Saturday, November 23, 2024
HomeKeralaമോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ ആവേശവുമായി പോപ്പുര്‍ റാലി വീണ്ടും എത്തുന്നു.

മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ ആവേശവുമായി പോപ്പുര്‍ റാലി വീണ്ടും എത്തുന്നു.

മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ ആവേശവുമായി പോപ്പുര്‍ റാലി വീണ്ടും എത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പോപ്പുലര്‍ റാലി വീണ്ടും എത്തുന്നു. കേരളത്തിലെ മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ ആവേശമായിരുന്ന പോപ്പുലര്‍ റാലി ഇത്തവണ ചുരുങ്ങിയ സമയത്തില്‍ അതിവേഗതയില്‍ ജേതാവിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്പഷ്യല്‍ സ്‌റ്റേജിലായിരിക്കും അരങ്ങേറുക. സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് റാലിയുടെ സംഘാടകര്‍.
മെയ് 13നു വാഹനങ്ങളുടെ സ്‌ക്രൂട്ടിനി അരങ്ങേറും. മെയ് 14നു മറൈന്‍ഡ്രൈവില്‍ ഹെലിപാഡില്‍ നിന്നും റാലി ഫ് ളാഗ് ഓഫ് ചെയ്യും. അഞ്ച് കാറ്റഗറികളിലായി മൊത്തം 30ഓളം ചതുര്‍ചക്രവാഹനങ്ങള്‍ റാലിയില്‍ പങ്കെടുക്കും. 21 വര്‍ഷം പിന്നിട്ട ഈ റാലി എഫ്.എം.എസ്.സി അംഗീകാരത്തോടെയുള്ള ഇന്ത്യന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് റാലിയുടെ ഭാഗമാണ്. കുറ്റൂക്കാരന്‍ ഗ്രൂപ്പ് നടത്തുന്ന പോപ്പുലര്‍ റാലി ഇത്തവണ മലയാറ്റൂര്‍,കാലടി പ്ലാന്റേഷനുകളിലായിട്ടാണ് പൂര്‍ണമായും ക്രമപ്പെടുത്തിയിരിക്കുന്നത്. മൊത്തം 300 കിലോമീറ്ററോളം വരുന്ന റാലിയില്‍ 12 സ്‌റ്റേജുകളിലായിട്ടാണ് മത്സരം.
ഓപ്പണ്‍ വിഭാഗം, 2000 സി.സി, എന്നിവയ്ക്കു പുറമെ ഓര്‍മ്മകളുടെ ട്രാക്കില്‍ നിന്നും ജിപ്‌സി, എസ്റ്റീം എന്നിവയും മത്സര ഇനങ്ങളില്‍ ഓടിയെത്തും. മൊത്തം അഞ്ച് കാറ്റഗറികളിലായിട്ടാണ് മത്സരം. 13നു വാഹനങ്ങളുടെ സ്‌കൂട്ടിനി കഴിഞ്ഞാല്‍ 14 നു രാവിലെ ഏഴര മണിയോടെ കൊച്ചിയില്‍ നിന്നും ഫ് ളാഗ് ഓഫ് ചെയ്യപ്പെടുന്ന വാഹനങ്ങള്‍ ഒന്നര മണിക്കൂറിനുശേഷം കാലടിമലയാറ്റൂര്‍ പ്ലാന്റേഷന്‍ മേഖലയിലെ പ്രത്യേകം തയ്യാറാക്കിയ റാലി സര്‍ക്യൂട്ടിലേക്കു കടക്കും.
അവസാന 85 കിലോമീറ്റര്‍ വരുന്ന സ്‌പെഷ്യല്‍ സ്‌റ്റേജ് ആയിരിക്കും ഡ്രൈവര്‍മാരുടെ വെല്ലുവിളി. വൈകിട്ട ആറ് മണിയോടെ എല്ലാ വാഹനങ്ങളും മറൈന്‍ഡ്രൈവില്‍ എത്തിച്ചേരും . അവിടെ വെച്ചു തന്നെയായിരിക്കും സമ്മാനദാനം. മൊത്തം ഏഴ് ലക്ഷം രൂപ ക്യാഷ് പ്രൈസ് വരുന്ന റാലിയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ 80,000 രൂപയാണ് ക്യാഷ് പ്രൈസ്.
പ്രമുഖ മലയാളി റാലി ഡ്രൈവര്‍മാരായ യൂനസ്, കെ.സി. ആദില്‍, കെ.ജെ.ജേക്കബ്, ഫാബിന്‍, കാസിം എന്നിവര്‍ പങ്കെടുക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ റാലി താരങ്ങളും മത്സരിക്കാനെത്തും. കേരളത്തിന്റെ ഭൂപ്രകൃതിയും ഓഫ് റോഡിലെ വെല്ലുവിളികളും ഏറ്റെടുക്കാന്‍ സന്നദ്ധരായി ദേശീയ റാലി സര്‍ക്യൂട്ടിലെ വനിതാ ഡ്രൈവര്‍മാരും എത്തുമെന്നു കരുതുന്നു. ഒരുകാലത്ത് കൊച്ചിയിലെ മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ ഹരമായിരുന്ന പോപ്പുലര്‍ റാലി ഒന്‍പത് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ്. തിരിച്ചുവരുന്നത്. പക്ഷേ, രണ്ട് പതിറ്റാണ്ടിനു മുന്‍പ് യൂവാക്കളുടെ ഹരമായിരുന്ന ഇരുചക്രവാഹനങ്ങള്‍ ഇത്തവണ റാലിയില്‍ ഉണ്ടാകില്ല.
മറൈന്‍ ഡ്രൈവില്‍ നിന്നും ആരംഭിച്ചു മൂന്നാറിലൂടെ നിരവധി സാഹസിക മൂഹൂര്‍ത്തങ്ങള്‍ പിന്നിട്ടു മറൈന്‍ഡ്രൈവില്‍ ഫിനീഷ് ചെയ്തിരുന്ന ത്രിദിന റാലി സംഘാടകര്‍ വാഹനപ്പെരുപ്പവും റോഡുകളില്‍ വേഗത നിയന്ത്രണവും തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഉപേക്ഷിച്ചതോടെ ഏകദിന റാലിയായി ചുരുക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ നടത്തിയ ഭൂതത്താന്‍കെട്ട് എടമലയാര്‍ റൂട്ടും ഇത്തവണ വന്യജീവികളുടെ ശല്യം കാരണം ഉപേക്ഷിച്ചതായും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍, റാലിയുടെ സി.ഒ.സി ഡോ.ബിക്കു ബാബു , പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറും, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായ ജോണ്‍ കെ പോള്‍ ജോര്‍ജ് വര്‍ഗീസ്, മിലന്‍ ജോര്‍ജ്, മേഘാ എബ്രഹാം, പോള്‍ കെ.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
RELATED ARTICLES

Most Popular

Recent Comments