ജോൺസൺ ചെറിയാൻ.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന് മേൽ ഹമാസ് ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു സന്തോഷം പ്രകടിപ്പിക്കുന്ന, ആ സന്തോഷത്തിൽ സഹപ്രവർത്തകർക്കൊപ്പം നിസ്കരിക്കുന്ന ഹമാസ് തലവൻ ഇസ്മയിൽ ഹനിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒക്ടോബറിൽ തുടങ്ങിയ രക്തച്ചൊരിച്ചിലിൻ്റെ ബാക്കിപത്രമായാണ് ഇസ്മയിൽ ഹനിയ കഴിഞ്ഞദിവസം ഇറാനിൽവെച്ചു കൊല്ലപ്പെട്ടതും. ഗസയിലെ അഭയാർഥിക്യാമ്പിൽ പിറന്നുവീണതുമുതൽ 62-ാം വയസ്സിൽ കൊല്ലപ്പെടുന്നതുവരെ സ്വാതന്ത്യ്രത്തിനുവേണ്ടി പൊരുതിയ ചരിത്രമാണ് ഹനിയയുടേത്. പോരാട്ടത്തിനിടെ ഉറ്റവരും ഉടയവരും ക്രൂരമായി കൊല്ലപ്പെട്ടു. ഏതുനിമിഷവും കൊല്ലപ്പെടാമെന്ന ബോധ്യവും ഉണ്ടായിരുന്നു. എന്നിട്ടും പലസ്തീനുവേണ്ടി ഹനിയ പോരാടി. തീവ്രവാദികളെന്ന് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങൾ മുദ്രകുത്തിയിട്ടും ഹമാസിനൊപ്പം തന്നെ നിലകൊണ്ടു.