ജോൺസൺ ചെറിയൻ.
ബിജെപിയിൽ നിന്നുമകന്ന സർക്കാർ ജീവനക്കാരെ ആകർഷിക്കാൻ പുതിയ തന്ത്രങ്ങളുമായി സർക്കാർ. 2024 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2019 നെ അപേക്ഷിച്ച് ബിജെപിക്ക് ലഭിച്ച പോസ്റ്റൽ വോട്ടുകളിൽ ഗണ്യമായ കുറവാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ഏകീകൃത പെൻഷൻ പദ്ധതിയെന്ന പുതിയ സ്കീം കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർ പ്രതിപക്ഷ അനുകൂല നിലപാടെടുത്തെന്ന ബിജെപി വിലയിരുത്തലിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചത്. ഇത് പ്രകാരം അവസാന 12 മാസം ലഭിച്ച അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം ജീവനക്കാർക്ക് പെൻഷനായി അനുവദിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. പ്രധാനമായും പോസ്റ്റൽ വോട്ടുകൾ ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ രോഷം ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് ബിജെപി സർക്കാരിൻ്റെ കണക്കുകൂട്ടൽ.