റസാഖ് പാലേരി.
കൊണ്ടോട്ടി : വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു എന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലംതല പ്രവർത്തന കൺവെൻഷൻ കൊണ്ടോട്ടി മണ്ഡലത്തിലെ ഹെവൻസ് ഓഡിറ്റോറിയം – മുണ്ടുമുഴിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഫിർ സ്‌ക്രീൻഷോട്ട് വിവാദം വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിഷയമായിരുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ ഭീകരമായ വർഗീയ ചർച്ചകൾക്ക് അത് വിവാദം വഴി വെച്ചു.
സ്‌ക്രീൻഷോട്ട് പ്രചാരണങ്ങൾക്ക് പിറകിൽ ഇടതുപക്ഷ നേതാക്കളും പ്രൊഫൈലുകളുമാണെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്.
താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ബി ജെ പി മോഡൽ വർഗീയ ധ്രുവീകരണം കേരളത്തിൽ നടത്തരുത് എന്നത് ഇടതുപക്ഷത്തോട് കഴിഞ്ഞ കുറച്ചു കാലങ്ങളായി നാമൊക്കെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ഒരുപക്ഷെ, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിൽ സി പി എം പ്രയോഗിച്ച അമീർ – ഹസൻ – കുഞ്ഞാലിക്കുട്ടി പ്രയോഗത്തിലൂടെയും മുസ്‌ലിം വിരുദ്ധ അന്തരീക്ഷ നിർമിതിയിലൂടെയും താത്കാലികമായ ചില തെരഞ്ഞെടുപ്പ് നേട്ടങ്ങൾ അവർക്ക് ഉണ്ടായിരിക്കാം. അത് കൊണ്ടാവണം മുസ്‌ലിം സമൂഹത്തെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് ഹിന്ദു വോട്ടുകളുടെ സമാഹരണം നടത്താം എന്ന അപകടകരമായ രാഷ്ട്രീയ ലൈൻ തുടരാൻ അവർ തീരുമാനിച്ചത്. പക്ഷെ, ഈ വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം അവർക്ക് ഇല്ലാതെ പോകുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു – മുസ്‌ലിം ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാൻ വർഷങ്ങളായി പ്രയത്നിക്കുന്ന ബി ജെ പി ക്ക് ചൂട്ട് കത്തിച്ചു കൊടുക്കുന്ന ഏർപ്പാടാണ് യഥാർത്ഥത്തിൽ വടകരയിൽ സി പി എം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ സി പി എമ്മിന്റെ പരമ്പരാഗത വോട്ടുകൾ എവിടേക്കാണ് ഒലിച്ചു പോയതെന്നും അതെന്ത് കൊണ്ടാണ് സംഭവിച്ചതെന്നും സി പി എം മനസ്സിലാക്കുന്നത് നല്ലതാണെന്നും റസാഖ് പാലേരി പറഞ്ഞു.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം പ്രസിഡണ്ട് റഷീദ് എൻ കെ, സമദ് ഒളവട്ടൂർ,
മുൻസിപ്പൽ കൗൺസിലർ ത്വാഹിറാ ഹമീദ്, ജമീല ടീച്ചർ, നാജിയ പി പി, ഹമീദ് മാസ്റ്റർ, അൻഷദ് കെ, യഹയ മുണ്ടപ്പലം, ലത്തീഫ് മുണ്ടുമുഴി എന്നിവർ സംസാരിച്ചു.