‘ഇവിടെ നിൽക്കണോ,അതോ പോകണോ?’(For Here Or To Go) അമേരിക്കയിൽ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയിൽ ജീവിതം കരുപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ടെക്കികളുടെ കഥ പറയുന്ന ഒരു ചലച്ചിത്രം 2017 മാർച്ചുമാസം അമേരിക്കയിൽ റിലീസ് ചെയ്തു. ഋഷി ഭിലാവഡേക്കർ എന്ന ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയർ, 2007ൽ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം തന്റെയും മറ്റു ഇന്ത്യൻടെക്കികളുടെ ആത്മസംഘർഷങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സന്നിഗ്ദ്ധതകളുടെയും കഥപറയുകയാണീ ചലചിത്രത്തിലൂടെ അദ്ദേഹം. അമേരിക്കയിൽ ഇപ്പോഴുള്ള കുടിയേറ്റ ചർച്ചകളെ മനുഷ്യത്വപരമാക്കാൻ ഈ ചലച്ചിത്രത്തിനായേക്കും. ഇന്ത്യയിലെ സമർത്ഥരും മിടുക്കരും അമേരിക്കൻ കമ്പനികളെ സമ്പന്നമാക്കുമ്പോൾ, അവർ നേരിടുന്ന വർണ്ണ-വർഗ്ഗവിദ്വേഷങ്ങൾ, വിവേചനങ്ങൾ, ഒറ്റപ്പെടുത്തലുകൾ, കുറ്റപ്പെടുത്തലുകൾ, മാനസീക സംഘർഷങ്ങൾ ഒക്കെ കോറിയിടുന്ന ഒരു ചിത്രം, അത് ഉദീദിപ്പിക്കുന്ന ചോദ്യവും- ‘നിൽക്കണോ അതോ, പോകണോ?’ തമാശയിലൂടെ ആണെങ്കിലും, സംവിധായകൻ രുച ഹംബടേക്കർ, ഗൗരവപരമായ ഒരു ചോദ്യമാണ് നമ്മുടെ മുൻപിൽ കൊണ്ടുവരുന്നത്.
നൂറു ദിവസം കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത് . അതേ, അദ്ദേഹത്തിന്റെ നേതൃത്വത്തിലേക്കുള്ള ആഗമനഉദ്ദേശ്യവും അതുതന്നെയായിരുന്നു, ” അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരിക ” . ഓരോ ഞെട്ടലിനും നടുക്കത്തിനും മുൻപുതന്നെ പുതിയ വാർത്തകളുമായി അമേരിക്കയുടെ മണിയാശാൻ വാർത്തകളിൽ വന്ന് നിറയുകയാണ്. ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്തതിനെയും യാതൊരു ഉളിപ്പും പുളിപ്പുമില്ലാതെ കടന്നാക്രമിക്കാൻ അദ്ദേഹത്തിനുള്ള വൈഭവം ആയിരിക്കാം അദ്ദേഹത്തിന്റെ വിജയകാരണവും. പൂർണ്ണമായ ഒരു വിലയിരുത്തലിനല്ല എന്റെ ശ്രമം, എന്നാൽ അമേരിക്കയിൽ ജീവിക്കുന്ന ഒരു സൗത്ത് ഏഷ്യൻ വംശജൻ എന്ന നിലയിൽ, നമ്മുടെ സമൂഹം നേരിടുന്ന ഒരു വിപത്തിനെ ആണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
2017 ഏപ്രിൽ 24 നു, യു .എൻ . സെക്യൂരിറ്റി കൗൺസിൽ അംബാസ്സഡറന്മാർക്കുള്ള US സ്റ്റേറ്റ് വിരുന്നിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , അമേരിക്കയുടെ യു .എൻ അംബാസ്സഡർ ആയ നിക്കി ഹെയ്ലിയെ പരാമർശിച്ചത് വളരെയധികം ചർച്ചചെയ്യപ്പെട്ടു. “നിക്കിയെ നിങ്ങൾക്കെല്ലാം ഇഷ്ടമായോ ? ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരെ എടുത്തു മാറ്റാനും എനിക്ക് മടിയില്ല” തമാശയായാണ് അത് പറഞ്ഞെങ്കിൽത്തന്നെ ഒരു സൗത്ത് ഏഷ്യൻ വംശജയായ, ഇന്ത്യൻ മാതാപിതാക്കളുള്ള നിക്കി ഹെയ്ലി , മറ്റുള്ള അംബാസിഡറന്മാരുടെ മുൻപിൽ വിളറിയത്, അവരുടെ നേരേയുള്ള വംശീയ വിരൽ ചൂണ്ടൽ ആയി കരുതിയവർ ഏറെയുണ്ട്. രണ്ടു തവണ സൗത്ത് കരോലിന ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട , റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉയർന്നു വരുന്ന ദേശീയ താരം. 2015- ൽ സൗത്ത് കരോലിനയിലെ ഇമ്മാനുവേൽ ആഫ്രിക്കൻ മെതഡിസ്റ്റ് പള്ളിയിൽ നടന്ന വർഗ്ഗീയ കൂട്ടക്കൊലയും, അതിനെ തുടർന്ന് സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിങ്ങിനു മുകളിൽ പറന്നിരുന്ന വംശീയതുടെയും വിഘടനത്തിന്റെയും ഓർമ്മ വിളിച്ചുപറയുന്ന കോൺഫെർഡൈറ്റ് യുദ്ധ പതാക എടുത്തുമാറ്റാനും ധൈര്യം കാട്ടിയ ധീരവനിത എന്ന് ഒട്ടാകെ ഘോഷിക്കപ്പെട്ട മാന്യയോടാണ് ഈ പരാമർശം എന്ന് ഓർക്കണം. ഇത് അമേരിക്കയുടെ മാറുന്ന മുഖമാണ് കാട്ടുന്നത്.
എതിരാളികൾ പോലും അതി സമർത്ഥൻ എന്ന് പരസ്യമായി പറയുന്ന, ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നൂറു പേരിൽ ഒരാളായി തിരഞ്ഞെടുത്ത അമേരിക്കയുടെ യു. എസ് . അറ്റോർണിയായിരുന്ന പ്രീത് ബരാരയെ പിരിച്ചു വിടാൻ ട്രംപിന് യാതൊരു മടിയുമുണ്ടായില്ല. ന്യൂ യോർക്കിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളെ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി സ്പീക്കർ ഷെൽഡൺ സിൽവർ, സെനറ്റ് ലീഡർ ഡീൻ സ്കീലോസ് എന്നിവരെ ജയിലിൽ അടക്കാൻ കാട്ടിയ ധൈര്യവും അമേരിക്ക മുഴുവൻ കണ്ടതാണ്. അദ്ദേഹവും ഒരു ഇന്ത്യൻ വംശജൻ ആയിരുന്നതാണോ ഒരു കുറ്റമായിപ്പോയത്? അമേരിക്കയുടെ 19 -)മത് സർജൻ ജനറൽ ആയി വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോക്ടർ വിവേക് മൂർത്തിയോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടത് മുൻ പ്രസിഡന്റ് ഒബാമയുടെ നിയമനത്തിൽ നിന്നും മാറ്റം വരുത്തിയതാകാമെങ്കിലും, അതും പ്രമുഖനായ മറ്റൊരു സൗത്ത് ഏഷ്യൻ – ഇന്ത്യൻ വംശജൻ എന്ന രീതിയിലും കാണാവുന്നതാണ്. യു. എസ്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ ചെയർമാൻ അജിത് വരദരാജ പൈ, ഇതിനു ഒരു അപവാദമായി ട്രംപ് ഭരണത്തിൽ തുടരുന്നു എന്നത് മറച്ചുപിടിച്ചല്ല ഈ നിരീക്ഷണം.
ചിക്കാഗോയിലെ ഒഹാരേ അന്തർദേശീയ വിമാനത്താവളത്തിൽ വച്ച് യുണൈറ്റഡ് എയർലൈൻസിൽ നിന്നും 69 വയസ്സുള്ള വിയറ്റ്നാമീസ് അമേരിക്കൻ ഡോക്ടർ, ഡേവിഡ് ദൊയിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വലിച്ചിഴച്ചു പുറത്തു എടുത്തിട്ട സംഭവം, ലോകമാകെ ചർച്ച ചെയ്യപ്പെട്ടതായിരുന്നല്ലോ. അതും ഒരു സൗത്ത് ഏഷ്യൻ വംശജനായ ആൾ ആയിപ്പോയതെന്നത് സ്വാഭാവിക സംഭവമായി എന്നും കരുതാനാവില്ല. അമേരിക്കൻ കോർപറേഷനുകളുടെ മാറുന്ന മറ്റൊരു മുഖമാണ് അവിടെ കണ്ടത്.
ട്രംപ് ഭരണകൂടം വളരെ കൊട്ടിഗോഷിച്ച H 1 -B വിസ നിയത്രണം ഇന്ത്യയിൽ നിന്നും കുറഞ്ഞ വേതനത്തിൽ കൊണ്ടുവരുന്ന ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാരെ കാര്യമായി ബാധിക്കും. ഇത്തരം വിസ കൊടുക്കുന്നതിൽ 70 ശതമാനവും ഇന്ത്യാക്കാരാണ് ഉപയോഗപ്പെടുത്താറുള്ളത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ബ്രൗൺ നിറക്കാരോടുള്ള അതൃപ്തിയും മറനീക്കി പുറത്തുവരികയാണ്. അമേരിക്കയിൽ പഠനത്തിനായി എത്തുന്ന കുട്ടികളിലും ചൈനക്കാര് കഴിഞ്ഞാൽ ഇന്ത്യൻ കുട്ടികളാണ് കൂടുതൽ.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്നും അഭ്യസ്തവിദ്യരല്ലാത്ത തോട്ടം തൊഴിലാളികൾ അമേരിക്കയിൽ എത്തിയിരുന്നു, എന്നാൽ 1917 ലെ നിയന്ത്രിത കുടിയേറ്റ നിയമമനുസരിച്ചു ഏഷ്യയിൽ നിന്നുള്ളവരെ തടഞ്ഞു. 1960 -ൽ അമേരിക്കയിലാകെ 12,000 ഇന്ത്യക്കാർ ഉണ്ടായിരുന്നത്, 2013 ആയപ്പോഴേക്കും 2 മില്യണിൽ അധികമായതു തുറന്ന കുടിയേറ്റ നിയമം കൊണ്ടായിരുന്നു. U A E കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം സ്വദേശികളേക്കാൾ കൂടുതലായതിനാൽ വരുമാനവും ജീവിത നിലവാരത്തിലും ഒരു പടി മുന്നിൽ തന്നെയാണ്അവർ. ഇതായിരിക്കണം സ്വദേശികളിൽ അസൂയ ഉണ്ടാക്കാനുള്ള കാരണവും. സ്കൂൾ മത്സരങ്ങളിലും പഠനത്തിലും ഇന്ത്യൻ കുട്ടികൾ മികവ് കാട്ടുകയും, തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ പടി പടിയായി കയറിപ്പോകുന്നതും അസഹിഷ്ണത വിളിച്ചു വരുത്തി. വീട്ടിലും മറ്റും കൂടുതൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാൽ ജോലിയിൽ മറ്റുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ചു ഉയരാനുള്ള സാധ്യതയും കൂടി. 73 ശതമാനം ഇന്ത്യൻ കുടിയേറ്റക്കാരും മാനേജ്മെന്റ്, ബിസിനസ് , സയൻസ് , ആർട്സ് എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. 2013 ലെ U S സെൻസസ് ബ്യുറോ കണക്കുപ്രകാരം 3.8 മില്യൺ ഇന്ത്യൻ ഒറിജിൻ പ്രവാസികൾ അമേരിക്കയിൽ ഉണ്ട് , അവർ 70 ബില്യൺ ഡോളർ ആണ് ഓരോ വർഷവും ഇന്ത്യയിലേക്കു അയച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇൻഫോസിസ് അമേരിക്കയിൽ പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞു. അമേരിക്കയിൽ സോഫ്റ്റ്വെയർ ഭാഷ അറിയാവുന്നവർ കുറവായതിനാലാണ് ഇന്ത്യയിലേക്ക് അവർ നോക്കിയത്. കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാർ ഇത്തരം ജോലികൾ അടിച്ചു മാറ്റുന്നതിൽ വലിയ പരിഭവം അമേരിക്കൻ തൊഴിൽ മേഖലയിൽ ഉണ്ട്. എന്നാൽ ഈയിടെ ഇന്ത്യയിൽ നടത്തിയ ഒരു സർവ്വേ പ്രകാരം, അഞ്ചു ശതമാനം പോലും ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ മാർക്ക് ശരിയായി സോഫ്റ്റ്വെയർ ഭാഷ എഴുതാൻ അറിയില്ല എന്നാണ്. നാഷണൽ ഫൌണ്ടേഷൻ ഓഫ് അമേരിക്കൻ പോളിസി സ്റ്റഡിയുടെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ തൊഴിൽ അവസരണങ്ങൾ അമേരിക്കയിൽ ഉണ്ടാക്കുന്നുണ്ട്. വാൾസ്ട്രീറ്റ് പത്രത്തിന്റെ കണക്കു പ്രകാരം ബില്യൺ ഡോളർ സ്റ്റാർട്ടപ്പ് ക്ലബ്ബിൽ, പതിനാറു ശതമാനവും ഇന്ത്യൻ കമ്പനികളാണ്.
ന്യൂ യോർക്കിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് നടന്ന കൂട്ടായ്മയിൽ സംബന്ധിക്കാൻ പോയിരുന്നു. അല്പം താമസിച്ചാണ് എത്തിയത് , അവിടെ ചെന്നപ്പോൾ ഒരു ആൾകൂട്ടം വീടിനു പുറത്തു നിൽക്കുന്നു . ഒരു സുഹൃത്ത് പറഞ്ഞു, വണ്ടി കുറച്ചു മാറ്റി പാർക്ക് ചെയ്തുകൊള്ളൂ. കാര്യം പിന്നെ പറയാം, വീട്ടിൽ ചെന്നപ്പോൾ സ്ഥിതിഗതികൾ അത്ര പന്തിയായിട്ടല്ല കണ്ടത്. ആരോ ഒരാൾ അയിലത്തെ വീടിനു സമീപം വണ്ടി പാർക്ക് ചെയ്തത് വെള്ളക്കാരായ അയൽക്കാർക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളൊക്കെ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ, തുടങ്ങി വർഗ്ഗീയ ചുവയുള്ള കടുത്ത പരാമർശങ്ങൾ നടത്തി, അതിൽ പ്രകോപിതരായ ചില സുഹൃത്തുക്കൾ കുറെ വണ്ടികൾ കൂടി അവിടേയ്ക്ക് കൊണ്ട് പാർക്ക് ചെയ്തു പ്രതിക്ഷേധിക്കാനുള്ള പരിപാടി ആയിരുന്നു. ആരോ സംയമനം പാലിക്കാൻ ഉപദേശിച്ചതുകൊണ്ടു അത് വലിയ സംഭവമായി മാറിയില്ല. വര്ഷങ്ങളായി അവിടെ താമസിച്ചിരുന്ന സുഹൃത്തു സംബ്രഹ്മത്തോടെ പറഞ്ഞു, ഇതുവരെ ഇങ്ങനെ ഒരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ , അതും മാറിവരുന്ന അസ്ഹണുതകളുടെ തുടക്കം മാത്രം ആയിരിക്കാം. ഇത്തരം അനുഭവങ്ങൾ അവിടവിടെയായി ഇടയ്ക്കു അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും, വർഗ്ഗീയ വിദ്വേഷം മറനീക്കി പുറത്തുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിലനിൽക്കുന്നുണ്ട്.
രാവിലെ ജോലിക്കു പോകുന്ന വഴി ന്യൂ യോർക്കിലെ പെൻസ്റ്റേഷനലിൽ ട്രെയ്നുവേണ്ടി കാത്തുനിൽക്കുമ്പോൾ ഒരു കൂട്ടം ചൈനീസ് കുട്ടികൾ, പ്ലാറ്റ്ഫോമിന്റെ മഞ്ഞ വരച്ച തിട്ടയിൽ കയറിനിന്നു ചൈനീസ് ഭാഷയിൽ ഉച്ചത്തിൽ സംസാരിക്കുന്നു. മഞ്ഞ വരച്ച തിട്ടയിൽ നിൽക്കരുതെന്നാണ് നിയമം. വേഷത്തിൽ അമേരിക്കൻ കുട്ടികൾ ആണെങ്കിലും പറയുന്നത് ചൈനീസ് ഭാഷയും, കൈയ്യിൽ ഇടയ്ക്കു ഇടയ്ക്കു ഉയർത്തിനോക്കുന്ന കണക്കു പുസ്തകങ്ങളും , കൂട്ടത്തിൽ “F” ചേർത്ത് പറയുന്ന വാക്കുകളും കൊണ്ട് അവിടം ശബ്ദ മുഖരിതമായാക്കി. ദൂരെനിന്നും ഒരു വെള്ളക്കാരൻ , തലയിൽ ഒരു അമേരിക്കൻ കൊടി തൂവാലയായി കെട്ടിയിട്ടുണ്ട്, താടിമീശയും പച്ചകുത്തിയ ശരീരവും; അയാൾ നടന്നടുത്തു, മഞ്ഞ തിട്ടയിൽ കൂടിത്തന്നെ അയാൾ വേഗത്തിൽ കടന്നു വന്നു കുട്ടികളുടെ അടുത്തെത്തി, “ മാറി നിൽക്കൂ” എന്ന് ഉച്ചത്തിൽ പറഞ്ഞിട്ട് ദേഷ്യ ഭാവത്തോടെ കടന്നു പോയി. ട്രെയിൻ എത്തി, ഒരുവിധം അതിൽ കയറിക്കൂടി, കുട്ടികൾ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, കണ്ണോടിച്ചുനോക്കിയപ്പോൾ ട്രെയിനിൽ തൊണ്ണൂറു ശതമാനവും കറുത്തവർഗക്കാരും സ്പാനിഷ് വംശജരും ഏഷ്യക്കാരും ഒക്കെ കുടിയേറ്റക്കാർ തന്നെ. “നിൽക്കണോ അതോ പോകണോ?” എന്ന ഒരു ചോദ്യം അറിയാതെ മനസ്സിനെ നോവിച്ചു. രണ്ടായിരത്തി പതിനേഴു, മെയ്മാസം അഞ്ചാം തീയതി, ന്യൂ യോർക്ക് .