ജോണ്‍സണ്‍ ചെറിയാന്‍
വീടിന്റെ മുന്നില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളുമായി ഒരു ഉദ്യാനം. അടുത്ത വീടുകളില്‍ നിന്ന് വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിച്ച് അതൊന്നു വിപുലമാക്കുന്ന കാലം, മലയാളിക്കിന്ന് അതൊക്കെ ഗൃഹാതുരമായ ഓര്‍മകള്‍ മാത്രമാണ്. വീടിന്റെ നിര്‍മ്മാണ രീതികള്‍ വിപുലമാക്കിയപ്പോള്‍ വീടിന്റെ ചുറ്റുപാടുകള്‍ മനോഹരമാക്കുന്നതിലും മലയാളികളേറെ ശ്രദ്ധ നല്‍കി. ലാന്‍ഡ്സ്‌കേപ്പിങ്ങ് ഗാര്‍ഡനിങ്ങിന്റെ കാലമാണിപ്പോള്‍. ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍, ഡ്രൈഗാര്‍ഡന്‍, കന്റംപ്രെററി ഗാര്‍ഡന്‍ എന്നിങ്ങനെ പലതരത്തില്‍ പ്രകൃതിയ്ക്ക് അനയോജ്യമായ തരത്തിലാണ് ഇന്ന് പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത്. വീടിന്റെ മുന്‍ഭാഗത്ത് പച്ചപുല്ലുകള്‍ പാകി മീന്‍കുളമൊരുക്കുന്നത് പഴയ ഫാഷനാണെങ്കിലും മലയാളിയ്ക്കിന്നും ഇതിനോടുള്ള പ്രിയം അത്ര വിട്ടുമാറിയിട്ടില്ല. പൂന്തോട്ടം ഒരുക്കാന്‍ തയാറെടുക്കും മുന്‍പ് ചിലവാക്കാന്‍ ഉദ്ദേശിയ്ക്കുന്ന തുക, സ്ഥലവിസ്തൃതി ഇവ ആദ്യമേ കണക്കാക്കണം. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാന്‍.
പുല്‍ത്തകിടി തയാറാക്കുന്നതിനായി ചതുരാകൃതിയിലുള്ള കാര്‍പെറ്റ് പുല്‍മാറ്റുകള്‍ ഉപയോഗിയ്ക്കുക. ഇവ ഒരു ചതുരശ്ര അടി മാറ്റിന് 4045 രൂപവരെ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. പുല്‍ത്തകിടികളില്‍ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്നീഷ്യം സള്‍ഫേറ്റ് ലായനി തളിച്ച് കൊടുത്താല്‍ മതിയാകും.
പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബിചിപ്സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‍ഡ്സ്‌കേപ്പിങ്ങ് ടെറസിലോ, ബാല്‍ക്കണിയിലോ, അകത്തുള്ള കോര്‍ട്ട്യാഡിലോ ഒരുക്കാവുന്നതാണ്.
ലാന്‍ഡ് സ്‌കേപ്പിന്റെ പിരിമിതി ചെറുതായാലും കൃത്യമായ പരിചരണരണം നടന്നെങ്കില്‍ മാത്രമേ സൗന്ദര്യം നിലനിര്‍ത്താന്‍ സാധിയ്ക്കുകയുള്ളു. ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വീട്ടിലൊരു പൂന്തോട്ടം ഒരുക്കുന്നത് ഏറെ ഗുണകരമാകും.