മാർട്ടിൻ വിലങ്ങോലിൽ.
മാർച്ച് 14, വെള്ളിയാഴ്ച്ച ഇടവകയിൽ വിശുദ്ധ കുർബാനക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ചു കൊത്തീനയും തിരുവസ്ത്രവും നൽകി.
ദൈവവിളി ധാരാളമായി ചിക്കാഗോ രൂപതയിലേക്കു വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശശുദ്ധിയോടെയാണ് ഇടവക വൈദികർ ഇതിനു നേതൃത്വം നൽകി അൾത്താര സേവനത്തിനായി കുട്ടികളെ ഒരുക്കിയെടുത്ത്.
ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികനെ ബലിയിൽ സേവിക്കുക വഴി ഓരോ ശുശ്രൂഷകനും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനോടും അവിടുത്തെ സിംഹാസനമായ ബലിപീഠത്തോടും ഏറ്റവും അടുത്ത് നിൽക്കുവാനുള്ള യോഗ്യത നേടുന്നു. ഈ വിശ്വാസത്തിൽ ഓരോ മദ്ബഹാ ശുശ്രൂഷകനും തങ്ങളുടെ ശുശ്രൂഷകളിലൂടെ ദൈവ നിയോഗമാണ് അനുവർത്തിക്കുന്നത്.
ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ നേതൃത്വം നൽകി.