Thursday, May 22, 2025
HomeSTORIESഅമ്പിന്‍ തുമ്പില്‍ കൊരുത്തത്.

അമ്പിന്‍ തുമ്പില്‍ കൊരുത്തത്.

ശ്രീ കുമാർ ഭാസ്കരൻ .

കാണ്‍പൂരിലെ വിദ്യാർഥിരാഷ്ട്രീയം വളരെ മോശമാണ്.
തനി ഗുണ്ടായിസം. കലാലയത്തിൽ ഒറ്റ വിദ്യാർഥി
പ്രസ്ഥാനമേ ഉള്ളൂ എങ്കിലും ഗാവുകൾ കേന്ദ്രീകരിച്ചുള്ള
ലോക്കൽ ദാദമാരാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്.
അതും കോളേജ് തിരഞ്ഞെടുപ്പ് സമയത്തുമാത്രം.
ഇവരിൽ ആരും തന്നെ സ്ഥിരമായി കോളേജിൽ വരാറില്ല.
കോളേജ് ഇലക്ഷൻ ഒരു ചവിട്ടുപടിയാണ്.
പ്രാദേശികരാഷ്ട്രീയത്തില്‍ ഉയരാനുള്ള ചവിട്ടുപടി.
മത്സരാർത്ഥികളായ എല്ലാവരെയും സംബന്ധിച്ച്. കാരണം
അവർ പിന്നീട് നിയമസഭാ സ്ഥാനാർത്ഥിയായും
ലോകസഭാസ്ഥാനാർഥിയായും മാറും.
ആര്യസമാജത്തിന്റെ കീഴിലുള്ളതാണ് ഡി. എ. വി.
കോളേജ്. സ്റ്റുഡൻസ് സംഖ്യ കൊണ്ട് ഇന്ത്യയിലെ തന്നെ
ഏറ്റവും വലിയ കോളേജ്. അവിടെ ഇലക്ഷൻ പക്കാ
സെക്യൂരിറ്റിയിൽ ആണ് നടക്കുന്നത്. പോലീസ്
സന്നാഹത്തോടെ നടക്കുന്ന ഒരു വലിയ മാമാങ്കം ആണ്
തെരഞ്ഞെടുപ്പ്. കാരണം ഡി. എ. വി. യിലെ ചെയര്‍മാന്‍
അഥവാ വിദ്യാർത്ഥി നേതാവ് ആണ് കാൺപൂർ
യൂണിവേഴ്സിറ്റി ചെയർമാൻ അഥവാ വിദ്യാർത്ഥി
മഹാമന്ത്രി ആവുക.
വിദ്യാർത്ഥി മഹാമന്ത്രി സർവ്വകലാശാല ഭരണത്തിൽ ഒരു
നിർണായക ശക്തിയാണ്. വിദ്യാർത്ഥി മഹാമന്ത്രിയുടെ
അഭിപ്രായം മിക്കവാറും സിൻഡിക്കേറ്റ് എന്ന
ഭരണസമിതി അംഗീകരിച്ചു നടപ്പാക്കുകയാണ് പതിവ്.

കൂടാതെ ഒരു വിദ്യാർത്ഥി മഹാമന്ത്രിക്ക് ഓഫീസ്,
വാഹനം, സെക്യൂരിറ്റി എന്നിവയുമുണ്ട്.
അതുകൊണ്ടുതന്നെ വിദ്യാർത്ഥി മഹാമന്ത്രി പദവി
കളർഫുൾ ആണ്.
പൊതുവേ ആരും ഡി. എ. വി. യിൽ ഇലക്ഷന് വോട്ട്
ചെയ്യാൻ പോകാറില്ല. ഭയം തന്നെ കാരണം. എപ്പോൾ
വേണമെങ്കിലും നാടൻ ബോംബ് പൊട്ടാം. ഒരിക്കൽ ഞാൻ
ക്ലാസ് റൂമിന്റെ പുറത്ത് വലിയ കരിങ്കൽ തൂണിൽ
ചാരി നിൽക്കുന്ന സമയം. ക്ലാസിനകത്ത് മൂന്നുനാല്
പെൺകുട്ടികൾ ഉണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ട്
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒന്ന് രണ്ട് ഡസ്ക്
തെറിച്ച് മുകളിലെ ഫാനിൽ ഇടിച്ച് വീഴുന്നത് കണ്ടു.
ഞാൻ അമ്പരന്നു പോയി. എന്തു സംഭവിച്ചു എന്ന്
അറിയില്ല. ധൃതിയിൽ വാതുക്കൽ എത്തിയപ്പോൾ വളരെ
കൂളായി ക്ലാസ്സിൽ ഇരുന്ന പെൺകുട്ടികൾ പുറത്തേക്ക്
വന്നു. അവർ ക്ലാസിന്റെ മുന്നിലാണ് ഇരുന്നിരുന്നത്.
ശബ്ദം കേട്ടത് ക്ലാസ് റൂമിന്റെ പിന്നിലും. എന്താണ് എന്ന്
ഞാൻ അവരോട് അന്വേഷിച്ചപ്പോൾ അതിൽ ഒരുത്തി
വളരെ നിസ്സാരമായി പറഞ്ഞു ‘ദാട്സ് ജസ്റ്റ്‌ എ ബോംബ്‌
എക്സ്പ്ലോഷന്‍’.
ശബ്ദം കേട്ട് ആരെങ്കിലും വരും എന്ന് കരുതി. പക്ഷേ
ആരും വന്നില്ല. അതൊരു ഇലക്ഷൻ കാലമായിരുന്നു.
ഒരുപക്ഷേ ഇത്തരം പടക്കം പൊട്ടിക്കൽ അവിടെ ഒരു
പുതുമ അല്ലായിരിക്കാം. ഇതാണ് കോളേജ് ഇലക്ഷൻ
രീതി. അതുകൊണ്ട് വോട്ട് ചെയ്യാൻ ആരും എത്താറില്ല.
പഠിക്കാൻ വരുന്ന മലയാളികൾ തെരഞ്ഞെടുപ്പിന് ഒരു
മുതൽക്കൂട്ടാണ്. അവർ വോട്ട് ചെയ്യും. ആ സ്ഥാനാർഥി
മിക്കവാറും ജയിക്കും. അന്ന് ഞങ്ങളുടെ അടുത്ത ദോസ്ത്
വിവേക് അവസ്തി, കോളേജ് ഇലക്ഷനില്‍ ചെയര്‍മാന്‍
സ്ഥാനത്തേക്ക്
മത്സരിക്കുന്നുണ്ടായിരുന്നു. അവനു വേണ്ടി മാത്യു

രംഗത്തിറങ്ങി. ഏറെക്കുറെ വിവേകിന്റെ ജയം
ഉറപ്പായിരുന്നു. എങ്കിലും സാധാരണപോലെ നോട്ടീസ്,
പോസ്റ്റർ എന്നിവയുണ്ടായിരുന്നു. ഇതൊന്നും
ആയിരുന്നില്ല പ്രധാന ഐറ്റം. അത് റോഡ് ഷോ ആണ്.
മത്സരാർത്ഥി നടത്തുന്ന റോഡ് ഷോയുടെ ശക്തിയും
വലിപ്പവും ആണ് പലപ്പോഴും ജയപരാജയം
തീരുമാനിക്കുന്നത്. വിവേക് നിരന്തരം
വൈകുന്നേരങ്ങളിൽ റോഡ് ഷോ നടത്തി. അതിൻറെ
അമരക്കാരൻ മാത്യു ആയിരുന്നു. മാത്യു സരസൻ
എന്നതിലുപരി നന്നായി ഹിന്ദി കൈകാര്യം ചെയ്യുന്ന
വ്യക്തി കൂടിയാണ്.
റോഡ് ഷോ എന്ന് പറഞ്ഞാല്‍, മെയിന്‍ റോഡ് നിറഞ്ഞ്
രണ്ടു വരിയായി ബൈക്കുകൾ, അതിൽ കൂട്ടമായി
ഹൈഡ്രജൻ നിറച്ച ബലൂണുകൾ. ബൈക്കിൽ രണ്ടുപേർ
വീതം. അവർ ദേഹം മൊത്തം ചായം തേച്ച് അല്ലെങ്കിൽ
കടുത്ത നിറമുള്ള ഡ്രസ്സ് ധരിച്ച് ഹോൺ അടിച്ച് ലൈറ്റ്
ഇട്ടുപോകും. അതിനു പിന്നിൽ തുറന്ന ജീപ്പുകൾ.
അതിൻറെ ആദ്യ ജീപ്പിൽ മത്സരാർത്ഥി. പിന്നാലെ മറ്റ്
ജീപ്പുകൾ. ജീപ്പിൽ ഏറ്റവും ലേറ്റസ്റ്റ് അടിപൊളി ഹിന്ദി
ഗാനം കാതടപ്പിക്കുന്ന ശബ്ദത്തിൽ വച്ചിരിക്കും.
അതനുസരിച്ച് ജീപ്പിലും അതിനു പുറകിലുമായി ഡാൻസ്
കളിക്കാൻ യുവനിര. അങ്ങനെ കുറഞ്ഞത് ഒരു ഡസന്‍
ജീപ്പുകള്‍. ഇതാണ് റോഡ് ഷോ.
ഈ പരിപാടി വൻ സാമ്പത്തിക ചെലവുള്ളതാണ്.
അതുകൊണ്ടുതന്നെ നല്ല പണമുള്ളവൻ മാത്രമേ
മത്സരാർത്ഥി ആവു. വിവേക് അവസ്തിയുടെ കൂടെ
തുറന്ന ജീപ്പിൽ എപ്പോഴും മാത്യുവുണ്ടാകും. ഒരു
ബോഡിഗാർഡ് പോലെ. അങ്ങനെ മാത്യു, അവൻ
അറിയാതെ പലർക്കും ശത്രുവായി. ഒരു
നോട്ടപ്പുള്ളിയുമായി. ഇലക്ഷൻ കഴിഞ്ഞു. വിവേക്
ജയിച്ചു. അതുകൊണ്ട് ഞങ്ങൾ മല്ലുസിന് ഒരുപാട്

ഗുണങ്ങൾ ഉണ്ടായിരുന്നു. ആ ഗുണം ഒരിക്കൽ മാത്രമേ
ഞാന്‍ ഉപയോഗപ്പെടുത്തിയുള്ളൂ.
കാണ്‍പൂരിലെ ഇൻഡസ്ട്രിയൽ എക്സ്പോ വലിയ
പരിപാടിയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയ
ഒരു ഗ്രൗണ്ടിൽ ഒരു മാസക്കാലം, ഡിസംബറിൽ, നടക്കുന്ന
ഒരു വലിയ പരിപാടി. അതിൻറെ പ്രവേശന ഫീസ്
സാമാന്യം വലിയ തുകയാണ്. അത് കാണാൻ
വിവേകിന്റെ കൂടെ പോയപ്പോൾ ടിക്കറ്റ് എടുക്കേണ്ടി
വന്നില്ല. അവൻ പറഞ്ഞ അത്രയും പേരെ സെക്യൂരിറ്റി
കടത്തിവിട്ടു. ഏതാണ്ട് ഞാൻ ഉൾപ്പെടെ മുപ്പത്തിയെട്ടു
പേർ.
വിദ്യാർത്ഥി മഹാമന്ത്രിക്ക് സർവ്വകലാശാലയിൽ മാത്രമല്ല
എവിടെയും ഒരു സ്ഥാനമുണ്ടെന്ന് അന്ന് എനിക്ക്
മനസ്സിലായി.
മാസങ്ങൾ കടന്നുപോയി. പരീക്ഷാക്കാലമായി. കാണ്‍പൂര്‍
സർവ്വകലാശാലയുടെ രീതിയനുസരിച്ച് പി. ജി
ഒന്നാംവർഷ പരീക്ഷ എഴുതി ജയിച്ചെങ്കിലേ രണ്ടാം
വർഷം ഇരിക്കാൻ പറ്റു. ഒന്നാം വർഷം എന്നപോലെ
രണ്ടാം വർഷവും പുതിയതായി അഡ്മിഷൻ എടുക്കണം.
ഒന്നിച്ച് ആദ്യം തന്നെ ഫീസ്‌ അടയ്ക്കുകയും വേണം.
ഏതെങ്കിലും കാരണവശാൽ ഒന്നാംവർഷം ജയിച്ചില്ലെങ്കിൽ
വീണ്ടും ഒന്നാം വർഷപരീക്ഷ വര്‍ഷാ വസാനം എഴുതി
ജയിക്കണം. എങ്കിലേ രണ്ടാം വർഷം അഡ്മിഷൻ
എടുക്കാൻ പറ്റു. ചുരുക്കത്തിൽ ഒന്നാം വർഷം തോറ്റാൽ
ഒരു വർഷം പോകും. ഞാനും മാത്യുവും ആ കടമ്പ
കടന്നതാണ്. ഇത് രണ്ടാം വര്‍ഷമാണ്‌. ഫൈനല്‍ എക്സാം.
സർവ്വകലാശാല പരീക്ഷ വളരെ കാര്യക്ഷമതയോടെയാണ്
നടത്തുന്നത്. സർവ്വകലാശാലയിലെ പരീക്ഷാരീതി,
പരീക്ഷാദിനങ്ങളിൽ കോളേജിന്റെ പ്രധാന കവാടം മുതൽ
പോലീസ് ഇരുവശത്തുമായി നില ഉറപ്പിക്കും. അവരുടെ

മുന്നിൽ കൂടി വേണം പരീക്ഷാ ഹാളിലേക്ക് പോകേണ്ടത്.
പോകുമ്പോൾ ഓരോ പോലീസുകാരനും ശരീര
പരിശോധന നടത്തി കടത്തിവിടും. അതാണ് രീതി.
ക്യാമ്പസിന്റെ അകത്ത് പരീക്ഷാ ദിനങ്ങളിൽ ഒരു
ചെറിയ പേപ്പർ കഷ്ണം പോലും എവിടെയും
കിടപ്പുണ്ടാകില്ല. അത്ര ക്ലീൻ ആയിരിക്കും ക്യാമ്പസ്.
എൻറെ ആദ്യ രണ്ടു പരീക്ഷ കഴിഞ്ഞു. ഒരു ശനിയാഴ്ച
രാവിലെ റൂമിൽ വെറുതെ ഇരിക്കുമ്പോൾ മാത്യു
പരിഭ്രമത്തോടെ കയറി വന്നു. വന്നത് അമ്പരപ്പിക്കുന്ന
ഒരു വാർത്തയുമായാണ്. മാത്യുവിന്റെ സഹമുറിയനെ
വെളുപ്പിനെ ആരോ വെട്ടി. അവന്‍ വെളുപ്പിന്
മൂത്രമൊഴിക്കാൻ പുറത്തെ കാനയ്ക്ക് അരികിലെത്തി
നിൽക്കുമ്പോഴാണ് സംഭവം.
കാര്യങ്ങൾ അവിടെ നിൽക്കില്ല എന്ന് മാത്യുവിന്
നന്നായി അറിയാമായിരുന്നു. കാരണം ലക്‌ഷ്യം
മാത്യുവാണ്. വെട്ടിയവന് ആളു
മാറിപ്പോയതാണ്.എന്തെങ്കിലും ചെയ്തേ പറ്റൂ.
ഒളിച്ചോടാൻ പറ്റില്ല. വേറെ എങ്ങോട്ടും മാറാനും പറ്റില്ല.
പരീക്ഷാക്കാലമാണ്. അതിലുപരി അഭിമാനത്തിന്റെ
പ്രശ്നമാണ്.
ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. അന്നുമുതൽ ഒരു
ആഴ്ചത്തേക്ക് എന്നും രാത്രിയില്‍ സിവില്‍ ലൈനില്‍
ഞങ്ങള്‍ റോന്തു ചുറ്റാന്‍ തീരുമാനിച്ചു. അതിന്‍പ്രകാരം
എന്നും അത്താഴം കഴിച്ചിട്ട് ഞാനും മാത്യുവും
റോഡിലൂടെ മസിലുപിടിച്ചു നടക്കും. ധൈര്യം
കാണിക്കാൻ. ഇത് വെളുപ്പിനെ മൂന്നു മണി വരെ
തുടരും. പിന്നെ അവരുടെ റൂമില്‍ പോയി കിടന്നുറങ്ങും.
രാവിലെ എണീറ്റ് ഐ. ഐ. ടി. യിലേക്ക് മടങ്ങും. ഈ
കലാപരിപാടി പിന്നീട് ഒരാഴ്ചക്കാലം നീണ്ടുനിന്നു.

വെട്ടേറ്റവൻ ഒരു പരീക്ഷ എഴുതിയതായിരുന്നു. പിന്നിൽ
നിന്നും ആരോ ആഞ്ഞു വെട്ടുകയായിരുന്നു. കഴുത്ത്
ലക്ഷ്യമാക്കി. എന്തോ ഒരു നിഴൽ പിന്നിൽ ഉയരുന്നത്
കണ്ട് അവൻ കൈയ്യെടുത്ത് തടഞ്ഞപ്പോൾ കൈക്കാണ്
വെട്ടേറ്റത്. കൈ നെടുകെ പിളര്‍ന്നു പോയി. എങ്കിലും
ജീവന്‍ രക്ഷപ്പെട്ടു. അവനെ ഉടൻതന്നെ ഹോസ്പിറ്റലിൽ
എത്തിച്ചു. കൈക്ക് പതിനേഴു സ്റ്റിച്ച് വേണ്ടിവന്നു.
അവനെ ഡ്രസ്സ് ചെയ്ത് റൂമിൽ ആക്കിയിട്ടു വരികയാണ്
മാത്യു.
മാത്യു ആകെ പരിഭ്രമിച്ചിട്ടുണ്ട്. കാരണം ആ വെട്ട്
മാറിക്കൊണ്ടതാണെന്ന് അവനറിയാം. അത് അവനുള്ള
സമ്മാനമായിരുന്നു. പ്രാദേശിക രാഷ്ട്രീയ
ഗുണ്ടായിസത്തിന്റെ പകപോക്കൽ. വെട്ടുകിട്ടിയത്
ആകട്ടെ പഠിത്തം മാത്രം ശ്രദ്ധിക്കുന്ന ഒരു പാവത്താനും.
അതുകൊണ്ട് അവന് തുടര്‍ന്ന് പരീക്ഷ എഴുതാൻ
പറ്റിയില്ല.
വെട്ടു നടന്ന ദിവസം വളരെ കൂടിയാലോചനക്ക് ശേഷം
പ്രശ്നം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ
തീരുമാനിച്ചു. അതിന്‍ പ്രകാരം ഹിന്ദിയിൽ തയ്യാറാക്കിയ
ഒരു പരാതിയുമായി ഞങ്ങൾ പോലീസ് സ്റ്റേഷനിൽ
എത്തി.
കാണ്‍പൂര്‍ വലിയൊരു നഗരമാണ്. ഉത്തർപ്രദേശിലെ
എണ്ണപ്പെട്ട വ്യവസായ കേന്ദ്രം. നഗരത്തിന്റെ
ക്രമസമാധാനം ചുമതലയ്ക്ക് രണ്ട് പോലീസ് സ്റ്റേഷനാണ്
ഉള്ളത്. ഈസ്റ്റ് പോലീസ് സ്റ്റേഷനും വെസ്റ്റ് പോലീസ്
സ്റ്റേഷനും. രണ്ടും ഒരു ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു.
ഞങ്ങൾ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍
വസിക്കുന്നവരാണ്.
ഞങ്ങൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ
എത്തുമ്പോൾ അവിടെ ഇൻസ്പെക്ടർ ഉണ്ടായിരുന്നില്ല.

സമയം രാത്രി എട്ടുമണി ആയിട്ടുണ്ട്. സബ്ഇൻസ്പെക്ടർ
ഒരു കേസിന്റെ ആവശ്യത്തിന്
പുറത്തുപോയിരിക്കുകയാണെന്ന് ഒരു പോലീസുകാരൻ
പറഞ്ഞു. പിന്നീട് അദ്ദേഹം ഞങ്ങളുടെ പരാതി
വായിച്ചുനോക്കി. പ്രത്യേക ഭാവമാറ്റം ഒന്നുമില്ലാതെ
എസ്.ഐ. ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഞങ്ങളെ
യാത്രയാക്കി. പുറത്തിറങ്ങുമ്പോൾ ഞങ്ങൾക്ക് ഒരു കാര്യം
മനസ്സിലായി. ഈ പരാതി കാര്യമായി
പരിഗണിക്കപ്പെടുകയില്ല. കാരണം പലപ്പോഴും വർഗീയ
കലാപങ്ങളും കൊലപാതകങ്ങളും ആക്സിഡന്റുകളും
നടക്കുന്ന, അങ്ങനെ ഒരുപാട് പേർ മരിക്കുന്ന, നഗരമാണ്
കാണ്‍പൂര്‍. അവിടുത്തെ പോലീസിന് മരണം, ആക്രമണം
ഇതൊന്നും ഒരു പുതുമയല്ല. വധിക്കപ്പെട്ടവരുടെ എണ്ണം
നിരവധിയാണ്. അതിന്‍റെ ഇടയിൽ കേവലം ഒരു
വെട്ടുകേസ്. അതും മദ്രാസികളായ വിദ്യാർത്ഥികൾക്ക്
നേരെ. അതിനത്ര പ്രാധാന്യമുള്ളതായി ആരെങ്കിലും
കണക്കാക്കുമെന്ന് ഞങ്ങൾ കരുതിയില്ല. പിന്നെ
ഔപചാരികമായി ഒരു പരാതി കൊടുക്കാം. അതല്ലാതെ
ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും?. ഒരു കാര്യം
വ്യക്തമാണ്. ഞങ്ങളിൽ ഒരാളുടെ ജീവൻ
അപകടത്തിലാണ്.
പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ വരുമ്പോൾ ഞാനും
മാത്യുവും കൂടി ഒരു തീരുമാനമെടുത്തു. എന്തുവന്നാലും
ഭീരുക്കളെപ്പോലെ മാളത്തിൽ ഒളിക്കരുത്. അത്
പ്രതിയോഗികൾക്ക് ഊർജ്ജം പകരും. ഞങ്ങൾ
പേടിച്ചിട്ടില്ല എന്ന് കാണിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട്
അന്നുമുതൽ എല്ലാവരും ഉറങ്ങുമ്പോൾ ഞാനും മാത്യുവും
വെളുപ്പിനെ മൂന്നുമണി വരെ സിവിൽ ലൈനിലെ പ്രധാന
വഴികളിലൂടെയും ഗലികളിലെ ഇടുങ്ങിയ
വഴികളിലൂടെയും നടക്കാൻ തീരുമാനിച്ചു.

ആഹാരം കഴിച്ച് പത്തുമണിയോടെ സിവിൽ ലൈനിൽ
ഞാനും മാത്യുവും നടക്കാൻ ഇറങ്ങി. ഞങ്ങൾ പരാതി
കൊടുത്ത് പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ ഒന്നും
സംഭവിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ആ പരാതി സബ്ഇൻസ്പെക്ടർ കാണാൻ
സാധ്യതയുണ്ടോ എന്ന് തന്നെ സംശയം. അതിനാൽ
ഞങ്ങൾ ആ പരാതിയിൽ പ്രതീക്ഷ വെച്ചു
പുലർത്തിയില്ല. ഞങ്ങൾ ഞങ്ങളുടെ
പ്ലാനുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അതിന്‍
പ്രകാരം അന്ന് രാത്രി പത്ത് മണിക്ക് ഞങ്ങള്‍
നഗരപ്രദക്ഷിണം തുടങ്ങി.
ആദ്യ റൗണ്ട് കഴിഞ്ഞ് റൂമിനടുത്തെത്തി. എല്ലാവരും
റൂമിൽ ഉണർന്നിരിക്കുകയാണ്. ഞങ്ങൾ എല്ലാവരോടും
കുശലം പറഞ്ഞ് രണ്ടാം റൗണ്ട് നടത്തത്തിനിറങ്ങി.
നഗരപ്രദക്ഷിണം കഴിഞ്ഞ് റൂമിനടുത്തേക്ക് വരുമ്പോൾ
ദൂരെ നിന്നേ കണ്ടു, ഒരു എൻഫീൽഡ് ബൈക്ക്
റോഡിൻറെ ഒത്ത നടുക്ക് ക്രോസ് ചെയ്തു
വച്ചിരിക്കുന്നു. റോഡ് വളരെ വീതിയുള്ളതാണ്.
രാത്രിയിലും വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ട്.
രാത്രിയിലും കാൺപൂർ നഗരം ഉറങ്ങാറില്ല.
അവിടെയാണ് സിവിൽ ലൈൻ റോഡിൻറെ നടുക്ക്
ക്രോസ് ചെയ്തനിലയില്‍ ഒരു ബൈക്ക്. ഞങ്ങളുടെ
റൂമിന്റെ മുന്നിൽ. ദൂരെ നിന്നേ ഞങ്ങൾ അത് കണ്ടു.
“ഒരു വില്ലൻ രംഗത്ത് വന്നിട്ടുണ്ട്”. മാത്യു
പിറുപിറുത്തു.
സമയം രാത്രി ഒന്നര. ഞങ്ങള്‍ ധൃതിയില്‍ റൂമിലെത്തി.
റൂമിനകത്ത് സുമുഖനായ ഒരു സബ് ഇൻസ്പെക്ടർ
ഇരിക്കുന്നു. ഞങ്ങൾ റൂമിനകത്ത് കയറി അദ്ദേഹത്തെ
വിഷ് ചെയ്തു. അദ്ദേഹം തിരിച്ച് ഞങ്ങളെയും വിഷ്
ചെയ്തു. മാത്യുവിനു നന്നായി ഹിന്ദി അറിയാം.
വിവരങ്ങൾ എല്ലാം മാത്യു പറഞ്ഞു. ശത്രു

ആരെന്നറിയില്ല. ആരെയും സംശയമില്ല. പക്ഷേ ഞങ്ങൾക്ക്
ജീവന് ഭീഷണിയുണ്ട്.
മുറിവേറ്റവന്റെ കൈ എസ്. ഐ പിടിച്ചുനോക്കി.
എന്നിട്ട് അദ്ദേഹം പറഞ്ഞു.
“ഞാൻ ഇപ്പോഴാണ് സ്റ്റേഷനിൽ എത്തിയത്. ഒരു
അന്വേഷണത്തിന് പോയിരിക്കുകയായിരുന്നു. നിങ്ങളുടെ
പരാതി കണ്ടു. ഞാൻ വേണ്ടത് ചെയ്യാം. ഞാൻ നാളെയും
വരാം.” എന്ന് പറഞ്ഞ് സൗഹാർദ്ദപൂർവ്വം പുറത്തിറങ്ങി
എസ്. ഐ. പോയി. പോകാൻ നേരം ‘നാളെ വരാം’
എന്ന് പറഞ്ഞാണ് എസ്. ഐ പോയത്. നാളെ വരാം
എന്ന ആ പറച്ചിലിൽ ഞങ്ങൾ ഒരു താൽപര്യം
കണ്ടെത്തി. ഞങ്ങളിൽ നിന്നും ഒരു കൈക്കൂലി എസ്.
ഐ പ്രതീക്ഷിക്കുന്നു.
അന്ന് കേവലം രണ്ട് രൂപ വരെ കൈക്കൂലി വാങ്ങുന്ന
പോലീസിനെ ഞാൻ കാൺപൂരിൽ കണ്ടിട്ടുണ്ട്. ‘ഒരു
അമ്പതു രൂപയെങ്കിലും കൊടുക്കേണ്ടേ’. ഞങ്ങൾ
കൂടിയാലോചിച്ചു. ‘വേണ്ടിവരും. പക്ഷേ എങ്ങനെ’.
അതായി പിന്നെ ചിന്ത. ഉണ്ടായിരുന്ന തുക മുഴുവൻ
കൊടുത്താണ് വെട്ടേറ്റവനെ ഹോസ്പിറ്റലിൽ നിന്നും
ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നത്. എസ്. ഐ
എന്തായാലും നാളെ വരും. ഉറപ്പ്. കൈക്കൂലിയാണ്
ലക്ഷ്യം. കൈക്കൂലിക്ക് യാതൊരു നീതികരണവും
കാൺപൂരിൽ ഇല്ല. അത് ഏത് പദവിയിലിരിക്കുന്നവരും
നടപ്പാക്കും.
ഞങ്ങൾക്ക് മാസം വീടുകളിൽ നിന്നും പണം അയച്ചു
തരാറുണ്ട്. വളരെ തുച്ഛമായ തുകയാണ് അയച്ചുതരുന്നത്.
ഒരു മാസം കഷ്ടിച്ച് ആഹാരത്തിനും വാടകയ്ക്കും അത്
തികഞ്ഞു പറ്റില്ല. പക്ഷേ ഉത്തരേന്ത്യക്കാരന്റെ ധാരണ
നമ്മൾ വലിയ പണച്ചാക്കുകളുടെ സന്തതികളാണ്. ലോഡ്
കണക്കിന് പണമാണ് അയച്ചുതരുന്നത് എന്നാണ്.

പൈസ കൊണ്ടുവരുന്ന പോസ്റ്റുമാനും അതുതന്നെയാണ്
കരുതിയിരുന്നത്. പോസ്റ്റുമാന് കൈക്കൂലി കൊടുക്കാതെ
സമയത്ത് വരില്ല. പണം ഡി. ഡി ആക്കി രജിസ്റ്റർ
ചെയ്താണ് വീടുകളിൽ നിന്നും അയക്കുന്നത്.
അതുകൊണ്ട് എത്ര തുകയുണ്ടെന്ന് പോസ്റ്റുമാൻറിയില്ല.
പക്ഷേ ഒന്നുറപ്പ്. എടുത്താൽ പൊങ്ങാത്ത ഒരു
തുകയുണ്ടാവും. അതാണ് അയാളുടെ ധാരണ. ഞങ്ങൾ
സത്യം പറഞ്ഞാലും അയാൾ വിശ്വസിക്കില്ല. “ആപ്
ബഡാ ആദ്മി”. അതുമാത്രം അയാൾ എപ്പോഴും
പറഞ്ഞുകൊണ്ടിരിക്കും. അയാൾക്ക് ‘പാഞ്ച് രൂപ’
വേണം. അതാണാവശ്യം.
ഞങ്ങള്‍ അയാള്‍ക്ക്‌ ഒരു നാരങ്ങാവെള്ളം കൊടുക്കും.
പിന്നെ കൈക്കൂലി കൊടുക്കാതിരിക്കാനുള്ള പരിതേവനം
പറയും. ഒന്നും എങ്ങും ഏശില്ല. അയാൾക്ക് അഞ്ചു
രൂപ തന്നെ വേണം. അവസാനം കാലുപിടിച്ച് രണ്ടു
രൂപയിൽ ഒതുക്കും. അനിഷ്ടത്തോടെ പുറത്തിറങ്ങുമ്പോൾ
അയാൾ പറയും ‘നെക്സ്റ്റ് ടൈം. പാഞ്ച്’. ഞങ്ങൾ മൂളും.
ഇതാണ് രീതി. ഇടയ്ക്കു അയാള്‍ ഞങ്ങൾക്ക് പണി
തരും.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ഞങ്ങൾക്ക്
രജിസ്റ്റർ എത്തണം. എങ്കിലേ വീട്ടുവാടക ഉൾപ്പെടെ
എല്ലാം നടക്കു. ആഴ്ചയിൽ ബുധനാഴ്ച ഒരു ദിവസം
മാത്രമേ പോസ്റ്റുമാൻ വരു. വ്യാഴമോ വെള്ളിയോ ഒരു
കത്തോ രജിസ്റ്ററോ വന്നാൽ അയാൾ അത് പിടിച്ചു
വെച്ചുകൊണ്ടിരിക്കും. അടുത്ത ബുധനാവാൻ. ബുധനാഴ്ച
അയാൾ എത്തിയില്ലെങ്കിൽ ഒരാഴ്ച പിന്നെ മാറും.
പിന്നത്തെ ബുധൻ നോക്കിയാൽ മതി.
ചില മാസങ്ങളിൽ ഞങ്ങൾക്ക് പണി തരാൻ വേണ്ടി
അയാൾ എത്താതിരിക്കും. പ്രശ്നം ‘പാഞ്ച് രൂപയാണ്’.
അപ്പോൾ അയാളെ തേടി പോസ്റ്റ് ഓഫീസിലേക്ക് പോകും.
പോസ്റ്റ് ഓഫീസ് നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ

അകത്താണ്. എൻ. എസ്. ഐ. ഒരു വലിയ
സാമ്രാജ്യമാണ്. കിലോമീറ്റർ പരന്നുകിടക്കുന്ന സാമ്രാജ്യം.
നാല് കിലോമീറ്ററോളം നടന്ന് പോസ്റ്റ് ഓഫീസിൽ
എത്തിയാൽ അയാളെ കാണില്ല. മുങ്ങിക്കളയും. ഇങ്ങനെ
പലപ്രാവശ്യം കോളേജിൽ പോകാതെ പണത്തിനായി
അയാളുടെ പിന്നാലെ അലിഞ്ഞിട്ടുണ്ട്. അയാൾ
ഞങ്ങളോട് ഒരു ദയയും കാണിച്ചിട്ടില്ല.
ദൈവം തമ്പുരാൻ വലിയവനാണ്. ഞങ്ങളുടെ ഈ
ദുരിതത്തിന് താമസിയാതെ ഒരു പരിഹാരം ഉണ്ടായി.
പോസ്റ്റുമാനെതിരെ ഒരു പരാതി എത്തി. ആരോ
കൊടുത്തത്. ഉടൻ നടപടി ഉണ്ടായി. പോസ്റ്റുമാനെ മാറ്റി.
പകരം ഒരു യുവാവിനെ ആക്കി. ആ യുവാവ്
ഒരിക്കലും കാശ് ചോദിച്ചില്ല. ‘സലാം ബായ് സാബ്’ എന്ന്
പറഞ്ഞു രജിസ്റ്റർ കൈമാറിയിട്ട് ഉടൻ പോകും. ഞങ്ങൾ
കൊടുത്ത നാരങ്ങാവെള്ളം പോലും ആ നല്ല പോസ്റ്റുമാൻ
ഭയ്യ സ്വീകരിച്ചില്ല. പിന്നീട് ഒരിക്കലും ‘പാഞ്ച് രൂപ’
കൈക്കൂലിയുടെ പേരിൽ ഞങ്ങളുടെ തപാൽ
മുടങ്ങിയിട്ടില്ല. വൈകിയിട്ടും ഇല്ല.
ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു സബ്
ഇൻസ്പെക്ടർ ‘നാളെ വരാം’ എന്ന് പറഞ്ഞാൽ
അതിൻറെ അർത്ഥം മനസ്സിലാക്കാൻ പ്രശ്നം വെച്ച്
നോക്കേണ്ട കാര്യമില്ല. കാര്യം കൈക്കൂലി തന്നെ.
എന്തായാലും പോലീസ് അല്ലേ. പക്ഷേ അമ്പതു രൂപ
അതെങ്ങനെ. ഞങ്ങൾ ആകെ കാലിയായി ഇരിക്കുന്ന
സമയം. പ്രശ്നത്തിനു ഒരു താല്‍ക്കാലിക പരിഹാരം
കണ്ടത് മാത്യു തന്നെ. ‘പണം വേണ്ട. തൽക്കാലം ഒരു
സോഫ്റ്റ് ഡ്രിങ്കിൽ ഒതുക്കാം. അപ്പോൾ അറിയാം
എസ്.ഐ. യുടെ നിലപാട്. പണത്തിന് അദ്ദേഹം ശാഠ്യം
പിടിച്ചാൽ അടുത്തദിവസം കൊണ്ടുക്കൊടുക്കാം.’
അവസാനം അങ്ങനെ ഒരു തീരുമാനത്തില്‍ ഞങ്ങളെത്തി.

അടുത്ത ദിവസം വൈകിട്ട് ഞങ്ങൾ കോളയുമായി
കാത്തിരുന്നു. സമയം പാതിരാത്രി കഴിഞ്ഞപ്പോൾ,
പ്രതീക്ഷിച്ചപോലെ എസ്. ഐ. എത്തി. വിവരങ്ങൾ
അന്വേഷിച്ചു. ‘ഇനി പേടിക്കേണ്ടതില്ല’ എന്ന്
ആശ്വസിപ്പിച്ചു. അദ്ദേഹം സംസാരം നിർത്തിയ
ഇടവേളയിൽ മാത്യു കോള എസ്. ഐ. യ്ക്ക് നീട്ടി. ഒരു
നിമിഷം ആ മനുഷ്യൻറെ മുഖത്ത് പുച്ഛം പടർന്നു.
അദ്ദേഹം മാത്യുവിനെ രൂക്ഷമായി നോക്കി എന്നിട്ട്
ചോദിച്ചു.
“കൈക്കൂലി ആണല്ലേ”. ഒരു എസ്. ഐക്ക് കൊടുത്ത
കൈക്കൂലിയുടെ തുച്ഛതയിൽ ലജ്ജിച്ചു മാത്യു
നിശബ്ദനായി. ആരും ഒന്നും മിണ്ടിയില്ല.
“ഞാൻ പി. ജി. ചെയ്തത് മദ്രാസിലാണ്.” എസ്. ഐ
സംസാരിച്ചു തുടങ്ങി.
“അന്ന് സാമ്പത്തികമായി വളരെ ഞെരുക്കത്തിൽ
ആയിരുന്ന എനിക്ക് പണം തന്നു സഹായിച്ചത്
അവിടുത്തെ എന്‍റെ കൂട്ടുകാരാണ്. അത്
കടമായിരുന്നില്ല. വാങ്ങിയത് ഒന്നും തിരിച്ചു കൊടുക്കാൻ
എനിക്ക് പറ്റിയിട്ടുമില്ല. അവരൊക്കെ ഇപ്പോൾ
എവിടെയാണെന്ന് പോലും എനിക്കറിയില്ല.”
ഒരു നിമിഷം ആ മനുഷ്യൻ തലകുനിച്ചിരുന്നു. പിന്നെ
മാത്യുവിനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഇതെൻറെ കടമയാണ്. സൗത്ത് ഇന്ത്യയിൽ നിന്ന് വന്ന
നിങ്ങളുടെ സംരക്ഷണം എൻറെ കടമയാണ്.”
പിന്നെ അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ കൈക്കൂലി
വാങ്ങുന്നവരുടെ കൂട്ടത്തിൽ അല്ല. കൈക്കൂലി വാങ്ങാത്ത
പോലീസുകാരുടെ കൂട്ടത്തിൽപ്പെട്ട ഒരാളാണ്.”

മാത്യുവിന്റെ മുഖം വിവര്‍ണ്ണമായി. ഞങ്ങളുടെ നാവ്
ചലനമറ്റുപോയി. കുറ്റബോധം, നാണക്കേട്, അങ്ങനെ
എന്തെല്ലാമോ ഞങ്ങളെ ഭരിച്ചു.
ഒരു നിമിഷത്തെ ഇടവേളക്കുശേഷം മാത്യുവിന്റെ കയ്യിൽ
നിന്നും കോള വാങ്ങി പൊട്ടിച്ച് എസ്. ഐ. മാത്യുവിന്
തന്നെ കൊടുത്തു. മാത്യു ഒരു കവിള്‍ കോള കുടിച്ചു
അടുത്ത ആളിന് കോള കൈമാറി. അവസാനം എസ്.
ഐ.യ്യും ഒരു കവിൾ കോള കുടിച്ചു. പിന്നെ
സന്തോഷത്തോടെ ഞങ്ങളുടെ തോളിൽ തട്ടി ‘ഒന്നും
പേടിക്കേണ്ട’ എന്ന് പറഞ്ഞു യാത്ര പറഞ്ഞു.
പരീക്ഷയാണ്, എല്ലാം മറന്നു ഞാന്‍ പഠനത്തിൽ ശ്രദ്ധ
കേന്ദ്രീകരിച്ചു. വെട്ടേറ്റവനെ നാട്ടിലേക്ക് പറഞ്ഞുവിട്ടു.
അവന് പരീക്ഷയെഴുതാൻ പറ്റുമായിരുന്നില്ല. വലതുകൈ
ആകെ ഡ്രസ്സ് ചെയ്തു വച്ചിരിക്കുകയായിരുന്നു.
അസഹ്യമായ വേദന മൂലം പേന പിടിച്ച് എഴുതാൻ
കഴിയുമായിരുന്നില്ല.
ഒരു വെട്ടില്‍ എല്ലാം തീര്‍ന്നു കാണും എന്ന് ഞങ്ങള്‍
കരുതി. മറഞ്ഞിരിക്കുന്ന ശത്രു ഞങ്ങളുടെ ദുരിതം കണ്ട്
തൃപ്തനായിക്കാണും എന്നും ഞങ്ങള്‍ കരുതി.
എൻറെയും മാത്യുവിന്റെയും രാത്രിയിലെ റോന്തു
ചുറ്റല്‍ അവസാനിപ്പിച്ചു. ഞാൻ ഐ. ഐ. ടി. യിലേക്ക്
പോയി. പരീക്ഷയാണ്. ഫൈനല്‍ എക്സാം. പഠനത്തിൽ
മാത്രമായി പിന്നെ എന്‍റെ ശ്രദ്ധ.
ഒരു വെട്ടില്‍ എല്ലാം അവസാനിച്ചതില്‍ ഞങ്ങള്‍
ആശ്വസിച്ചു. പക്ഷേ ഞങ്ങൾക്ക് തെറ്റി. കാര്യങ്ങൾ
അവിടെ അവസാനിച്ചില്ല.
dr.sreekumarbhaskaran@gmail.com
***********

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments