ജോണ്‍സണ്‍ ചെറിയാന്‍.
വലിപ്പം കൂടിയ തലയുമായി ജനിച്ച് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിച്ച ത്രിപുര സ്വദേശിനി അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. രോഗത്തിന് ശമനം തേടിയുള്ള ഒന്‍പതാമത്തെ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കാതെയാണ് റൂണ വേദനയുടെ ലോകത്തുനിന്ന് മറഞ്ഞത്. തലച്ചോറില്‍ വെള്ളംകെട്ടുന്ന ‘ഹൈഡ്രോസെഫലസ്’ എന്ന രോഗാവസ്ഥയായിരുന്നു റൂണയെ ബാധിച്ചിരുന്നത്.
റൂണയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു ഗുരുഗ്രാം എഫ്.എം.ആര്‍.ഐ ആശുപത്രിയിലെജോക്ടര്‍മാര്‍. 2013 മുതല്‍ ഇവിടെ ചികിത്സയിലായിരുന്ന റൂണ ഇതിനകം എട്ട് ശസ്ത്രക്രിയകള്‍ നേരിട്ടു. ആറു മാസത്തിനുള്ളില്‍ ഒമ്ബതാമത്തെ ശസ്ത്രക്രിയയ്ക്ക തയ്യാറെടുക്കുന്നതിനിടെയാണ് വിധിക്ക് കീഴടങ്ങുന്നത്. പെട്ടെന്നുണ്ടായ ചെറിയ ശ്വാസതടസ്സമാണ് റൂണയുടെ ജീവന്‍ അപഹരിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് അവള്‍ പോയി-റൂണ ബീഗത്തിന്റെ അമ്മ ഫാത്തിമ ഖത്തും പറഞ്ഞു.
94 സെന്റീമീറ്റര്‍ വ്യാസമുണ്ടായിരുന്നു റൂണയുടെ തലയ്ക്ക്. ശരീരത്തിന് താങ്ങാനാവാത്ത ഭാരമാണ് ഈ കുഞ്ഞുതലയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. സാധാരണ കുട്ടികളെ പോലെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു ഡോക്ടര്‍മാര്‍. കഴിഞ്ഞ മാസം നടന്ന പരിശോധനയിലും ഡോക്ടര്‍മാര്‍ ഈ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ജനന സമയത്ത് റൂണയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അഞ്ച് ശസ്ത്രക്രിയക്ക് ശേഷം സ്ഥിതി മാറിവന്നു. തലയ്ക്ക് ക്രമേണ വലുപ്പം കുറഞ്ഞുവന്നു. എന്നാല്‍ അവള്‍ക്ക് നില്‍ക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല.