സോളിഡാരിറ്റി.
കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. കോടതികൾ കർസേവക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ തെരുവിലിറങ്ങാതെ വഴിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭൽ കോടതി എതിർഭാഗത്തെ കേൾക്കാൻ പോലും തയാറാകാതെ ഷാഹി മസ്ജിദ് സർവേ ചെയ്യാൻ അഡ്വക്കറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തുന്നത്. ഹരജി സമർപ്പിച്ചു കേവലം മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കോടതി സർവേ നടത്താൻ അനുമതി നൽകി. അന്ന് വൈകീട്ട് തന്നെ സർവേ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇത്രയും തിടുക്കപ്പെട്ട് സുപ്രധാനമായ സംഭവത്തിൽ ഇടപെടൽ നടത്തുന്ന ജഡ്ജിമാരെ നിലക്കുനിർത്താൻ സുപ്രീം കോടതി തയാറാകണം. ജീവൻ നൽകിയും ആരാധനാലയങ്ങൾ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ശഹീദുകൾക്ക് പ്രാർഥനകൾ അർപ്പിക്കുകയാണ്. ഇന്ത്യൻ മുസ്‌ലിമിന്റെ ചരിത്ര പൈതൃകങ്ങൾ നശിപ്പിച്ചു തീർക്കാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.