ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ പത്താംതീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നു. (അഡ്രസ്: 5251 ഷെര്‍വിന്‍ അവന്യൂ, സ്‌കോക്കി 60077). ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ മാതൃസംഘടനയായ മാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പിക്‌നിക്കിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ഷാജന്‍ വര്‍ഗീസ് ആണ്. ഷാജനോടൊപ്പം സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സായി നവീന്‍ സിറിയക്, ബെന്‍സി ബെനഡിക്ട്, സമയ ജോര്‍ജ്, ഷൈനി ഹരിദാസ്, ടോം കാലായില്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടിയുള്ള വിവിധയിനം കായിക മത്സരങ്ങളും നിരവധി വിനോദ പരിപാടികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിവിധ ഹോസ്പിറ്റല്‍ സിസ്റ്റംസിലെ തെറാപ്പിസ്റ്റുകള്‍ തമ്മില്‍ മാര്‍ക്ക് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടി മാറ്റുരയ്ക്കുന്ന വടംവലി മത്സരം പിക്‌നിക്കിന്റെ പ്രത്യേകതയാണ്.
അമേരിക്കയിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ തെറാപ്പിസ്റ്റുകളുടെ കുടുംബങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ഒരുമിച്ച് ഉല്ലസിക്കുന്നതിനും സഹായിക്കുന്ന ഈ പിക്‌നിക്കില്‍ എല്ലാ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും കുടുംബ സമേതം പങ്കെടുക്കണമെന്ന് പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജും, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ വര്‍ഗീസും അഭ്യര്‍ത്ഥിക്കുന്നു.
രാവിലെ 10 മണിക്ക് പ്രഭാത ഭക്ഷണത്തോടെ ആരംഭിക്കുന്ന പിക്‌നിക്കില്‍ സ്വാദിഷ്ടമായ ബാര്‍ബിക്യൂവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പിക്‌നിക്കിന്റെ ക്രമീകരണങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോയി ചേലമലയില്‍, ജയ്‌മോന്‍ സ്കറിയ, ഷാജു മാത്യു, സണ്ണി കൊട്ടുകാപ്പള്ളി, ജോണ്‍ ചിറയില്‍, സാം തുണ്ടിയില്‍, സ്കറിയാക്കുട്ടി തോമസ്, വിജയ് വിന്‍സെന്റ്, ജോസ് കല്ലിടുക്കില്‍, റഞ്ചി വര്‍ഗീസ്, മാക്‌സ് ജോയി, സനീഷ് ജോര്‍ജ്, റജിമോന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്കും. മാര്‍ക്ക് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.