ശോഭാ വൽസൻ.
പണ്ടൊരു നാളെന്റെ ചാരത്തു നിങ്ങളും,
കൂട്ടുകാരൊത്ത് രമിച്ചിരുന്നു
സന്ധ്യാംബരച്ചോപ്പ് സ്വർണ്ണം വിതയ്ക്കവേ
ഏറെ സ്വകാര്യത പങ്കുവെച്ചു
വെള്ളിക്കൊലുസ്സിട്ട നഗ്നപാദങ്ങളാൽ
കൊച്ചു കൊച്ചോളങ്ങൾ തീർത്തു!
അതുകണ്ടെന്നകം കോരിത്തരിച്ചതും
ഒരു വേളയിന്നു ഞാൻ ഓർത്തു!
പേരുകേട്ടെത്രയോ!കവികളെൻ ചുറ്റിലും
പായ്‌വിരിച്ചന്തിയുറങ്ങി!
ഞാനറിയാതെയെൻ മേലൊന്നു നോവാതെ
അക്ഷരപ്പൂക്കൾ പറിച്ചു!
പ്രകൃതിതൻ റാണിയാം ഞങ്ങളീ പുഴകൾക്ക്
താങ്ങും തണലായ് മരങ്ങൾ!
ഇന്നിന്റെ മാറിലവ നിർജ്ജീവ വസ്തുവായ്
വെയിലേറ്റ് വാടിത്തളർന്നു!
നീന്തുവാൻ കൈകാൽ തളർന്നൊരു പുഴയായി
മഴമേഘം കൺനട്ടിരുന്നു!
പുതുമഴ പെയ്യവേയാർത്തു കളിക്കുന്ന,
കുഞ്ഞു മൽസ്യങ്ങളെക്കണ്ടോ?
ശ്വാസോഛ്വാസത്തിനായ് പിടയുന്ന കാഴ്ചകൾ!
നെഞ്ചകം പൊട്ടിത്തകർന്നു.
ശുദ്ധജലത്തിലോ!മാലിന്യ നിക്ഷേപം
ശത്രുവെ ഞങ്ങൾ ഭയന്നു!
ചത്തു പൊന്തീടുന്ന ജീവജാലങ്ങളോ
പുഴയോരക്കാഴ്ചകളായീ!
കാലൊന്നുറപ്പിച്ചു നിന്ന മണൽതിട്ട
മോഷണവസ്തുവായ് മാറി!
നിലയില്ലാ വെള്ളത്തിൽ വീഴുന്നതും കണ്ട്
കണ്ണടക്കുന്നുവോ നിങ്ങൾ?
നന്മ വിതറും പരിസ്‌ഥിതി പാലകർ
മാത്രമാണിന്നൊരു കൂട്ട്!
ഒന്നേയൊരു കാര്യം നിങ്ങൾ ചെയ്തീടുക!
മോഷ്ടിച്ചതെല്ലാം തരിക!
എങ്കിലുണർന്നിടാം കവികൾക്കും കൂട്ടാകാം,
നീന്തിത്തിമർത്തുല്ലസിക്കാം!
വടിവൊത്ത മേനിയഴകിൻ ബലത്തിലായ്
മനുഷ്യരാശിക്കും സുകൃതം!
ഇല്ലെങ്കിലൊന്നുണ്ട് കേൾക്കുക നിശ്ചയം!
ഒരുവാക്കിലെല്ലാമൊതുക്കാം!
നിറഞ്ഞു തുളുമ്പുന്ന പുഴയുടെ ചിത്രങ്ങൾ,
പൊടിതട്ടി സൂക്ഷിച്ചുവെക്കാം!
ഞങ്ങളാം പുഴകൾ തൻ ശ്വാസം നിലക്കുകിൽ
മാനവരാശിക്കതന്ത്യം!