ജോണ്‍സണ്‍ ചെറിയാന്‍.
തൃശ്ലൂര്‍: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. തൃശ്ശൂര്‍ അത്താണിയിലെ വീട്ടില്‍ രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു. കോട്ടയം മറ്റക്കരയിലാണ് ലീലാമ്മ ജനിച്ചത്.
മോഹിനിയാട്ടത്തിൽ മാത്രമല്ല ഭരതനാട്യത്തിലും കുച്ചിപുടിയിലും ലീലാമ്മ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ പഠിച്ച് അവിടെത്തന്നെ അധ്യാപികയായി. കലാമണ്ഡലം സര്‍വ്വകലാശാലയുടെ കാമ്പസ് ഡയറക്ടറായും മോഹിനിയാട്ടം വിഭാഗം മേധാവിയായും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ റീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരനധി വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായിരുന്നു. കേരളത്തിലും വിദേശത്തും നിരവധി ശിഷ്യന്മാരെ വാർത്തെടുക്കാൻ ഈ അനുഗ്രഹീത കലാകാരിക്ക് സാധിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററിയിൽ നൃത്തം അവതരിപ്പിച്ചിരുന്നു. മോഹിനിയാട്ടത്തെ പറ്റി ഗവേഷണം ചെയ്യാന്‍ തൃശ്ശൂര്‍ ജില്ലയിലെ അത്താണിയില്‍ സ്വാതിചിത്ര എന്ന സ്ഥാപനം നടത്തിയിരുന്നു.