ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ജെറ്റ് എയര്‍വേസ് രണ്ട് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ചെന്നൈയില്‍ നിന്നും പാരീസിലേക്കും ബംഗളൂരുവില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കുമുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു സര്‍വീസുകളുടെ അവതരണത്തോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള യാത്രക്കാര്‍ക്ക് ജെറ്റിന്റെ കോഡ് ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയവരുടെ ഫ് ളൈറ്റുകളിലൂടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഇനി അനായാസം കണക്ഷന്‍ ലഭിക്കും.
ബംഗളൂരു- ആംസ്റ്റര്‍ഡാം സര്‍വീസ് ഒക്‌ടോബര്‍ 29ന് ആരംഭിക്കും. ബംഗളൂരുവില്‍ നിന്നും 2.25ന് പുറപ്പെടുന്ന ഫ് ളൈറ്റ് 8.35ന് ആംസ്റ്റര്‍ഡാമിലെത്തും. തിരിച്ച് ആംസ്റ്റര്‍ഡാമില്‍ നിന്നും 10.50ന് പുറപ്പെടുന്ന ഫ് ളൈറ്റ് പുലര്‍ച്ചെ 12.40ന് ബംഗളൂരുവില്‍ എത്തും. കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവരുടെ ഫ് ളൈറ്റുകളില്‍ ജെറ്റ് കോഡുകള്‍ ഉപയോഗിച്ചാകും സര്‍വീസ്.
അന്നേ ദിവസം തന്നെ ചെന്നൈ- പാരീസ് സര്‍വീസും ആരംഭിക്കും. ചെന്നൈയില്‍ നിന്നും 1.45ന് പുറപ്പെടുന്ന വിമാനം 8.10ന് പാരീസിലെത്തും. പാരീസില്‍ നിന്നും 10.10ന് തിരിക്കുന്ന സര്‍വീസ് പുലര്‍ച്ചെ 12.15ന് ചെന്നൈയിലെത്തും. എയര്‍ ഫ്രാന്‍സും ഡെല്‍റ്റാ എയര്‍ലൈനുമായിരിക്കും ഈ സര്‍വീസുകളിലെ കോഡ്‌ഷെയര്‍ സഹകാരികള്‍.
ബംഗളൂരുആംസ്റ്റര്‍ഡാം സര്‍വീസ് ദിവസവുമുണ്ടാകും. എന്നാല്‍ ചെന്നൈ- പാരീസ് സര്‍വീസ് ആഴ്ചയില്‍ അഞ്ചു ദിവസമായിരിക്കും. ജെറ്റിന്റെ നിലവിലെ ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ആംസ്റ്റര്‍ഡാം, ടൊറന്റോ സര്‍വീസുകള്‍ തുടരും. മുംബൈയില്‍ നിന്നും നേരിട്ട് പാരീസിലേക്കുള്ള സര്‍വീസും ഉണ്ടാകും.
ബംഗളൂരു, ചെന്നൈ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഈ നഗരങ്ങള്‍ക്കിടയില്‍ നോണ്‍സ്‌റ്റോപ്പ് സര്‍വീസ് നടത്തുന്ന ഏക എയര്‍ലൈനാകും ജെറ്റ് എയര്‍വേസ്. വിനോദയാത്രക്കാര്‍ക്ക് ഉള്‍പ്പടെ ഒരു ഗേറ്റ്‌വേയിലൂടെ യൂറോപ്പിലേക്ക് പറക്കാനും മറ്റൊന്നിലൂടെ തിരിച്ചു വരുന്നതിനുമുള്ള സൗകര്യം കൂടി ഇതുവഴി ലഭിക്കും.
യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും കണക്ഷനുകളും മെച്ചപ്പെടുത്തുന്നതില്‍ ജെറ്റ് എയര്‍വേസ് എന്നും ശ്രദ്ധിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ വളര്‍ന്നു വരുന്ന വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഈ രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത്.
ആംസ്റ്റര്‍ഡാം, പാരീസ് ഗേറ്റ് വേകളിലൂടെ ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും യൂറോപ്പിലെ 35 കേന്ദ്രങ്ങളിലേക്കും യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 24 കേന്ദ്രങ്ങളിലേക്കും കോഡ് ഷെയര്‍ പാര്‍ട്‌നര്‍മാരിലൂടെ നോണ്‍ സ്‌റ്റോപ് കണക്റ്റിവിറ്റിയാണ് ഒരുക്കുന്നത്.
കൂടുതല്‍ കാബിന്‍ സ്‌പേസ്, ലെഗ്‌റൂം, ഫ് ളാറ്റ് ബെഡുകള്‍ തുടങ്ങി ദീര്‍ഘ ദൂര യാത്രയ്ക്കു വേണ്ട സുഖസൗകര്യങ്ങളെല്ലാമുള്ള എയര്‍ബസ് എ330 എയര്‍ക്രാഫ്റ്റായിരിക്കും ജെറ്റ് ഉപയോഗിക്കുക. ഏപ്രില്‍ 20 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.