉദാരമായ ആനുകൂല്യങ്ങളും വേറേയും. നിശ്ചിത വിദ്യാഭ്യാസമോ, വേണ്ടത്ര അനുഭവമോ ഇല്ലാത്ത ഹോം നഴ്‌സിനു സൗജന്യ ഭക്ഷണത്തിനും താമസത്തിനും പുറമെ 12,000-ത്തിലധികം രൂപ പ്രതിമാസ ശമ്പളം ലഭിക്കുമ്പോള്‍, 16 വര്‍ഷത്തിലധികം വിദ്യാഭ്യാസവും, ഒരു വര്‍ഷത്തില്‍ അധികം തൊഴില്‍ പരിശീലനവും ലഭിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം പ്രതിമാസം തുച്ഛമായ 10,000 രൂപയോ അതില്‍ കുറവോ ആണെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇവരില്‍ പലരും ആഴ്ചയില്‍ 72 മണിക്കൂര്‍ വരെ മതിയായ വിശ്രമം പോലും ഇല്ലാതെ നിരവധി രോഗികളെ പരിചരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ഭൂമിയിലെ മാലാഖമാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാരുടെ കാരുണ്യ സ്വര്‍ഗ്ഗം നാമെല്ലാവരും അനുഭവിച്ചുണ്ടെന്നു പ്രമേയം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റത്തിലും, സമര്‍ത്ഥമായ മലയാളി സമൂഹത്തിന്റെ ഇവിടുത്തെ ജീവിത സാഹചര്യത്തിലും നഴ്‌സുമാരുടെ പങ്ക് നിര്‍ണ്ണായകമാണെന്നു പ്രമേയം വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് മാന്യമായൊരു ശമ്പള വര്‍ധനവ് നല്‍കി നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കുവാന്‍ സ്വകര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ നഴ്‌സിംഗ് സഹോദരങ്ങളുടെ അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശക്തിപകരുവാന്‍ അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്കാരിക- തൊഴില്‍ അധിഷ്ഠിത സംഘടനകള്‍ മുന്നോട്ടുവരണമെന്നു കാനാ അഭ്യര്‍ത്ഥിച്ചു. ജോസഫ് മുല്ലപ്പള്ളി (പി.ആര്‍.ഒ) അറിയിച്ചതാണിത്.