വിനോദ് കൊണ്ടൂർ ഡേവിഡ്.
മെസ്കീറ്റ്/ഡാളസ്: “വെളിവു നിറഞ്ഞൊരീശോ നിൻ വെളിവായ് കാണുന്നു…” മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അതി മനോഹര കുർബ്ബാന ഗാനങ്ങൾ, കോട്ടയം ഉൾപ്പെടെയുള്ള മദ്ധ്യ തിരുവതാംകൂർ ഭാഗത്തുള്ള ഏതൊരു മലയാളിക്കും ഒരു പക്ഷെ കേട്ടു പരിചയമെങ്കിലും ഉണ്ടാകും. മറ്റു പഴയ കാല ക്രിസ്തീയ ഗാനങ്ങളായ മൽപ്രീയനേ എന്നേശു നായകനേ, പ്രാർത്ഥന കേൾക്കണമേ കർത്താവേ, തുടങ്ങിയ ഗാനങ്ങൾ ഒരു കഴിഞ്ഞ കാലഘട്ടത്തിലേക്ക് ഊളിയിട്ടു കൊണ്ടു പോകുമെന്നതിൽ അശേഷം സംശയമില്ല. ഈ ഗാനങ്ങളൊക്കെ ഉൾപ്പെടുത്തി, പ്രശസ്ത സംഗീതജ്ഞനും, സ്വർഗ്ഗീയ ഗാനാലാപകനുമായ റോയ് പുത്തൂരിൻ്റെ സ്വതസിദ്ധ ശൈലിയിൽ ക്രിസ്തീയ സംഗീത സന്ധ്യയുമായി എത്തുകയാണ് , ഡാളസ്സിനടുത്ത് മെസ്കിറ്റ് സിറ്റിയിൽ. ഒപ്പം പ്രശസ്ത ഐഡിയ സ്റ്റാർ സിംഗർ താരം ഇമ്മാനുവേൽ ഹെൻറി, ഒപ്പം മരിയ കോലടി, മെറിൻ ജോർജ് തുടങ്ങിയ അനുഗ്രഹീത ഗായകസംഘം ലൈവായി അവതരിപ്പിക്കുന്ന ഈ ക്രിസ്തീയ ഗാനസന്ധ്യ, കാണികൾക്ക് എന്നും ഗ്രഹാതുരത്വം പകരുന്നതായിരിക്കും.
ഒട്ടനവധി സ്പാനിഷ് വംശജരുണ്ടെങ്കിലും, മെസ്കിറ്റ്, സണ്ണിവേയ്ൽ, ഗാർലണ്ട് തുടങ്ങിയ സിറ്റികളിലെ മലയാളി ക്രിസ്ത്യാനികളിൽ ഭൂരിഭാഗം പേരും വളരെ വർഷങ്ങൾക്ക് മുൻപേ കേരളത്തിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയവരാണ്. അതു കൊണ്ട് തന്നെ കൂടുതലും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികൾ ഇവിടെ തിങ്ങിപാർക്കുന്നു. അടുത്തടുത്ത് കിടക്കുന്ന ഈ മൂന്ന് സിറ്റികളിലുമായി നാട്ടിലെ സാധനങ്ങൾ ലഭിക്കുന്ന ആൽബ, അച്ചായൻസ്, താജ്മഹൽ, ഹിമാലയാ, ഗ്ലോറിയാസ്, റോയൽ, കിയ തുടങ്ങി ഒട്ടനവധി മലയാളി ഗ്രോസറി കടകൾ ഇന്ത്യാ ഗാർഡൻ മലയാളി റസ്റ്റോറൻ്റ് എല്ലാം ഉണ്ട്. ഇവിടങ്ങളിൽ എല്ലാം സ്നേഹ സങ്കീർത്തനം പരിപാടിയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫ്ലയറുകളും, ക്യൂ ആർ കോഡ് ഉപയോഗിച്ചു ടിക്കറ്റുകൾ വാങ്ങിക്കുവാനുമുള്ള സൗകര്യമുണ്ട്.
ഏകദേശം 70-കളിലാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് മലയാളികൾ കുടിയേറാൻ തുടങ്ങിയത്. നേരിട്ട് ഡാളസിലും അതു പോലെ ന്യൂയോർക്കിലും ഫിലഡൽഫിയയിലും ഒക്കെ ഇറങ്ങിയ ശേഷം, ഡാളസിലേക്ക് കുടിയേറിയ ഒട്ടനവധി മലയാളി കുടുംബങ്ങളെ നമുക്ക് ഇവിടെ കാണാം. ഇപ്പോൾ കാലിഫോർണിയയിൽ നിന്നാണ് ഏറിയ പങ്കും ഡാളസിലേക്ക് താമസം മാറി വരുന്നത്. സമ്മറിൽ ചൂട് അൽപ്പം കൂടുതലാണെങ്കിലും, ഹറിക്കേൻ, വിൻ്റർ സ്റ്റോം, കാട്ടുതീ എന്നിവകൾ കുറവാണ് എന്നതും ജോലി സാധ്യത കൂടുതൽ ഉള്ളതും ആണ് ഡാളസിലേക്ക് ആളുകൾ പ്രത്യേകിച്ച് മലയാളികൾ താമസം മാറുന്നത്.
ഈ ഒക്ടോബർ 10-ന് നടക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നത്തിലേക്കു, മെസ്കിറ്റിലും
പരിസര പ്രദേശങ്ങളിലും, ഒപ്പം ഡാളസ്, ആർലിങ്ങ്ടൺ, ഫ്ലവർ മൗണ്ട്, കൊപ്പൽ, കരോൾട്ടൺ, ഗ്രാൻഡ് പ്രയറി, ലൂയിസ് വില്ല്, പ്ലേനോ, റിച്ചാർഡ്സൺ, ഫ്രിസ്ക്കോ, വൈലി, റൗലറ്റ്, ഗാർലൻഡ്, സണ്ണിവേയ്ൽ, ഫോർണി, ടെറൽ, ഡിസോട്ടോ, ലാൻകാസ്റ്റർ, ഫോർട്ട് വർത്ത് തുടങ്ങി മലയാളികൾ തിങ്ങി പാർക്കുന്ന എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളെ ഹൃദയപൂർവ്വം ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയാണ് സംഘാടകർ.
ഡാളസിൽ, എസ്തബാൻ എൻ്റർടേയിൻമെൻ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണ് സ്നേഹ സങ്കീർത്തനം. പരിപാടിയിൽ നിന്നു ലഭിക്കുന്നതിൻ്റെ ഒരു ഭാഗം ഡാളസിലെ തന്നെ കുട്ടികൾക്കായിട്ടുള്ള സ്ക്കോട്ടിഷ് റൈറ്റ് ഫോർ ചിൽഡ്രൻ ഹോസ്പ്പിറ്റൽ ചാരിറ്റി പ്രവർത്തനത്തിനായി ഉപയോഗിക്കും എന്ന് സംഘാടകർ അറിയിച്ചു.
2025 ഒക്ടോബർ 10 ആം തീയതി വെള്ളിയാഴ്ച്ച ഷാരൺ ഇവൻ്റ് സെൻ്ററിൽ (940 ബാൺസ് ബ്രിഡ്ജ് റോഡ്, മെസ്കിറ്റ്, ടെക്സാസ് 75150. 940 Barnes Bridge Rd., Mesquite, TX 75150) വച്ച് വൈകിട്ട് 6:30 മണി മുതൽ 9:30 മണി വരെയാണ് ഈ ക്രിസ്തീയ ഗാനാഘോഷ പരിപാടികൾ നടത്തപ്പെടുന്നത്.
പരിപാടിയുടെ വിജയത്തിന് ഡാളസ്സിലെ മലയാളി സമൂഹത്തിൻ്റെ പിൻതുണ സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും നിങ്ങളുടെ ബിസിനസ്സ് സ്പോൺസർഷിപ്പുകൾക്കുമായി ദയവായി ബന്ധപ്പെടുക:
വിനോദ് കൊണ്ടൂർ 313 208 4952, സ്റ്റാൻലി സ്റ്റീഫൻ 267 912 4400, നീൽ തോമസ് 469 258 9522, റോബി ജെയിംസ് 817 696 7450.
