Wednesday, December 4, 2024
HomeAmericaമലയാളം പ്രാര്‍ത്ഥനയോടെ സെനറ്റ് യോഗം ന്യൂയോര്‍ക്കില്‍ മലയാളി പൈതൃകാഘോഷം ഹൃദയഹാരിയായി.

മലയാളം പ്രാര്‍ത്ഥനയോടെ സെനറ്റ് യോഗം ന്യൂയോര്‍ക്കില്‍ മലയാളി പൈതൃകാഘോഷം ഹൃദയഹാരിയായി.

ജോയിച്ചന്‍ പുതുക്കുളം.

ആല്‍ബനി, ന്യൂയോര്‍ക്ക്: സെനറ്റര്‍ കെവിന്‍ തോമസിന്റെ നേതൃത്വത്തില്‍ മലയാളി പൈതൃകാഘോഷം ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലെജിസ്ലേച്ചറില്‍ അരങ്ങേറിയത് അത്യന്തം ഹൃദയഹാരിയായി.

സെനറ്റ് സെഷന് തുടക്കംകുറിച്ച് മാര്‍ത്തോമാ സഭാ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മലയാളത്തിലും തുടര്‍ന്ന് ഇംഗ്ലീഷിലും പ്രാര്‍ത്ഥന ചൊല്ലി. ‘നിത്യനായ ദൈവമേ, സ്വര്‍ഗ്ഗസ്ഥ പിതാവേ, ഇന്നു ഞങ്ങള്‍ അങ്ങേ തിരുസന്നിധിയിലേക്ക് കടന്നു വരുന്നു.

അവിടുത്തെ സൃഷ്ടിയായ ഈ ഭൂമിക്കായും ഈ രാജ്യത്തിനായും ന്യൂയോര്‍ക്ക് സ്റ്റേറ്റിനായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ ജീവിക്കുന്ന സകലത്തിനേയും അങ്ങില്‍ അര്‍പ്പിക്കുന്നു. മലയാളി പൈതൃകം ആഘോഷിക്കുമ്പോള്‍ കേരള സംസ്ഥാനത്തിനായും അവിടെ നിന്ന് ഈ രാജ്യത്ത് വന്ന് താമസിക്കുന്നവര്‍ക്കായും സകല മനുഷ്യര്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

രാജ്യത്തെ വൈവിധ്യത്തിനായും സമാധാനത്തിനായും പ്രാത്ഥിക്കുന്നു. ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കുമായി അങ്ങേയ്ക്ക് സ്‌തോത്രം ചെയ്യുന്നു. എല്ലാ  ജ്ഞാനത്തിന്റേയും ഉറവിടമായ ദൈവമേ, ഭരണകര്‍ത്താക്കള്‍ക്കും നേതാക്കള്‍ക്കും ജ്ഞാനവും വിവേകവും നല്‍കണമേ. മഹത്വവും പുകഴ്ചയും അങ്ങേയ്ക്ക് മാത്രം’.

ഈ വേദിയില്‍ വരാന്‍ കഴിഞ്ഞതില്‍ അദ്ദേഹം നന്ദി പറഞ്ഞു. അതിനു വഴിയൊരുക്കിയ സെനറ്റര്‍ കെവിന്‍ തോമസിനും  നന്ദിപറഞ്ഞു.

തുടര്‍ന്ന് പൈതൃകാഘോഷങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം സെനറ്റര്‍ കെവിന്‍ തോമസ് അവതരിപ്പിച്ചത് സെനറ്റ് പാസാക്കി. സെനറ്റര്‍മാരായ ഷെല്ലി മേയര്‍, ജോണ്‍ ലൂ തുടങ്ങിയവരും മലയാളി സമൂഹത്തെ പ്രശംസിക്കുകയും പ്രമേയത്തെ അംഗീകരിച്ച് സംസാരിക്കുകയും ചെയ്തു. ഏകകണ്ഠമായി പാസായ പ്രമേയം പിന്നീട് അസംബ്ലിയില്‍ അസംബ്ലിമാന്‍ കെന്‍ സെബ്രോസ്‌കി , ജെന്നിഫര്‍ രാജ് കുമാർ  എന്നിവരുടെ നേതൃത്വത്തില്‍ അവതിരിപ്പിച്ച് പാസാക്കി.

കേരളത്തിന്റെ ലഘു ചരിത്രം കെവിന്‍ തോമസ് ചൂണ്ടിക്കാട്ടി. പോര്‍ച്ചുഗീസുകാരും പിന്നീട് ബ്രിട്ടീഷുകാരും വന്നതും മറ്റും അദ്ദേഹം അനുസ്മരിച്ചു. കായലും നദികളും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ സൗന്ദര്യവും അദ്ദേഹം എടുത്തുകാട്ടി. കേരളത്തില്‍ നിന്നു വന്നവര്‍ അമേരിക്കയില്‍ വിവിധ രംഗങ്ങളില്‍ നടത്തുന്ന സേവനങ്ങളും ഈ രാജ്യത്തിനു ചെയ്യുന്ന സംഭാവനകളും അദ്ദേഹം വിവരിച്ചു .

നേരത്തെ പ്രത്യേക വേദിയില്‍ പൈതൃകാഘോഷം നടന്നു. മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ആമുഖ പ്രസംഗം നടത്തുകയും ഭക്ഷണം ആശീര്‍വദിക്കുകയും ചെയ്തു.

സേവന-സംഘടനാ രംഗത്തു ശ്രദ്ധേയരായ  അജിത് കൊച്ചുസ്, ബിജു ചാക്കോ എന്നിവരായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. നാസാ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ ഡയറക്ടർ കൂടിയാണ് അജിത് കൊച്ചൂസ്.

ആറു വര്‍ഷത്തിനുശേഷം സെനറ്റര്‍ കെവിന്‍ തോമസ് വിരമിക്കുകയാണെന്നതില്‍ ഏവരും ഖേദം പ്രകടിപ്പിച്ചു. മറ്റൊരു ഉയര്‍ന്ന തസ്തികയില്‍ അദ്ദേഹം എത്തുമെങ്കിലും മലയാളി സമൂഹത്തിന് ഒരു സെനറ്റര്‍ ഇല്ലാതാവുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇനി ഒരു മലയാളി അടുത്ത കാലത്തൊന്നും സെനറ്ററാകാനുള്ള സാധ്യതയും കാണുന്നില്ലെന്നതും സമൂഹത്തെയാകെ അലട്ടുന്നു. ഇത്തരമൊരു ആഘോഷം ഒരു മലയാളി സെനറ്ററുടെ കീഴിൽ ഉടനെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.  എന്തായാലും രാഷ്ട്രീയ രംഗത്ത് നാം കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് സമ്മേളനം നല്‍കിയത്.

വൈദികർ, റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന നേതാവ് ലീല  മാരേട്ട്, ഫോമ നേതാവ് പി.ടി. തോമസ്,  ഷൈമി ജേക്കബ്, ക്വീന്‍സില്‍ രാഷ്ട്രീയ രംഗത്ത് സജീവമായ കോശി തോമസ്,  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ ഓഫ് നോർത്ത് അമേരിക്ക (ഫിയക്കൊന)  പ്രസിഡന്റ്  കോശി ജോർജ് തുടങ്ങി ഒട്ടേറെ പേർ  പങ്കെടുത്തു.

ചടങ്ങുകള്‍ ഭംഗിയാക്കിയ സെനറ്ററുടെ ഓഫീസിലെ സ്റ്റാഫ് ഡോണക്കും അജിത്ത് കൊച്ചുസിനും ഏവരും പ്രത്യേകം നന്ദി പറഞ്ഞു.

ലെജിസ്ലേച്ചര്‍ ബില്‍ഡിംഗ് ടൂറും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments