സെക്കോമീഡിയപ്ലസ്.
ദോഹ. ജീവിതത്തിന്റെ ഗണ്യമായ സമയം ചിലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് , എന്‍.വി.ബി.എസ്, നീരജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും, മാനസികമായ പ്രയാസമനുഭവിക്കുന്നവര്‍ സമയോചിതമായ ചികില്‍സയോ കൗണ്‍സിലിംഗോ സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ലെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു. തളരുന്ന മനസിന് താങ്ങാകുന്ന സാമൂഹിക വ്യവസ്ഥിതിയും സൗഹൃദ കൂട്ടായ്മകളും വളര്‍ന്നുവരണമെന്നും ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധത വളരെ പ്രധാനമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.
എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ രംഗത്തെ അമിത പ്രാധാന്യം കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടുകളുണ്ടാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു.
വിദ്യാഭ്യാസ സമ്പ്രദായവും സമൂഹവും കുട്ടികളെ സമ്മര്‍ദ്ധത്തിലാക്കരുതെന്നും മാനസികാരോഗ്യവും ക്ഷേമവും പരിഗണിക്കുന്ന സമീപനമാണ് ആവശ്യമെന്നും നീരജ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുകയെന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിന പ്രമേയം.
കൗണ്‍സിലറായ ജിഷ എ ജി, സോഫ്റ്റ് സ്‌കില്‍ ട്രെയിനറായ നിമ്മി മിഥുലാജ് എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു. സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനാകുമെന്ന് അവര്‍ പറഞ്ഞു.
എന്‍.വി.ബി.എസ് കോഫൗണ്ടറും സിഇഒ യുമായ ബേനസീര്‍ മനോജ് അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍, നസീം ഹെല്‍ത്ത് കെയര്‍ കോര്‍പറേറ്റ് റിലേഷന്‍സ് സീനിയര്‍ അസോസിയേറ്റ് അഷ്‌റഫ് പി , ഖത്തര്‍ ടെക് മാനേജിംഗ് ഡയരക്ടര്‍ ജെബി കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു.