വെൽഫെയർ പാർട്ടി.
മഞ്ചേരി: സേവന നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. കോളജിലെ സേവന പ്രവർത്തനങ്ങളുടെ ചാർജ്ജ് പത്തിരട്ടിയോളം ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ഇന്നേവരെ അധികാരികളോ ഉദ്യോഗസ്ഥരോ ഒരു താല്പര്യവും കാണിച്ചിട്ടില്ല. ദിവസേന പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ ജനങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യുന്ന നടപടികൾക്കാണ് അധികാരികൾക്ക് താല്പര്യം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളെ സേവന നിരക്ക് വർദ്ധിപ്പിച്ച് ഇവ്വിധം സാമ്പത്തിക ചൂഷണം നടത്തുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് കെ ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് സമരസമിതി കൺവീനർ സവാദ് മഞ്ചേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വെൽഫെയർ പാർട്ടി മഞ്ചേരി മുനിസിപ്പൽ പ്രസിഡണ്ട് വാപ്പുട്ടി അൽ സബാഹ് സ്വാഗതവും വൈസ് പ്രസിഡണ്ട് രമേശ് പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഹനീഫ മാസ്റ്ററുടെ നേതൃത്വത്തിൽ അന്യായമായ നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിവേദനം നൽകി. പ്രതിഷേധ മാർച്ചിന് കമാൽ മാസ്റ്റർ, അശ്റഫ് പുല്ലഞ്ചേരി, ഗഫൂർ മാസ്റ്റർ, നജീബ് എളങ്കൂർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
മഞ്ചേരി മെഡിക്കൽ കോളേജിലെ അന്യായമായ ഫീസ് വർധന പിൻവലിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.