Monday, November 25, 2024
HomeKeralaഅരുണ്‍ അഞ്ജുവിന്റെ കൈപിടിച്ചു ഹരിത നിയമാവലി പാലിച്ചു.

അരുണ്‍ അഞ്ജുവിന്റെ കൈപിടിച്ചു ഹരിത നിയമാവലി പാലിച്ചു.

അരുണ്‍ അഞ്ജുവിന്റെ കൈപിടിച്ചു ഹരിത നിയമാവലി പാലിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ:പ്ലാസ്റ്റിക് തോരണങ്ങളോ കുടിവെള്ളം മുതല്‍ സദ്യ വിളമ്പാനുള്ള പ്ലാസ്റ്റിക് ഇലയോ ഇല്ലാതെ ഇന്നൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയാത്തവര്‍ക്കായി ഇതാ ഒരു നല്ലവാര്‍ത്ത. പുനരുപയോഗിക്കാന്‍ കഴിയാത്ത എല്ലാം ഒഴിവാക്കി തീര്‍ത്തും ഹരിത നിയമാവലിയെ മുറുകെപിടിച്ച് ഒരു കല്യാണം. ഇതിന് സാക്ഷ്യം വഹിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും. അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന്റെ പിന്തുണ കൂടി ലഭിച്ചതോടെ മികച്ച നിലയില്‍ തന്നെ കല്യാണം ഒരുക്കാനായി. ജില്ലാ ഭരണകൂടത്തിന്റെ സാക്ഷ്യപത്രം അതിന് മുദ്രയായി.
പുന്നപ്ര കടക്കോടി പറമ്പ് രാജേന്ദ്രന്‍-പ്രസന്ന ദമ്പതിമാരുടെ മകള്‍ അഞ്ജുരാജിന്റെയും പുന്നപ്ര കൊച്ചുപറമ്പില്‍ എസ് അനിരുദ്ധന്റെയും സുജാതയുടെ മകന്‍ അരുണിന്റെയും വിവാഹം ജില്ലയില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച് വരുന്ന ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോക്കോള്‍) പ്രകാരമുള്ള ആദ്യ വിവാഹമായി. പുന്നപ്ര അറവുകാട് ദേവീ ക്ഷേത്രത്തില്‍ വച്ചാണ് നാടിനാകെ മാതൃകയായ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള വിവാഹം നടന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമാണ് വിവാഹം നടത്തിയതെന്ന് കാട്ടിയുള്ള ശുചിത്വമിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രശസ്തിപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലും ജില്ലാ കളക്ടര്‍ വീണ എന്‍ മാധവനും ചടങ്ങില്‍ സംബന്ധിച്ച് ദമ്പതികള്‍ക്ക് കൈമാറി.
അമ്പലപ്പുഴ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലും പറവൂര്‍ തെക്ക് 241 ാം നമ്പര്‍ ശാഖായോഗത്തിന്റയും ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അനുസരിച്ചുള്ള പ്രകൃതിയേയും ജലത്തേയും വായുവിനെയും മലിനമാക്കാത്ത ജീവിത ശൈലി അനുവര്‍ത്തിക്കുക എന്ന ലക്ഷ്യവുമായി പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഗ്ലാസുകള്‍, കുപ്പികള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഇലകള്‍, കിറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, തെര്‍മോകോള്‍ പാത്രങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കാന്‍ അമ്പലപ്പുഴ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുക, അവശേഷിക്കുന്ന മാലിന്യങ്ങള്‍ കമ്പോസ്റ്റ് രൂപത്തിലാക്കി സംസ്‌കരിക്കുക എന്നിവ ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമാണ്. അമ്പലപ്പുഴ യൂണിയനുകീഴില്‍ നടത്തുന്ന വിവാഹങ്ങള്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം നടത്തുന്നത് പരമാവധി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി യൂണിയന്‍ സെക്രട്ടറി കെ എന്‍ പ്രേമാനന്ദന്‍, വൈസ് പ്രസിഡന്റ് പി ഹരിദാസ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ എസ് സിദ്ധകുമാര്‍, ടി പി അനില്‍കുമാര്‍, കെ ഭാസി എന്നിവര്‍ പറഞ്ഞു. പറവൂര്‍ തെക്ക് 241 ാം നമ്പര്‍ ശാഖായോഗം പ്രസിഡന്റ് കെ മോഹനന്‍, സെക്രട്ടറി ടി പ്രദീപ് എന്നിവര്‍ വിവാഹ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ഹരിത നിയമാവലി പ്രോല്‍സാഹിപ്പിക്കുന്നതിനായി യൂണിയന്‍ തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ജില്ല ഭരണകൂടത്തിന്റെ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നോട്ടീസ് ആക്കി വിതരണം ചെയ്യാനൊരുങ്ങുകയാണ്. എല്ലാ വിവാഹങ്ങളും ഇത്തരത്തില്‍ ആക്കാനാണ് യൂണിയന്റെ ആലോചന. നവദമ്പതികളുടെ വീടുകളില്‍ കല്യാണത്തലേന്ന് ശുചിത്വമിഷന്‍ നടത്തിയ പരിശോധനയിലും ഹരിത നിയമാവലി പാലിക്കുന്നതായി കണ്ടെത്തിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments