Monday, November 25, 2024
HomeKeralaഉപതിരെഞ്ഞെടുപ്പ് ; വെൽഫെയർ പാർട്ടി നിലപാട്.

ഉപതിരെഞ്ഞെടുപ്പ് ; വെൽഫെയർ പാർട്ടി നിലപാട്.

വെൽഫെയർ പാർട്ടി.

മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം , പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ അജണ്ടകളും ജനദ്രോഹ നടപടികളും അതേ രീതിയിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം – ക്രൈസ്തവ മത ന്യൂനപക്ഷങ്ങൾക്കും ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഓരോ ദിവസവും വർദ്ധിക്കുന്നു. മണിപ്പൂരിലെ ക്രൈസ്തവ ഗോത്ര വിഭാഗങ്ങൾക്ക് നേരെയുള്ള വംശീയാക്രമണം മാസങ്ങളായി തുടരുകയാണ്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ബുൾഡോസ് ചെയ്യപ്പെടുകയാണ്. കൂടുതൽ ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പാസാക്കി എടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ബിജെപി. ശക്തമായ പ്രതിപക്ഷം രൂപപ്പെട്ടതു കൊണ്ടു മാത്രമാണ് ഇക്കാര്യത്തിൽ അവർ വേഗത കുറക്കുന്നത്. കർഷക വിരുദ്ധ നയങ്ങളും വിലക്കയറ്റം രൂക്ഷമാക്കുന്ന സാമ്പത്തിക നയങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. കോർപ്പറേറ്റ് ശക്തികൾക്ക് അനുകൂലമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമായി തന്നെ തുടരുകയാണ്. ജാതി സെൻസസ് പോലെ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഭരണനടപടികൾ നിഷേധിച്ചുകൊണ്ട് ഒ.ബി.സി – ദലിത് ജനവിഭാഗങ്ങളുടെ അടിസ്ഥാന അവകാശത്തെ നിരാകരിക്കുകയാണ്. സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങൾ തകർത്തുകൊണ്ടിരിക്കുന്നു. കേരളം പോലെ സംഘ്പരിവാറിന് രാഷ്ട്രീയാധികാരമില്ലാത്ത സംസ്ഥാനങ്ങളോട് കടുത്ത അവഗണനയും ശത്രുതാ സമീപനവും സ്വീകരിക്കുകയാണ്. വയനാട് ഉരുൾ പൊട്ടലിലെ ദുരന്ത ബാധിതരായ ജനങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ പ്രത്യേക പാക്കേജ് അനുവദിക്കാനോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര ബിജെപി സർക്കാരിൻ്റെ ഇത്തരം നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണം. സംസ്ഥാനത്ത് തുടർ ഭരണത്തിൽ ഏകാധിപത്യ പ്രവണതയും ധാർഷ്ട്യവും ഭരണ ധൂർത്തും സംഘ്പരിവാർ വിധേയ നിലപാടുകളുമാണ് ഇടതു സർക്കാർ നടപ്പാക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഉണ്ടായ വൻ തിരിച്ചടിയും സ്വന്തം ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും മറികടക്കാൻ തീവ്രമായ സാമൂഹിക ധ്രൂവീകരണ നീക്കമാണ് ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.ഐ(എം) കേരളത്തിൽ നടത്തുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോൾ സ്വീകരിക്കുന്നത്. കേരള പോലീസിനെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാനുള്ള സാഹചര്യം സംഘ്പരിവാറിന് സർക്കാർ സൃഷ്ടിച്ചു നൽകി. പോലീസിനെ ഉപയോഗിച്ചു തൃശൂർ പൂരം അലങ്കോലമാക്കി ബിജെപി തെരഞ്ഞെടുപ്പ് വിജയം നേടി. ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം കൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിച്ച് സംഘപരിവാർ പ്രീണന നയമാണ് സർക്കാർ തുടരുന്നത് .കേരളത്തിൻ്റെ സംഘപരിവാർ വിരുദ്ധ പ്രതിരോധത്തെ പിന്നിൽ നിന്ന് കുത്തി ദുർബലപ്പെടുത്താൻ ശ്രമിച്ച സർക്കാരിനെതിരെ ശക്തമായ താക്കീത് ഉയരേണ്ടതുണ്ട്. സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ മാസങ്ങളായി കുടിശികയാണ്. പൊതുവിതരണ കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. പൊതു മാർക്കറ്റിൽ വൻ വിലക്കയറ്റമാണ് നിലനിൽക്കുന്നത് ഇത് കുറക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തുന്നില്ല. വൈദ്യുതി ചാർജ്ജ്, വെള്ളക്കരം തുടങ്ങിയവയെല്ലാം അസാധരണമായ വിധത്തിൽ വർദ്ധിപ്പിച്ചു. കെട്ടിട പെർമിറ്റ് ഫീസ് പതിന്മടങ്ങ് വർദ്ധിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് നേരിയ തോതിൽ മാത്രമാണ് ഇതിൽ കുറവ് വരുത്തിയത്. മോശം സാമ്പത്തിക മാനേജ്മെൻ്റ് കാരണം വൻ കടക്കെണിയിലാണ് സംസ്ഥാനം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സർവീസ് ആനുകൂല്യങ്ങൾ പൂർണമായി നൽകാൻ സർക്കാർ തയ്യാറാകുന്നില്ല . ദളിത് വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ വെട്ടിച്ചുരുക്കുകയും നൽകാതിരിക്കുകയും ചെയ്യുന്നു. ജനകീയ രോഷത്തിന്റെ മുമ്പിൽ നിർത്തിവെച്ച കെ-റെയിൽ പദ്ധതി വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് ഏത് വിധേനയും നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾ ഉയർത്തുന്ന ന്യായമായ പ്രശ്നങ്ങളെ ജനാധിപത്യപരമായി അഭിമുഖീകരിക്കുവാനും അതിനു പരിഹാരം കണ്ടെത്തുവാനും ശ്രമിക്കുന്നതിനു പകരം ഏകപക്ഷീയമായ അടിച്ചമർത്തൽ നയങ്ങളാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രകടിപ്പിച്ച അധികാര പ്രമത്തത ഒരു മനുഷ്യൻ്റെ ജീവൻ എടുക്കുന്നതിന് വരെ കാരണമായി തീർന്നു. ഇത്തരത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങളുടെ ശക്തമായ തിരിച്ചടി ഉപ തെരെഞ്ഞെടുപ്പിലുണ്ടാകണം. ഒരു കാരണവശാലും ബിജെപി വിജയിക്കാൻ പാടില്ല. ഈ സാഹചര്യത്തിൽ വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട് , ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്ക് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും. ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരോട് വെൽഫെയർ പാർട്ടി അഭ്യർത്ഥിക്കുന്നു. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത്. റസാഖ് പാലേരി ( സംസ്ഥാന പ്രസിഡൻ്റ് ) കെ. എ. ഷഫീഖ് ( സംസ്ഥാന വൈസ് പ്രസിഡന്റ് ) മുനീബ് കാരക്കുന്ന് ( ജില്ലാ ട്രഷറർ, മലപ്പുറം ) ഇബ്രാഹിംകുട്ടി മംഗലം ( ജില്ലാ സെക്രട്ടറി ) ആരിഫ് ചുണ്ടയിൽ ( ജില്ലാ സെക്രട്ടറി ) 2024 നവംബർ 5, മലപ്പുറം പ്രസ്സ് ക്ലബ് പ്രസിദ്ധീകരണത്തിന് ഫായിസ് എ.ആർ സംസ്ഥാന മീഡിയ കോർഡിനേറ്റർ 7559060201.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments