ജോയിച്ചന്‍ പുതുക്കുളം.
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമായുള്ള 21 ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ഈവര്‍ഷത്തെ ആദ്യ പരിപാടിയായ കായിക ദിനം ജൂണ്‍ 17-നു ശനിയാഴ്ച ഹാറ്റ് ബറോയിലുള്ള റെനഗെഡ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്തപ്പെട്ടു.
ഫാ. എം.കെ. കുര്യാക്കോസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയും, ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനാലാപനത്തോടുംകൂടി ആരംഭിച്ച കായികമേളയുടെ ഉദ്ഘാടനം എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ഫാ. സജി മുക്കൂട്ട് നിര്‍വഹിച്ചു.
വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 16 ടീമുകള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നിരവധി വൈദീകരുടെ സാന്നിധ്യവും പ്രായഭേദമെന്യേയുള്ള പൊതുജന പങ്കാളിത്തവും തികഞ്ഞ അച്ചടക്കത്തോടെയുള്ള ആവേശകരമായ മത്സരങ്ങളും കായികദിനത്തെ വേറിട്ടൊരു അനുഭവമാക്കി മാറ്റി.
വോളിബോള്‍ മത്സരങ്ങളില്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം ഫെയര്‍ഹില്‍സ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിജയികളായി എവര്‍റോളിംഗ് ട്രോഫി സ്വന്തമാക്കി. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയം രണ്ടാം സ്ഥാനം നേടി.
ബാസ്കറ്റ്‌ബോള്‍ മത്സരങ്ങളില്‍ ബഥേല്‍ മാര്‍ത്തോമാ ദേവാലയം ഒന്നാം സ്ഥാനവും, ക്രിസ്റ്റോസ് മാര്‍ത്തോമാ ദേവാലയം രണ്ടാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് ട്രോഫികള്‍ കൂടാതെ ക്യാഷ് അവാര്‍ഡുകളും നല്‍കപ്പെട്ടു.
വിജയിച്ച ടീമുകളുടെ അംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. വോളിബോള്‍ മത്സരങ്ങളില്‍ ജെറിന്‍ മാത്യുവും, ബാസ്കറ്റ് ബോള്‍ മത്സരങ്ങളില്‍ ജെയ്ക് മാത്യുവും എം.വി.പിയായി ട്രോഫികള്‍ കരസ്ഥമാക്കി.
മെഗാ സ്‌പോണ്‍സര്‍ ഫില്ലി ഗ്യാസിനെ കൂടാതെ നിരവധി വ്യവസായ- കായിക പ്രേമികള്‍ സ്‌പോണ്‍സര്‍മാരായി കായികദിനത്തിന്റെ നടത്തിപ്പിനെ സഹായിച്ചു.
മുന്‍കാല കായിക പ്രതിഭകളായ കെ.എം. തോമസ്, സെബാസ്റ്റ്യന്‍ എന്നിവരെ മെഡലുകള്‍ നല്‍കി ആദരിച്ചു.
ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ഫാ. സജ മുക്കൂട്ട്, സെക്രട്ടറി കോശി വര്‍ഗീസ് (സന്തോഷ്), യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിന്‍സി ജോണ്‍, ട്രഷറര്‍ ഡോ. കുര്യന്‍ മത്തായി, പി.ആര്‍.ഒ സജീവ് ശങ്കരത്തില്‍, ഫെല്ലോഷിപ്പിന്റെ മറ്റു ഭാരവാഹികള്‍ എന്നിവര്‍ കായികമേളയ്ക്ക് നേതൃത്വം നല്‍കി.