പുഴ പറയുന്നത്. (കവിത) സെബു. ജെ.ആര്‍.
കൈതപ്പൂവെന്നോട് ചിരിച്ചതിനല്ലേ
കൈതയെ വേരോടെ കൊത്തിയരിഞ്ഞതന്ന്?
അതിരിന്നപ്പുറം നനഞ്ഞിറങ്ങാതിരിക്കാനല്ലേ
മതിലെന്ന വളയെന്നെ
അണിയിച്ചത്?
കരം വെച്ച കരനട്ട
കണ്ടല ല്ലേ പിന്നെ
തുണിയൂരിചെളിമാറിൽ പുതപ്പിച്ചത്?
പൊരുന്നു വിരിയിച്ച മൺതിട്ടിൽ
മുരണ്ടത് യന്ത്രങ്ങൾ മുഴക്കിയ ആർത്തിയല്ലേ?
കൈ നീട്ടി അവയെന്റെ വയർ കീറി ചികഞ്ഞത് കുടൽ കോർത്തവൈഡൂര്യമെടുക്കാനല്ലേ?
മരങ്ങൾ കടപുഴകി
മലർന്നങ്ങു പതിച്ചപ്പോൾ
മഴയല്ലേ കണ്ണീർ ചിത്രം വരച്ചതെന്നിൽ?
പ്രളയം ചുവപ്പിച്ച മിഴികൾ കഴുകാനല്ലേ ,
തെളിനീർ മന്ത്രം ചൊല്ലി പഠിച്ചതെന്നും
നീയെറിഞ്ഞപ്പോഴും
ചിരിയാലെ ഓളമിട്ടു
കരൾത്തടം മെല്ലെതഴുകിയില്ലേ?
സ്ഫടികം തുടിക്കുന്ന
ഹൃദയം തിളയ്ക്കുന്ന,
കാഴ്ച നിൻ കണ്ണിനു ഗോചരമോ?
ഇനിഎറിയരുതേ നിൻ മാലിന്യമെന്നിലായ്
തെളിനീരിൽ കന്മഷം കലർത്തരുതേ …..