ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ നിന്നും പെട്രോള്‍ പമ്പുടമകള്‍ പിന്മാറി. ഞായറാഴ്ചകളില്‍ പമ്പ് അടച്ചിടാനുള്ള തീരുമാനും പിന്‍വലിച്ചെന്നും, എല്ലാ ജില്ലകളിലും എല്ലാ ദിവസവും പമ്പുകള്‍ തുറക്കുമെന്നും പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ പമ്പുടമകള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചില പമ്പുടമകള്‍ ഈ തീരുമാനത്തിനെതിരെ പരസ്യമായ നിലപാടെടുത്ത് രംഗത്തുവരികയും ചെയ്തിരുന്നു. കേരളം ഉള്‍പ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ പമ്പുടമകളാണ് ഞായറാഴ്ച പമ്പ് അടച്ചിടാന്‍ തീരുമാനിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.
മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനായിരുന്നു കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ പമ്പുടമകളുടെ തീരുമാനം. പ്രധാനമന്ത്രിയുടെ ഇന്ധനം ലാഭിക്കാനുള്ള നിര്‍ദേശപ്രകാരമാണ് പമ്പുടമകള്‍ അടച്ചിടുന്നതെന്നായിരുന്നു പമ്പുടമകളുടെ വിശദീകരണം.
ഇന്ധനം ലാഭിക്കാനാണെന്ന് പറഞ്ഞ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം എണ്ണക്കമ്പനികള്‍ പരിഗണിക്കാത്തതിനാലാണെന്നും ആരോപണമുയര്‍ന്നിരുന്നു. കമ്മീഷന്‍ വര്‍ദ്ധനവെന്ന ആവശ്യം പരിഗണിക്കാത്ത എണ്ണക്കമ്പനികളോടുള്ള സമരപ്രഖ്യാപനം പോലെയായിരുന്നു പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം.
ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്,അല്ലാതെ പമ്പുകള്‍ അടച്ചിടാനല്ല എന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്.
പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പമ്പുടമകള്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയത്. എല്ലാ ജില്ലകളിലും എല്ലാ ദിവസവും പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നാണ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.