വെൽഫെയർ പാർട്ടി.
മലപ്പുറം: എയ്ഡഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം എംഎസ്പി ഹയർ സെക്കന്ററി സ്‌കൂളിനെ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്ന നടപടികൾ ഇഴയുന്നത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി. സർക്കാർ സംവിധാനമായ എംഎസ്പിക്കു കീഴിലുള്ള സ്‌കൂൾ ഗവൺമെന്റ് സ്‌കൂൾ ആയിരിക്കേണ്ടതിന് പകരം സ്വകാര്യ എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂൾ ആയി പ്രവർത്തിക്കുന്നത് അനീതിയാണെന്നും അത് അടിയന്തരമായി തിരുത്താൻ സർക്കാർ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
എയ്ഡഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിനെ സർക്കാർ വിദ്യാലയമാക്കി മാറ്റി വിദ്യാഭ്യാസ വകുപ്പിന് വിട്ടുനൽകുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം നടപ്പാക്കുന്നതിന് എംഎസ്പി കമാൻഡന്റും സംസ്ഥാന പൊലീസ് മേധാവിയും ഉടൻ നടപടി സ്വീകരിക്കണം. എംഎസ്പി സ്‌കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് 2021ൽ ഔദ്യോഗിക രേഖയുണ്ടായിട്ടും വർഷങ്ങൾ കഴിഞ്ഞതിനു ശേഷവും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാത്തത് അങ്ങേയറ്റം അപലപനീയമാണ്.
കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാർ നാമകരണം ചെയ്ത എംഎസ്പി എന്ന പേര് മലപ്പുറത്തിന് അപമാനകരണമാണെന്നും പ്രസ്തുത പേര് അടിയന്തരമായി മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, ടി അഫ്സൽ, സാജിദ പൂക്കോട്ടൂർ, രമ്യ രമേശ്, എ സദറുദ്ദീൻ, ശാക്കിർ മോങ്ങം, ജംഷീൽ അബൂബക്കർ, സിഎച്ച് ശുക്കൂർ, എൻ ഇബ്റാഹിം, സുബൈദ വികെ, സിയാവുൽ ഹഖ്, അഹ്‌മദ് ശരീഫ്, മുബീൻ മലപ്പുറം എന്നിവർ സംസാരിച്ചു.