ജോൺസൺ ചെറിയാൻ.
‘മിസ്റ്റര്‍ ധനുഷ്, സ്റ്റേജില്‍ താങ്കള്‍ക്കുള്ള പ്രതിഛായയുടെ പകുതിയെങ്കിലും വ്യക്തിജീവിതത്തില്‍ നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു’. ഈ വാക്കുകളിലുള്ള മൂര്‍ച്ചയും തന്റേടവും ഇത് എഴുതിയ വ്യക്തിക്കുമുണ്ട്. കോളിവുഡിന്റെ ‘ ലേഡി സൂപ്പര്‍സ്റ്റാര്‍ ‘ എന്ന് അറിയപ്പെടുന്ന നയന്‍താരയും ദേശീയ അവാര്‍ഡ് ജേതാവും പ്രമുഖ നടനുമായ ധനുഷും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. 2013 – ല്‍ തന്റെ തന്നെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ‘എതിര്‍നീച്ചല്‍ ‘ എന്ന ചിത്രത്തിലെ അതിഥിവേഷത്തിന് പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച അതേ നയന്‍താരയ്ക്ക് എതിരെയാണ് ധനുഷ് സെക്കന്‍ഡുകള്‍ മാത്രം നീളുന്ന വീഡിയോ ക്ലിപ്പിനായി 10 കോടിയോളം ആവശ്യപ്പെട്ട് ചെന്നൈ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നുമുതലാണ് നയന്‍സ് – ധനുഷ് സൗഹൃദത്തിലെ വിള്ളലുകള്‍ സംഭവിച്ച് തുടങ്ങിയത്?