ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കൃത്യമായ കാരണം അറിയിക്കുന്നവര്‍ക്ക് നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞു. ജയിലില്‍ കിടക്കുന്നവര്‍ക്കും മറ്റും 500, 100 രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജൂലൈ 17നകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
യഥാര്‍ഥത്തില്‍ പ്രശ്നം അനുഭവിക്കുന്നവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ അവസരം നിഷേധിക്കുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അറിയിച്ചു. കേന്ദ്രത്തിന്‍റെ നിര്‍ദേശമില്ലാതെ വ്യക്തികളില്‍ നിന്നും നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നവംബറിലാണ് നടത്തിയത്. ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫിസുകള്‍ വഴിയും ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു.