സജു വർഗീസ്.
കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിക്കൂർ എം. എൽ.എ അഡ്വ. സജീവ് ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഇ. പി ഷംസുദ്ദീൻ എന്നിവരടക്കം, നിരവധി മുസ്ലിം ലീഗ് നേതാക്കളും,
സിപിഐയുടെ യുവജന സംഘടനയായ
എ. ഐ. വൈ. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി രജീഷ്, ജില്ലാ സെക്രട്ടറി കെ. വി സാഗർ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി പ്രശോഭ്,
ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ. പി പ്രശാന്ത്, കെ. പി രമേശൻ, ഗൾഫിലെ പ്രമുഖ റേഡിയോ ബ്രോഡ്കാസ്റ്ററൂം കലാകാരനുമായ കെ. പി. കെ വേങ്ങര എന്നിവരും സത്യാഗ്രഹ പന്തലിൽ എത്തി രാജീവ് ജോസഫിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരപോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അഡ്വ. സജീവ് ജോസഫ് വ്യക്തമാക്കി.
സമരവേദിയിൽ നിന്നും രാജീവ് ജോസഫിനെ അറസ്റ്റ് ചെയ്ത് മാറ്റിയാൽ, ഈ സത്യാഗ്രഹ സമരം പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ മുസ്ലിം ലീഗിന്റെ ആയിരക്കണക്കിന് പ്രവർത്തകർ സത്യാഗ്രഹത്തിൽ അണിനിറക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പ്രഖ്യാപിച്ചു.