ജോണ്‍സണ്‍ ചെറിയാന്‍.
പത്തനംതിട്ട: കുവൈത്തില്‍ വീട്ടുതടങ്കലില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായ വീട്ടമ്മ നാട്ടിലെത്തി. കൊടുമണ്‍ സ്വദേശി മണി പൊടിയനാണ് വിസ ഏജന്റിന്റെ ചതിയില്‍ പെട്ട് രണ്ടര വര്‍ഷക്കാലം മരുഭൂമിയില്‍ നരകയാതന അനുഭവിക്കേണ്ടി വന്നത്.
ഇനി ഒരിക്കലും മക്കളേയും ബന്ധുക്കളെയും കാണാന്‍ കഴിയുമോ എന്ന ജീവനോടെ നാട്ടില്‍ തിരിച്ചെത്താനാവുമോ എന്ന്‍ മണി പൊടിയന് വിശ്വാസമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ തിങ്കളാഴ് ച രാവിലെ പതിനൊന്നുമണിയോടെ അടൂര്‍ ബസ് സ്റ്റാന്റില്‍ മകളേയും മകനേയും മറ്റ് ബന്ധുക്കളെയും കണ്ടപ്പോഴും സ്വപ്നമല്ല മറിച്ച് യാഥാര്‍ത്ഥ്യമാണ് എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ മണി പൊടിയന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
രണ്ട് മക്കളെ പഠിപ്പിച്ച് ഒരു കരക്കെത്തിക്കാനുള്ള ആഗ്രഹവുമാണ് പത്തനാപുരം സ്വദേശിയായ വിസ ഏജന്റ് ബാലന്‍പിള്ള മുഖാന്തിരം കുവൈത്തില്‍ വീട്ട് ജോലിക്ക് പോകാന്‍ മണി പൊടിയന്‍ തയ്യാറായത്. മാസം 25000 രൂപ ശമ്പളം ലഭിക്കും എന്നാണ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ച് കുവൈത്തിലെത്തിയ മണി പൊടിയന് ആദ്യത്തെ മൂന്ന് മാസങ്ങളിലായി ആകെ നാല്‍പ്പതിനായിരത്തോളം രൂപ അറബിയായ വീട്ടുടമസ്ഥന്‍ നല്‍കി. എന്നാല്‍ പിന്നീട് ശമ്പളം നല്‍കിയില്ല, എന്ന് മാത്രമല്ല ഭക്ഷണം പോലും നല്‍കാതെ ദിവസം 20 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുകയും ക്രൂര മര്‍ദനത്തിന് വിധേയയാക്കുകയും ചെയ്തതായി മണി പൊടിയന്‍ പറഞ്ഞു.
മര്‍ദനത്തില്‍ മണി പൊടിയയുടെ വലത് കണ്ണിന്റെ കാഴ് ച ഭാഗീകമായി നഷ്ടപ്പെട്ടിരുന്നു. അറബി മുടി വലിച്ച് പിഴിയുകയും തല ഫ്രിഡ്ജിന്റെ ഫ്രീസറില്‍ ബലമായി പിടിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നുവെന്നും മണി പൊടിയന്‍ പറഞ്ഞു. ഇതിനിടെ ഇവരുടെ മക്കളും സഹോദരിയും ഇലന്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന സ്നേഹക്കൂട്ടം എന്ന സന്നദ്ധ സംഘടനയുടെ സഹായം തേടി. സ്നേഹക്കൂട്ടത്തിന്റെയും പ്രവാസി മലയാളി സംഘടനയുടെയും ശ്രമഫലമായി കുവൈറ്റ് എംബസി വിഷയത്തില്‍ ഇടപെടുകയും അന്വേഷണം ഉണ്ടായതോടെ അറബി ഇവരെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു.
ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഇവിടുത്തെ വീട്ടമ്മയായ അറബി സ്ത്രീ തിരിച്ച് മണി പൊടിയനെ പഴയ അറബിയുടെ വീട്ടിലേക്ക് അയച്ചില്ല. നല്ലവരായ അവര്‍ ഇന്ത്യന്‍ എംബസിയുമായും പ്രവാസി മലയാളി സംഘടന പ്രവര്‍ത്തകര്‍ മഞ്ജൂ വിനോദ് എന്നിവരുമായും ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുന്നതിന് അവസരമൊരുക്കുകയായിരുന്നു. ഇവരുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും അറബിയുടെ കൈവശമായതിനാല്‍ ഇവര്‍ക്ക് ഏതാനും ദിവസം ജയിലിലും കഴിയേണ്ടി വന്നു. ഇവിടെ വച്ച് പോലീസ് മര്‍ദിക്കുകയും ചെയ്തു.
ഇന്ത്യന്‍ എംബസി അധികൃതര്‍ ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് വേഗത്തില്‍ സംഘടിപ്പിച്ച് ഇവരെ ജയില്‍ മോചിതയാക്കി നാട്ടിലേക്ക് അയക്കുകയായിരുന്നു.