ജോണ്‍സണ്‍ ചെറിയാന്‍.
1991ല്‍ ഉണ്ടായ കലാപത്തില്‍ തന്റെ വീടിനു നേരെ ഉണ്ടായ ആക്രമണ ശേഷം ചങ്ങലയ്ക്കിടാന്‍ തുടങ്ങിയതാണ് സിമര്‍ജിത്ത് കൗര്‍ തന്റെ മക്കളെ. കൃത്യമായി പറഞ്ഞാല്‍ കലാപകാരികള്‍ അവരുടെ വീടാക്രമിച്ച് ഭര്‍ത്താവിനെ കൊന്ന 1991 ആഗസ്ത് 24 മുതല്‍. ഇന്നും അവരത് തുടരുന്നു.
പഞ്ചാബ് ടാന്‍ ടറണ്‍ ജില്ലയിലെ 60കാരിയായ ഈ സത്രീ കഴിഞ്ഞ 26 വര്‍ഷവും കണ്ണീരിലായിരുന്നു. ഭര്‍ത്താവായ അമര്‍സിങ്ങിനെ കലാപകാരികള്‍ കൊല്ലുന്നത് കണ്‍മുന്നില്‍ വെച്ച് കണ്ടതാണ് തന്റെ മക്കളുടെ മനസ്സിന്റെ താളം തെറ്റിച്ചതെന്ന സിമര്‍ജിത്ത് ഉറച്ച് വിശ്വസിക്കുന്നു. അന്ന് മുതല്‍ തന്റെ നാല് മക്കളില്‍ മൂന്ന് പേരെയും ചങ്ങലക്കിട്ട് പൂട്ടി ആ താക്കോല്‍ മറ്റൊരു മുറിയില്‍ സൂക്ഷിച്ചു പോരുകയാണ് ഈ മാതാവ്.
ടാണ്‍ടരണ്‍ ജില്ലയിലെ ബലേഹാര്‍ ഗ്രാമത്തിലാണ് ഈ കുടുംബം ജീവിക്കുന്നത്. കലാപകാരികളുടെ തോക്കു കൊണ്ടുള്ള പ്രഹരമേല്‍ക്കുമ്ബോള്‍ മകന്‍ ഗുര്‍സാഹിബ് സിങിന് അഞ്ച് വയസ്സും മകള്‍ കുല്‍ദീപിന് ആറ് വയസ്സും മാത്രമായിരുന്നു പ്രായം. ഇന്നിപ്പോള്‍ ഇരുവര്‍ക്കും 30 വയസ്സ് കഴിഞ്ഞു. ‘അന്നത്തെ രാത്രിക്ക് ശേഷം തന്റെ നാല് മക്കളില്‍ മൂന്ന പേരും കാരണമില്ലാതെ ഭയചകിതരാവും, ഒച്ചവെക്കുകയും അക്രമോത്സുകരാവുകയും ചെയ്യും’, സിമര്‍ജിത്ത് പറയുന്നു.
ആദ്യകാലങ്ങളില്‍ ഇത്തരം ലക്ഷണങ്ങളെ സിമ്രജിത്ത് ഗൗരവമായി എടുത്തില്ലെങ്കിലും സ്വയം വേദനിപ്പിക്കുന്ന രീതിയിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും മക്കളുടെ സ്വഭാവ രീതികള്‍ മാറിയതോടെ മൂവരെയും സിമ്രജിത്ത് ചങ്ങലക്കിടാന്‍ തുടങ്ങി. ‘ഈ രീതിയില്‍ മക്കളെ ഓരോ തവണയും പൂട്ടിയിടുമ്ബോള്‍ കണ്ണ് നനയാതെ എനിക്കത് ചെയ്യാനാകുമായിരുന്നില്ല. പക്ഷെ അങ്ങനെ ചെയ്തില്ലെങ്കില്‍ അതവരുടെ ജീവന് തന്നെ ആപത്താണ് താനും’ അവര്‍ പറയുന്നു.
എന്നാല്‍ നാല് പേരില്‍ ഒരാള്‍ അന്നത്തെ ആക്രമണത്തെ അതിജീവിച്ചു. അവള്‍ വിവാഹം കഴിച്ച് ജീവിക്കുന്നു. ‘ഞാന്‍ എന്റെ സമ്ബത്തും ഭൂമിയുമെല്ലാം എന്റെ മക്കളുടെ ചികിത്സയ്ക്കായി വിറ്റു.പക്ഷെ സഹായിക്കാന്‍ ആരുമില്ല’.
‘ചില സന്നദ്ധ സംഘടനകള്‍ മക്കളെ ചികിത്സിച്ച് ഭേദമാക്കാം എന്ന വാഗ്ദാനവുമായി വന്നെങ്കിലും വീട്ടില്‍ നിന്ന് ദൂരെ പറഞ്ഞയക്കാന്‍ മനസ്സു വരാത്തതിനാല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു’, അവര്‍ പറയുന്നു