ജോയിച്ചന്‍ പുതുക്കുളം.
ന്യൂജേഴ്സി: ഡോ. സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന 2024 – 2026 ടീം നടപ്പിലാക്കുന്ന സ്വിം കേരള പദ്ധതി ദീർഘകാല വീക്ഷണവും , ലോക മാതൃകയുമാണെന്ന് ഫൊക്കാന 2026 – 2028 മത്സര രംഗത്തുള്ള ടീം ഇൻ്റഗ്രിറ്റി നേതൃത്വവും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. കേരളത്തിലെ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുന്നതിന് അമേരിക്കൻ മലയാളികൾ ഫൊക്കാനയ്ക്ക് പിന്നിൽ അണിനിരക്കുന്ന ചരിത്ര കാഴ്ചയാണത്. ഫൊക്കാനയുടെ നേതൃത്വത്തിൽ ദേശീയ നീന്തൽ താരം മുരളീധരൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകി വരുന്ന സൗജന്യ നീന്തൽ പരിശീലനപരിപാടിയായ സ്വിം കേരളാ സ്വിമ്മിൻ്റെ ഭാഗമായി രണ്ട് എഡിഷൻ പരിപാടികളാണ് ഫൊക്കാന നടപ്പിലാക്കിയത്. ഒരു കുട്ടി നീന്തൽ പഠിക്കുന്നതോടു കൂടി, അത് ശാസ്ത്രീയമായി അഭ്യസിക്കുന്നതോടു കൂടി മറ്റൊരു ജീവനെ രക്ഷപെടുത്താൻ അവസരമൊരുക്കുന്ന ജീവൽ പ്രവർത്തനമാണ് നടക്കുന്നത്. ഡോ.സജിമോൻ ആൻ്റണി , ശ്രീകുമാർ ഉണ്ണിത്താൻ , ജോയി ചാക്കപ്പൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇത് ഒരു തുടർ പദ്ധതിയായി മാറുവാൻ, ഈ പദ്ധതിക്കൊപ്പം ടീം ഇൻ്റഗ്രിറ്റിയും എന്നും ഉണ്ടാകും.
ജനുവരി 18 ന് പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽ കുളത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൻ്റെ സമാപനം പുതിയ ചരിത്രം കുറിക്കുന്ന നിമിഷമായി മാറും എന്നതിൽ സംശയമില്ല. മുഖ്യ പരിശീലകനായ എസ്. പി. മുരളീധരനെ പോലെയുള്ള ലോകോത്തര സാഹസിക നീന്തൽ താരത്തിൻ്റെ പരിശീലനത്തിൽ ചുണക്കുട്ടൻമാരായ നീന്തൽ താരങ്ങളെ സൃഷ്ടിക്കുവാനും അവരുടെ കഴിവും അറിവും കേരളത്തിൻ്റെ യുവ സമൂഹത്തിന് ലഭിക്കുമ്പോൾ ഫൊക്കാന വലിയ ഒരു ജീവകാരുണ്യ പ്രവർത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ടീം ഇൻ്റഗ്രിറ്റി സ്ഥാനാർത്ഥികളായ ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ , ആൻ്റോ വർക്കി, ലിൻഡോ ജോളി , ജോസി കാരക്കാട്ട് , അപ്പുക്കുട്ടൻ പിള്ള , സോണി അമ്പൂക്കൻ , ഡോ. ഷൈനി രാജു , ഡോ. അജു ഉമ്മൻ , ഗ്രേസ് മറിയ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ ; ജോർജി വർഗ്ഗീസ് പ്രസിഡൻ്റ് , എബി ആനന്ദ് സെക്രട്ടറി.
ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക , ഫ്ലോറിഡ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവർത്തകനും , സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമായ ജോർജി വർഗ്ഗീസ് നയിക്കുന്ന കമ്മറ്റിയിൽ വൈസ് പ്രസിഡൻ്റ് ബിനു ചിലമ്പത്ത് , സെക്രട്ടറി എബി ആനന്ദ് , ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ , ട്രഷറർ സാബു മത്തായി എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോർജി വർഗ്ഗീസ് അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിലെ അറിയപ്പെടുന്ന സാന്നിദ്ധ്യമാണ്. കേരളത്തിൽ വൈ എം സി എ പ്രസ്ഥാനത്തിൻ്റെ അമരത്തു നിന്ന് അമേരിക്കയിൽ എത്തിയതു മുതൽ ഫ്ലോറിഡയിലെ മലയാളി സംഘടനകളുടെ പ്രവർത്തന രംഗത്ത് നിരവധി പദവികളിലൂടെ കടന്നു പോയ ജോർജി വർഗീസ് എഴുത്തു രംഗത്തും സജീവമായിരുന്നു. സൗത്ത് ഫ്ലോറിഡ കേരള സമാജം പ്രസിഡൻ്റായിരുന്നു. ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ മുൻകൈ എടുക്കുകയും ദീർഘകാലം ഫൊക്കാന ടുഡേയുടെ എഡിറ്ററായും പ്രവർത്തിച്ചു. ഫൊക്കാനയുടെ കമ്മറ്റി അംഗം മുതൽ നിരവധി പദവികൾ വഹിച്ച ശേഷം ഫൊക്കാന പ്രസിഡൻ്റ് , മത , സാംസ്കാരിക സംഘടകളുടെ സാരഥിയായും പ്രവർത്തിക്കുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയ്ക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫൊക്കാന പ്രസിഡൻ്റായിരുന്ന സമയത്ത് സാഹിത്യ, സാമൂഹ്യ , സാംസ്കാരിക , ജീവകാരുണ്യ മേഖലയ്ക്ക് മുതൽകൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ ബ്രോവാർഡ് കൗണ്ടി ഹ്യുമൻ സർവ്വീസസ് മാനേജരായി ഔദ്യോഗിക സർവ്വീസിൽ തുടരുന്നു. കേരളത്തിലെ ഭിന്നശേഷി മേഖലകളിൽ എന്നും എപ്പോഴും സഹായവുമായി എത്തുന്ന ജോർജി വർഗ്ഗീസ് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചാപ്റ്ററിൻ്റെ പ്രസിഡൻ്റായി നിയമിക്കപ്പെട്ടതിൽ അമേരിക്കൻ മലയാളികൾക്ക് അഭിമാനിക്കാം.
വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ചിലമ്പത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. സ്കൂൾ കാലഘട്ടം മുതൽക്കേ സാഹിത്യം , പ്രസംഗം എന്നീ മേഖലകളിൽ സജീവമായിരുന്ന ബിനു ചിലമ്പത്ത് അമേരിക്കയിൽ എത്തിയപ്പോഴും എഴുത്ത് തുടർന്നു. വിവിധ അച്ചടി ഓൺലൈൻ മാസികകളിൽ ലേഖനങ്ങൾ , ഓർമ്മക്കുറിപ്പുകൾ എന്നിവയിലൂടെ ശ്രദ്ധേയയായ ബിനു ചിലമ്പത്ത് ഫ്ലോറിഡയിലെ അറിയപ്പെടുന്ന സംഘാടകയും സാമൂഹ്യ സാംസ്കാരക പ്രവർത്തകയുമാണ്. കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എബി ആനന്ദ് അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വർഷങ്ങളായി ലേഖകനായും ഫോമയുടെ പി. ആർ. ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലോറിഡ നവകേരള ആർട്സ് ക്ലബ്ബിൻ്റെ സെക്രട്ടറിയായും പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് ഫ്ലോറിഡായുടെ മുൻ ട്രഷറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കലാ രംഗത്തും സജീവമായ എബി ആനന്ദ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും , വീഡിയോ ഗ്രാഫറും കൂടിയാണ്.
ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെസി പാറത്തുണ്ടിൽ അമേരിക്കയിൽ എത്തിയ നാൾ മുതൽ മീഡിയ രംഗത്ത് സജീവമാണ്. നിരവധി സംഘടനകളുടെ ലേഖികയായും അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. സൗത്ത് ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ജെസി പാറത്തുണ്ടിൽ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡൻ്റു കൂടിയാണ്.
ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട സാബു മത്തായി ദൃശ്യമാധ്യമ രംഗത്ത് സജീവമായ വ്യക്തിത്വമാണ്. ഏഷ്യാനെറ്റ് യു. എസ്. എ യുടെ ഫോട്ടോഗ്രാഫർ , വീഡിയോ ഗ്രാഫറായി പ്രവർത്തനം തുടങ്ങിയ സാബു മത്തായി ഫ്ലോറിഡയുടെ സാംസ്കാരിക മേഖലയിൽ നിറ സാന്നിദ്ധ്യവും ഇപ്പോൾ ഫ്രീലാൻസ് മാധ്യമ പ്രവർത്തനത്തിൽ സജീവവുമാണ്.
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് ക്കയുടെ മുൻ പ്രസിഡൻ്റുമാരായ സുനിൽ തൈമറ്റം, മാത്യു വർഗ്ഗീസ എന്നിവർ യോഗത്തിൽ പങ്കെടുത്തൂ.
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻ്റ് രാജു പള്ളത്ത് നയിക്കുന്ന മാതൃ സംഘടനയ്ക്ക് മുതൽകൂട്ടായും ഫ്ലോറിഡയിലെ മാധ്യമ രംഗത്ത് സജീവമായും പ്രവർത്തിക്കുമെന്നും , വരുന്ന രണ്ട് വർഷങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫ്ളോറിഡ ചാപ്റ്റർ പ്രസിഡൻ്റ് ജോർജി വർഗീസ് , സെക്രട്ടറി എബി ആനന്ദ് , ട്രഷറർ സാബു മത്തായി , വൈസ് പ്രസിഡൻ്റ് ബിനു ചിലമ്പത്ത് , ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ എന്നിവർ അറിയിച്ചു.
