സുധി .
ഇന്നീ വ്രണങ്ങളിലനാദിയാം ജന്മപാപത്തിൻ
തീത്തൈലമിറ്റിച്ചു ഞാനേകനായ് നിൽപ്പൂ..
കലിയിഴഞ്ഞെൻ ജന്മചിന്തയിൽ പിണയുന്നു
പകലിരവുകൾ ചുമക്കുന്നു കർമ്മപാപങ്ങളും
ഇടയിലെൻ നൊന്തുരുകുന്ന കൂട്ടുപോ-
ലിടറുന്ന ബാല്യമോ തെളിയുന്നോർമ്മയിൽ..
പൊന്നുണ്ണിയ്ക്കു നല്കുവാനുണ്ടോ നറുംചിരി
പൈമ്പാലു നല്കുവാനുണ്ടോ മുരുടകൾ
കണ്ണീരുറഞ്ഞൊരീ മുത്ത് തലച്ചോറി-
നുള്ളിലോളം കാർന്നടുക്കുന്നൊരർബുദം
എന്തെനിക്കേകുവാൻ പൂജ്യനാം നിൻ കണ്ണിലെ-
യുന്നം പിഴയ്ക്കാത്ത വാത്സല്യമല്ലാതെ
കത്തിനീറുന്നൊരീ വാഗസ്ത്രവേഗങ്ങൾ
കൊത്തിയറുത്തെന്റെ ശൈശവചിന്തകൾ
പൈമ്പാലരിമാവു കാച്ചിയ വെള്ളമാം
പഴഞ്ചോറരഞ്ഞ തലച്ചോറു മാത്രമാം
താരാട്ടുപാട്ടുകൾ കോർത്തുപൊരിയ്ക്കുമെൻ
നോവിന്നുരിഞ്ഞ പുറംതൊലി മാത്രമാം
രാജപുത്രർക്കു ചൂഴ്ന്നെടുത്തീടുവാൻ
ജാരപുത്രർക്കു മിഴികളനേകമാം
ചോരകുടിയ്ക്കാൻ രണങ്ങളനേകമാം
ചാരമൂട്ടാൻ പിളർവായ്കളനേകമാം
ഉന്മാദവേഗത്തിലുറയുന്നു വാക്കുകൾ
ഉന്നിദ്രമാകുന്നു ബ്രഹ്മാസ്ത്രരാശികൾ
അറ്റുപോമച്ഛന്റെ തൊണ്ടയിലിപ്പോഴും
ചോരയോ ചാരമോ കോരി നിറയ്പ്പു ഞാൻ
അച്ഛനെന്റേതോ … അപരരാമുണ്ണികൾ-
തട്ടിക്കളിയ്ക്കും കളിപ്പന്തു മാത്രമോ
അസ്ത്രശസ്ത്രാദികളഭ്യസിച്ചന്തരേ –
നെഞ്ചം തുളച്ചേ പെരുവിരൽ ദക്ഷിണ
പല്ലറ്റ പൈക്കളായെത്തുന്നു ദക്ഷിണ
അറ്റുപോം സ്വപ്നമായെത്തുന്നു ദക്ഷിണ
കുരലറുത്തത്രേ കുയിലിന്നു ദക്ഷിണ
നാവറുത്തത്രേ സ്വരങ്ങൾക്കു ദക്ഷിണ
വേരുടച്ചല്ലോ തരുവിന്നു ദക്ഷിണ
നേരുടച്ചല്ലോ വിധിന്യായ ദക്ഷിണ
അച്ഛനർഥിച്ചൂ പെരുവിരൽ, പുത്രന്റെ-
ശസ്ത്രമർഥിച്ചതോ തായ് വേരുരുക്കുവാൻ
ഉഗ്രം പ്രതികാരവാഞ്ജതൻ ദുർമുഖം
പാമ്പായ് വരിഞ്ഞുവളഞ്ഞു കൊത്തീദൃഢം
നിദ്രയിലെന്നെപ്പഠിപ്പിച്ച വിദ്യയോ
നിത്യശാപത്തിന്റെയുച്ചിഷ്ടപാത് രമായ്
ദ്രോണരെക്കൊയ്തു തീർക്കുന്നൂ പുതുരണം
തച്ചനെ ക്കീറിയൊരുക്കുന്നു മച്ചുകൾ
ജീവൻപിളർന്നെടുത്തോടുന്നു തേരുകൾ
പാപംകുടിച്ചേ പുളിയ്ക്കുന്നു നേരുകൾ
മക്കളടിച്ചിറക്കുന്നർദ്ധനഗ്നരാം
ശുഷ്കദുഃഖങ്ങളെ വീഥിയിൽ നിത്യവും
തലയോടുകീറിപ്പുറത്തുചാടും ക്രൂര-
ഫണിയായിവരിയുന്ന ശാപാമ്ളപീഡകൾ
പുതിയ ശിബിരങ്ങളിൽ വേവുന്നു പൈതങ്ങൾ
പുതിയ ശാപങ്ങളായ് കുറുകുന്നുലഹളകൾ
പുലരിയിൽ പൂക്കുന്നു പുതിയ രണമുദ്രകൾ
പുണ്ണുകൾക്കുള്ളിൽ തുരന്നുപോം നേരുകൾ
അടിവയ്ക്കുവാനറ്റ കാൽപാദമിപ്പൊഴും
അടരിൽ ജയിക്കുവാനാത്മഹ്രദങ്ങളും
അലയുന്നു ഞാനെന്റെ കലിയും വ്രണങ്ങളും
അഴുകുന്നു ഞാനെന്റെ കുലവും കടങ്ങളും
—————————-