വെൽഫെറെ പാർട്ടി മലപ്പുറം .
മലപ്പുറം : സ്ത്രീവിരുദ്ധവും സിനിമാ രംഗത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിന് വിധേയപ്പെട്ടുമുള്ള നടപടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഇടതു സർക്കാർ തുടർന്നു വരുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം വേങ്ങരയിൽ ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗികാതിക്രമ കേസുകൾ ചാർജ് ചെയ്യാൻ ഇരയുടെ പരാതി ആവശ്യമില്ലെന്നിരിക്കെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ നൽകപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ തന്നെ അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കാവുന്നതാണ്. ഇരകളായവർ വീണ്ടും വന്ന് അന്വേഷണ കമ്മീഷനു മൊഴി കൊടുക്കണമെന്ന് പറയുന്നത് സ്ത്രീത്വത്തിന് നേരെയുള്ള അവഹേളനമാണ്. വ്യക്തമായ മേധാവിത്വശ്രേണി നില നിൽക്കുന്ന സിനിമ മേഖലയിൽ ഇനിയും മൊഴി നൽകാൻ നിർബന്ധിക്കുന്നതും പരാതിയുണ്ടെങ്കിലേ കേസെടുക്കുകയുള്ളൂ എന്ന സർക്കാർ സമീപനവും ഇരകളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഹേമ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയ പവർ ഗ്രൂപ്പിന് അവസരമൊരുക്കാൻ വേണ്ടിയാണ്.
4 വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ചത് തന്നെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. ചലച്ചിത്ര അക്കാഡമി ചെയർമാൻ്റെയോ അമ്മയുടെ ഭാരവാഹികളുടെയോ രാജിയിൽ പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയല്ല വേണ്ടത്. ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ നൽകിയ മൊഴികളുടെയും വിവിധ മാധ്യമങ്ങളിലൂടെ സിനിമ പ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിപാടിയിൽസംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ശഫീഖ്, സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. സഫീർ ഷാ, എസ്. മുജീബ് റഹ്മാൻ, കെ കെ അഷറഫ് എന്നിവർ സംസാരിച്ചു.
കില ഫാക്കൽറ്റി ഷാജി കോട്ടയം, റിയാസ് ഖാലിദ്, ഫയാസ് ഹബീബ്, സിപി ഹബീബ് റഹ് മാൻ, മുഖിമുദീൻ സി.എച്ച്, കെ.സി അൻവർ വ്യത്യസ്ത സെഷനുകളിലായി ട്രെയിനിങ്ങുകൾക്ക് നേതൃത്വം നൽകി.