ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: കെട്ടിടങ്ങള്‍ക്കിടയിലെ ഇടുങ്ങിയ വിടവില്‍ കുടുങ്ങി പോയ നായയെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. മൂന്ന് ദിവസത്തിന് ശേഷം മൃഗ സംരക്ഷണ വകുപ്പാണ് നായയെ രക്ഷപ്പെടുത്തിയത്. മുംബൈ ജോഗേശ്വരിയിലായിരുന്നു സംഭവം.
നായയുടെ കരച്ചിൽ ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുന്നത്. തുടർന്ന് എൻ ജി ഒ വേൾഡ് ഫോർ ഓൾ ആനിമൽ കെയർ ആൻഡ് അഡോപ്‌ഷൻ പ്രവർത്തകർ നായയുടെ രക്ഷക്കായി എത്തുകയായിരുന്നു. ഒരു ആശുപത്രി കെട്ടിടത്തിന്റെയും വ്യാപാര സൗധത്തിന്റെയും ഇടക്കുള്ള വളരെ ഇടുങ്ങിയ വിടവിലാണ് നായ അകപ്പെട്ടിരുന്നതെന്ന് വേൾഡ് ഫോർ ഓൾ പ്രവർത്തകൻ പറഞ്ഞു.
ഒരു മനുഷ്യന്റെ കൈ കഷ്ടിച്ച് കടക്കുന്ന വിടവിൽ മൂന്ന് ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ നായ കുടുങ്ങിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് നായയെ രക്ഷിച്ചത്.ആദ്യം ചുമരിന്റെ ഭാഗം അൽപം ഇടിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. പിന്നീട് ഒരു കുരുക്ക് ഉണ്ടാക്കി നായയുടെ കഴുത്തിലിട്ട് പതുക്കെ വലിക്കുകയായിരുന്നു. ഒരു പരിക്ക് പോലുമില്ലാതെ നായയെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വേൾഡ് ഫോർ ഓൾ പ്രവർത്തകർ.