ജോണ്‍സണ്‍ ചെറിയാന്‍.
ഗുഡ്ഗാവ്: മദ്യലഹരിയില്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടികള്‍ നേരിട്ട ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. ഗുഡ്ഗാവിലെ ഒരു പമ്പില്‍ ജീവനക്കാരികളായ യുവതികളെ ആണ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കവേ മദ്യലഹരിയില്‍ യുവാവ് കടന്നുപിടിച്ചത്. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ നോക്കിനില്‍ക്കേയാണ് സംഭവം. രാത്രി സുരക്ഷയ്ക്ക് ഒരു പോലീസുകാരന്‍ പോലും ഈ സമയം അവിടെ ഉണ്ടായിരുന്നില്ല.
ഭയന്ന് ഓടിയൊളിക്കാനോ സഹായത്തിന് കരഞ്ഞ് സമയം കളയാനോ ഈ യുവതികള്‍ മെനക്കെട്ടില്ല. പകരം കാലില്‍ കിടന്ന ചെരൂപ്പൂരി യുവാവിനെ അടിച്ച് ഓടിക്കുകയാണ് ചെയ്തത്. ഇതോടെ അവിടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളും ഇടപെട്ടു. ശനിയാഴ്ച രാത്രി ഗുഡ്ഗാവിലെ എം.ജി റോഡിയാണ് സംഭവം നടന്നത്. പബില്‍ നിന്നും യുവതികളെ പിന്തുടര്‍ന്ന് എത്തിയ ഇയാള്‍ പിന്നിലൂടെ വന്ന് കടന്നുപിടിക്കുകയായിരുന്നു.
അതേസമയം, സ്ഥലത്ത് വനിത കോണ്‍സ്റ്റബിള്‍ അടക്കമുള്ളവരെ മഫ്ത്തിയില്‍ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു എ.സി.പി മനീഷ് സെഗാളിന്റെ മറുപടി. അവര്‍ പരാതിപ്പെടാന്‍ തയ്യാറായാല്‍ കേസെടുക്കാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.