വാചാലമാകാൻമോഹിക്കുന്ന
ഒരുപാട് മൗനങ്ങൾ,
ഒരു കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു
ഒരു പറവയിൻചിറകടിശബ്ദത്തിൽ
കൊഴിഞ്ഞുവീണ
നിശബ്ദതയിൽനിന്നും
കടമെടുക്കപ്പെട്ട താളിൽ
ഒരുതൂവൽ മഷിപടർത്തുന്നു
അഴികളിൽ തലതല്ലിതുലയുന്ന
മഴപ്പാറ്റകൾ ചിറകറ്റിഴയുന്നു
കാറ്റുമായി കൂട്ടിയിടിച്ച്
രണ്ടുമഞ്ഞുതുള്ളികൾ
ശൂന്യതയിൽ വിലയംപ്രാപിച്ചു
നീർചോലയിൽകുതിർത്ത
അക്ഷരങ്ങളെഭക്ഷിച്ച്
ഒരുനീലപൊന്മാൻ വിശപ്പടക്കുന്നു
കരിമ്പനച്ചോട്ടിൽ
രാത്രിയെവിഴുങ്ങാൻ
പാലപ്പൂമണംതേടി കാറ്റ്
വിടരാൻമടിക്കുന്ന മുല്ലമൊട്ടുകൾ ആയുസ്സെത്താതെ
അടർന്നുവീഴുന്നു
വീണ്ടും കൂടുതേടുന്നമൗനം
ഒരു പ്രളയത്തെ
സ്വപ്നംകാണുന്നു.