ആരിഫ് ചുണ്ടയിൽ.
പ്രിയ സുഹൃത്ത് ഷെഫീക്ക് യാത്രയായി.
സുജിത് ദാസിന്റെ കാലത്ത് വ്യാജ MDMA കേസിൽ കുടുക്കിയ ആളായിരുന്നു ഹൃദയാഘാതം മൂലം മരണപ്പെട്ട ഷഫീഖ്.
പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം, ഇത്തരം കേസുകൾ പഠിക്കുന്നതിനായി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്നും, ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലവും ചേർന്ന് ഷഫീക്കിനെ വീട്ടിൽ സന്ദർശിച്ചിരുന്നു.
ഹൃദ്യമായ സംസാരമായിരുന്നു ഷഫീഖിന്റെത്.
MDMA കേസുമായി ബന്ധപ്പെട്ട ദുരിതങ്ങളും ദുരന്തങ്ങളും വിശദമായി സംസാരിച്ചു.
യാത്ര ചെയ്ത കാറിൽ നിന്നു പിടിച്ചെടുത്ത സുഗന്ധദ്രവ്യം എം.ഡി.എം.എ ആണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അല്ലെന്ന് പരിശോധനാ റിപ്പോർട്ട് വന്നപ്പോഴേക്കും 88 ദിവസവും പലരുടെയും ജീവിതവും ഇല്ലാതാക്കിയിരുന്നു.
മേലാറ്റൂർ മണിയാണീരിക്കടവ് പാലത്തിനു സമീപത്തുവെച്ചാണ് വാഹന പരിശോധനയ്ക്കിടെ പോലിസ് ഇവരെ പിടികൂടിയത്. കാറിൽ വെച്ചിരിക്കുന്ന സുഗന്ധദ്രവമാണെന്ന് പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ല.
അതിക്രൂരമായ പീഡനങ്ങൾ അവർ ഏറ്റുവാങ്ങി. ഗുഹ്യസ്ഥാനങ്ങളിൽ വരെ മുളക് പുരട്ടി, തലകീഴായി കെട്ടിത്തൂക്കി, വാതിലിനിടയിൽ വിരലുകൾ വെച്ചു അടക്കുന്നത് അടക്കമുള്ള ക്രൂരകൃത്യങ്ങൾ അവർ ഏറ്റുവാങ്ങി എന്ന് ഷഫീഖ് പറഞ്ഞു.
“നിന്റെ പേര് മതി നിനക്കെതിരെ കേസെടുക്കാൻ,” എന്ന് പോലീസ് പറയുന്നുണ്ടെന്നും ഷഫീഖ് പറഞ്ഞു.
ഷഫീഖിന് നഷ്ടം കുറച്ചൊന്നുമല്ല. കെ.എസ്.ഇ.ബി. കരാർ തൊഴിലാളിയായ ഷഫീഖ്, എടുത്തുകൊണ്ടിരുന്ന കരാർ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ചെയ്ത പ്രവൃത്തിക്കുള്ള ബില്ലുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.
വിദേശത്തുനിന്ന് ലീവിന് വന്ന മറ്റൊരാൾക്ക് തിരിച്ചുപോകാൻ 10 ദിവസം മാത്രം ബാക്കി. ആ ജോലി നഷ്ടപ്പെട്ടു.
മറ്റൊരാൾക്ക് വിദേശത്തെ ജോലി മാത്രമല്ല നഷ്ടമായത്; ഭാര്യ തെറ്റിദ്ധരിച്ച് ഉപേക്ഷിച്ചുപോയി.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മറ്റൊരാൾക്ക് കൂലിവേലയായിരുന്നു. മൂന്ന് മാസത്തോളം ജയിൽവാസം കൂടുതൽ കടബാധ്യതകൾ സൃഷ്ടിച്ചു.
ഈ ദുരിതങ്ങൾക്കപ്പുറം എം.ഡി.എം.എ.യുടെ മൊത്തവിൽപനക്കാരനാണെന്ന കുപ്രസിദ്ധിയുമുണ്ടെന്ന് അവർ പറയുന്നു.
ഷെഫീക്കിന്റെ വാഹനത്തിൽ നിന്ന് കിട്ടിയ സുഗന്ധ ദ്രവ്യത്തിന്റെ എം.ഡി.എം.എ. പരിശോധന ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ല, അതിനുള്ള വിവരാവകാശത്തെക്കുറിച്ചും, ഉണ്ടായ ദുരിതത്തിനും മാനഹാനിക്കും പകരമാവില്ലെങ്കിലും മനുഷ്യാവകാശ കമ്മിഷനിൽ പരാതി കൊടുക്കുന്നതിനെക്കുറിച്ചും, നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു.
കുടുംബത്തെയും നാട്ടുകാരെയും സഹകരിച്ച് ഇത്തരം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
ആരും നേരിടാൻ പാടില്ലാത്ത മാനസികവും ശാരീരികവുമായ സമ്മർദ്ദം ഷഫീഖിനെ 38ആം വയസ്സിൽ ദുരന്തത്തിലേക്ക് നയിച്ചതിന് കാരണമായേക്കാം.
മലപ്പുറം ജില്ലയിൽ സുജിത് ദാസിന്റെ കാലത്ത് അന്യായമായി അധികാര ദുരുപയോഗത്തിനും ക്രൂരതയ്ക്കും വിധേയരായവരുടെ എണ്ണം വർധിച്ചുവെന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ഇത്തരം കേസുകളിൽ നിരവധി പേരുടെ ജീവിതങ്ങൾ തകർക്കപ്പെട്ടു.
അതുകൊണ്ടുതന്നെ പാർട്ടി ആ കാലത്തെ മുഴുവൻ കേസുകളും പുനർ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്. സമഗ്രമായ ജുഡീഷ്യൽ അന്വേഷണം തന്നെ നടക്കണം.
ഈ ആവശ്യങ്ങൾ ഉയർത്തി ശക്തമായ, അർത്ഥവത്തായ സമരം നടത്തേണ്ട ബാധ്യത നമുക്ക് ഒരോരുത്തർക്കുമുണ്ട്.